രാജ്യാന്തര വാഹന പ്രദര്‍ശനത്തിന് ഉജ്വല തുടക്കം

Posted on: November 6, 2013 10:05 pm | Last updated: November 6, 2013 at 10:05 pm

ദുബൈ: ദുബൈ രാജ്യാന്തര വാഹന പ്രദര്‍ശനത്തിന് ഉജ്വല തുടക്കം. ലോകത്തിലെ വില കൂടിയതും കുറഞ്ഞതും ഭീമാകൃതിയിലുള്ളതും ചെറുവലുപ്പത്തിലുള്ളതും ആഡംബരപൂര്‍ണവുമായ നിരവധി വാഹനങ്ങള്‍ പ്രദര്‍ശനത്തിന് എത്തി.
ഒമ്പതുവരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ്. ഒരാള്‍ക്ക് 55 ദിര്‍ഹമാണ് പ്രവേശന ഫീസ്. 65,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 600 ലേറെ വാഹനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ബെന്‍ട്‌ലി, ആസ്റ്റോണ്‍ മാര്‍ട്ടിന്‍, മെഴ്‌സിഡസ്, ലംബോര്‍ഗിനി, ജാഗ്വാര്‍ തുടങ്ങി നിരവധി കമ്പനികള്‍ ഏറ്റവും നവീന വാഹനങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചു. ദുബൈ പോലീസില്‍ പട്രോളിംഗിനായി നാല് ആഡംബര കാറുകള്‍ ഇടംപിടിച്ചുവെന്ന് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനസ് അല്‍ മത്‌റൂശി പറഞ്ഞു.
17 പുതിയ കാറുകളുടെ ആഗോള ഉദ്ഘാടനം ദുബൈ വാഹന പ്രദര്‍ശനത്തില്‍ നടന്നു. മേഖലയില്‍ ആദ്യമായി എത്തിയ 76 വാഹനങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഇന്ന് മുതല്‍ രാവിലെ 11ന് പ്രദര്‍ശനം തുടങ്ങും. രാത്രി 11 വരെ നീണ്ടുനില്‍ക്കും.