Connect with us

National

പാക് പ്രകോപനം തുടര്‍ന്നാല്‍ കേന്ദ്രം മറ്റ് വഴി ആരായണം: ഉമര്‍ അബ്ദുല്ല

Published

|

Last Updated

ശ്രീനഗര്‍: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ കേന്ദ്രം മറ്റ് വഴികള്‍ ആരായണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. “ഇതൊരു ഏകപക്ഷീയ കാര്യമാകരുത്. യാതൊരു മറുപടിയും നല്‍കാതെ എല്ലാം സ്വീകരിക്കുന്നവരായി മാത്രം നാം മാറരുത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു പ്രധാനമന്ത്രിമാരും ന്യൂയോര്‍ക്കില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയുടെ ആശങ്കകള്‍ വളരെ വ്യക്തമായി മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ചിരുന്നു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സമാധാനം കൊണ്ടുവരാന്‍ ഇരു രാജ്യങ്ങളിലെയും സൈനിക നടപടിക്കുള്ള ഡയറക്ടര്‍ ജനറല്‍മാര്‍ (ഡി ജി എം ഒ) ചേര്‍ന്നിരുന്ന് മെച്ചപ്പെട്ട സംവിധാനം ഒരുക്കണം. ആ സാധ്യതയും പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിക്കേണ്ടതുണ്ട്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ആവശ്യത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഒരു തരത്തിലുമുള്ള വിദേശ ഇടപെടലും ഇന്ത്യ സ്വീകരിക്കില്ലെന്ന് അനുഭവങ്ങളിലൂടെ ശരീഫിന് നല്ല ബോധ്യമുണ്ട്. മധ്യസ്ഥതയുടെ രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോയുള്ള മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ല. ഇത് നേരത്തേ തന്നെ ഇരു രാഷ്ട്രങ്ങളും അംഗീകരിച്ചതുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒപ്പിട്ട താഷ്‌കന്റ് കരാര്‍ പാക്കിസ്ഥാന്‍ മറക്കരുതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു.
രാവിലെ പോലീസ് രക്തസാക്ഷിത്വ ദിനാചരണത്തില്‍ സംസാരിക്കവെ, പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ ഇന്ത്യ മറ്റ് സാധ്യത ആരായുമെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു. വാക്കുകള്‍ കൊണ്ട് മാത്രമുള്ള പ്രതികരണമായിരിക്കില്ല അത്. അതിര്‍ത്തിയിലെ തങ്ങളുടെ ജനതയെ ലക്ഷ്യം വെച്ചാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് നന്നായി അറിയാം. ഉമര്‍ അബ്ദുല്ല പറഞ്ഞു.

Latest