Connect with us

International

ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി: സിറിയ

Published

|

Last Updated

ദമസ്‌കസ്: രാജ്യത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമണം നടത്തിയാല്‍ ശക്തമായി നേരിടുമെന്നും അതിന് തങ്ങളുടെ പ്രതിരോധ സംവിധാനം സദാ സജ്ജമാണെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലിം. രാസായുധ ആക്രമണം നടത്തിയെന്ന് ആരോപിച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി മുഅല്ലിം രംഗത്തെത്തിയത്. “നിലവിലെ സാഹചര്യത്തില്‍ സിറിയക്ക് രണ്ട് സാധ്യതകളേ ഉള്ളു. ഒന്നെങ്കില്‍ അടിയറവ് പറയുക, അല്ലെങ്കില്‍ ധീരമായി നേരിടുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കലാണ് ഉത്തമമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ധീരമായ പ്രതിരോധം.” മുഅല്ലിം പറഞ്ഞു. രാസായുധ പ്രയോഗം നടത്തിയെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്നും യു എന്നിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് അവര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദമസ്‌കസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാസായുധം പ്രയോഗിച്ചത് വിമതരാണെന്നും സിറിയക്കെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പ്രസിഡന്റ് തുറന്നടിച്ചതിന് പിന്നാലെയാണ് വിദേശാകാര്യ മന്ത്രിയുടെ പ്രസ്താവന.

Latest