Connect with us

Malappuram

ആധാര്‍ കാര്‍ഡുകള്‍ ചാക്കുകളില്‍ കെട്ടികിടക്കുന്നു

Published

|

Last Updated

വണ്ടൂര്‍: ആധാര്‍ കാര്‍ഡുകള്‍ക്കായി അക്ഷയ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫെകളിലും ആളുകള്‍ തിരക്കുമ്പോഴും പോസ്റ്റ് ഓഫിസുകളില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാതെ ചാക്കില്‍ കെട്ടികിടക്കുന്നു. ആധാര്‍ റജിസ്റ്റര്‍ ചെയ്തവരുടെ കാര്‍ഡുകള്‍ മിക്ക പോസ്റ്റ് ഓഫിസുകളിലും എത്തിയിട്ടുണ്ടെങ്കിലും വിതരണം കാര്യക്ഷമമല്ല.

ആധാര്‍ റജിസ്റ്റര്‍ ചെയ്തവരുടെ മേല്‍വിലാസത്തില്‍ തപാല്‍ ഓഫിസുകള്‍ വഴി കാര്‍ഡ് അയച്ചുകൊടുക്കുമെന്നാണ് അറിയിച്ചിരുന്നത്. വണ്ടൂരിലെ പ്രധാന പോസ്റ്റ് ഓഫീസില്‍ ഇത്തരത്തില്‍ മൂന്ന് ചാക്കുകളിലായി നിരവധി ആധാര്‍ കാര്‍ഡുകളാണ് കെട്ടികിടക്കുന്നത്. മാസങ്ങള്‍ കാത്തിരുന്നിട്ടും കാണാതായതോടെ നാട്ടുകാര്‍ പോസ്റ്റ് ഓഫിസില്‍ അന്വേഷിച്ചെത്തുമ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കാര്‍ഡുകള്‍ കാണുന്നത്.
എന്നാല്‍ വിതരണം നടക്കുന്നുണ്ടെന്നും കൂട്ടത്തോടെ എത്തുന്നതിനാല്‍ തരം തിരിക്കാന്‍ സമയമെടുക്കുന്നതാണ് വൈകാന്‍ കാരണമെന്നും തപാല്‍ അധികൃതര്‍ പറയുന്നു. വണ്ടൂര്‍ മേഖലയിലെ നാല് പോസ്റ്റ്ഓഫീസുകളിലേക്കുള്ള കാര്‍ഡുകളും ഈ ഹെഡ്‌പോസ്റ്റ്ഓഫീസിലേക്കാണ് എത്തുന്നത്. ഇത് ഇനം തിരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമാണ് കൈമാറേണ്ടത്. എന്നാല്‍ ജീവനക്കാരുടെ കുറവുള്ളതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയമേറെ ആവശ്യമാണെന്ന് ജീവനക്കാര്‍ പറയുന്നു.
കൂടാതെ ഓരോ കുടുംബത്തിലെ വിവിധ അംഗങ്ങളുടെ കാര്‍ഡുകള്‍ വിവിധ ദിവസങ്ങളിലായിട്ടാണ് പോസ്റ്റ് ഓഫീസുകളിലെത്തുന്നത്. ഇതും വിതരണത്തിന് തടസമാകുന്നുണ്ട്. യുഐഡിയുടെ നിര്‍ദിഷ്ട സൈറ്റില്‍നിന്ന് കാര്‍ഡിന്റെ പകര്‍പ്പ് എടുക്കാമെന്നതിനാല്‍ അക്ഷയകേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫെകളിലും വന്‍ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്. തപാല്‍ ഓഫിസുകള്‍ വഴി സൗജന്യമായി ലഭിക്കേണ്ട ആധാര്‍ കാര്‍ഡിനു കഫെകളില്‍ പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്തുനല്‍കുമ്പോഴേക്കും ഒന്നിന് 40 രൂപമുതല്‍ 50 രൂപവരെ വാങ്ങുന്നുണ്ട്.

 

Latest