Connect with us

National

367 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നു

Published

|

Last Updated

ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: 367 ഇന്ത്യന്‍ തടവുകാരെ അടുത്ത ആഴ്ച മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. നിയന്ത്രണ രേഖയിലെ സംഘര്‍ഷവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ മാസമാദ്യം പാക് ആക്രമണത്തില്‍ അഞ്ച് ഭടന്‍മാര്‍ മരിച്ചതിന് പിറകേ നിരവധി തവണ പാക് ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായിരുന്നു.
അതിര്‍ത്തി ലംഘിച്ച മീന്‍ പിടിത്തക്കാര്‍ അടക്കം 367 ഇന്ത്യക്കാരെ ഈ മാസം 24 ന് മോചിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. പാക് ജയിലുകളില്‍ മൊത്തം 491 ഇന്ത്യക്കാരാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഉപദേശകന്‍ സര്‍താജ് അസീസ് പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. ഇവരില്‍ 437ഉം മീന്‍പിടിത്തക്കാരാണ്. ഇന്ത്യന്‍ ജയിലുകളിലെ പാക്കിസ്ഥാനികളുടെ എണ്ണം 485 ആണെന്ന കണക്കാണ് പാക് വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ കോണ്‍സുലാര്‍ ഉടമ്പടി പ്രകാരം ഇന്ത്യ നല്‍കിയിട്ടുള്ള കണക്കനുസരിച്ച് പാക് തടവുകാര്‍ 386 ആണ്. ഇവരില്‍ 108 പേര്‍ മീന്‍ പിടിത്തക്കാരാണ്.
ദുരിതപൂര്‍ണമായ ജീവിതത്തില്‍ മനം നൊന്ത്, തങ്ങളെ വധിക്കാന്‍ പാക് അധികൃതരോട് ആവശ്യപ്പെടണമെന്ന് കാണിച്ച് 11 ഇന്ത്യന്‍ തടവുകാര്‍ നല്‍കിയ കത്ത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിറകേയാണ് തടവുകാരെ മോചിപ്പിക്കുന്ന വാര്‍ത്ത അനൗദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദുരിതപൂര്‍ണമായ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തങ്ങള്‍ക്ക് ഇനി ജീവിതത്തില്‍ പ്രതീക്ഷകളില്ലെന്നും ഇക്കണക്കിനാണെങ്കില്‍ കൊന്നു കളയുന്നതാണ് നല്ലതെന്നും ഇരുരാഷ്ട്രങ്ങളിലെ അധികൃതര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്‍കിയ വികാരഭരിതമായ കത്തില്‍ തടവുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലാഹോറിലെ ലഖ്പത് ജയിലിലെ തടവുകാരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മോചിതനായ ഒരു തടവുകാരന്റെ കൈവശമാണ് കത്ത് കൊടുത്തു വിട്ടത്. സരബ്ജിത് സിംഗ് കൊല്ലപ്പെട്ടത് ലാഹോറിലെ ലഖ്പത് ജയിലിലാണ്.

Latest