ഉപരോധവും പ്രതിരോധവും: നേട്ടം ആര്‍ക്ക്?

Posted on: August 14, 2013 12:00 am | Last updated: August 14, 2013 at 12:00 am
SHARE

LDF 01പണ്ട് കാലത്ത് ഒരു രാജ്യം ശിഥിലമാകുകയും രാജ്യത്ത് അന്തഃഛിദ്ര ശക്തികള്‍ തല ഉയര്‍ത്തുകയും ചെയ്യുമ്പോഴായിരുന്നു ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങള്‍ വന്നിരുന്നത്. ഇടതു മുന്നണിയുടെ ഉപരോധ സമരവും അത്തരത്തിലൊരു ആക്രമണമായിരുന്നു. ഐക്യജനാധിപത്യ മുന്നണി തകര്‍ച്ചയുടെ വക്കിലെത്തുകയും കോണ്‍ഗ്രസ് ഐയില്‍ ഗ്രൂപ്പ് പോര് ശക്തമാകുകയും ചെയ്തപ്പോള്‍ മര്‍മം നോക്കി ആഞ്ഞടിക്കുകയായിരുന്നു ഇടതുമുന്നണി.

ഒരു ലക്ഷം പേരെ അണി നിരത്തി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കും വരെ സമരം ചെയ്യുമെന്ന വാദവുമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയിലെത്തിയ ഇടതു മുന്നണി പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരിയെ സ്തംഭപ്പിച്ചുകളഞ്ഞു. ഭരണസിരാകേന്ദ്രം നിശ്ചലമായി. ജനജീവിതം താറുമാറായി. ഒരു ദിവസം പിന്നിട്ടപ്പോഴേക്ക് സമരം വക്താക്കള്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. സോളാര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പ്രഖ്യാപിച്ചതോടെ, ഇടതു മുന്നണി നേതൃത്വം സമരം പിന്‍വലിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ നേരത്തെ നടത്തിയിരുന്ന സമരമുറകള്‍ തുടരുക തന്നെ ചെയ്യുമെന്ന മുന്നറിയിപ്പോടെ.
ഒരു വിധത്തില്‍ ഈ സമരം വിജയമായിരുന്നുവെന്ന് ഇടതു മുന്നണി നേതൃത്വത്തിന് ആശ്വസിക്കാം. മുമ്പൊരിക്കലും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സമരരീതി മുന്നണി തിരുവനന്തപുരത്ത് പരീക്ഷിച്ചു. അണികളെ തിരുവനന്തപുരത്തെത്തിച്ച് സെക്രേട്ടറിയറ്റിന് ചുറ്റും വിന്യസിച്ചു. പുരുഷാരത്തിന്റെ വലിപ്പം കൊണ്ടു തന്നെ ടി വി ചാനലുകള്‍ ചുറ്റും കൂടി ലൈവ് സംപ്രേഷണത്തിലേക്ക് കടന്നു. വന്‍ പോലീസ് സാന്നിധ്യവും കേന്ദ്ര സേനയുടെ വരവുമെല്ലാം വാര്‍ത്തയായി. ഇതെല്ലാം ഇടതു മുന്നണിയുടെ പ്രചാരണമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമേയുള്ളൂവെന്നോര്‍ക്കുക.
ആത്യന്തികമായി രാഷ്ട്രീയം എന്നാല്‍ പ്രചാരണം തന്നെയാണ്. പ്രചാരണം നടത്താന്‍ ശേഷിയുള്ള നേതാക്കള്‍ വേണം. പറ്റിയ വിഷയങ്ങളും വേണം. എങ്കില്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനപിന്തുണ നേടി മുന്നേറാനാകൂ. സോളാര്‍ വിവാദം കേരള രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ടൊരു വിഷയമായി ഉയര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഈ വിഷയത്തെ എങ്ങനെ പ്രയോജനപ്പെടുത്തി എന്നതാണ് ഉപരോധ സമരം വരെ എത്തിനില്‍ക്കുന്ന കേരള രാഷ്ട്രീയ രംഗം ഉയര്‍ത്തുന്ന പ്രധാന ചോദ്യം.
സോളാര്‍ വിവാദം കേരള രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ഒരു വിവാദമായി നിക്ഷേപിച്ചു വളര്‍ത്തിയെടുത്തത് മാധ്യമങ്ങളാണ്. പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകള്‍. ചാനലുകളുടെ ലക്ഷ്യം റേറ്റിംഗ് നേടലായിരുന്നുവെങ്കിലും അതിന്റെ ഉപോത്പന്നം ഇതിലൂടെ ഇടതു മുന്നണി നേടിയ രാഷ്ട്രീയ നേട്ടമായിരുന്നു. ഭരണപക്ഷം ഏറെ ശോഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കരങ്ങള്‍ ദുര്‍ബലമായി.
പലവിധ ക്ഷീണങ്ങളുണ്ടായിരുന്നു ഇടതു മുന്നണിക്ക്; പ്രത്യേകിച്ച് സി പി എമ്മിന്. ടി പി ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവും സി പി എമ്മിന് ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നു. രണ്ടിന്റെയും പേരില്‍ പോലീസ് അഴിച്ചുവിട്ട അന്വേഷണം പല സി പി എം നേതാക്കളെയും വേട്ടയാടാന്‍ പോരുന്നതായിരുന്നു. മാധ്യമങ്ങളും ഇതെല്ലാം കൊണ്ടാടി. പൊതു സമൂഹത്തിന് മുന്നില്‍ സി പി എമ്മിന്റെ നില വളരെ പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് സോളാര്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഒപ്പം കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാട്ടം മൂര്‍ച്ഛിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതില്‍ പ്രതിപക്ഷം ഏറെ വിജയിച്ചു. ഭരണപക്ഷത്താകട്ടെ, പ്രതിരോധം വളരെ ദുര്‍ബലമായിരുന്നു.
ഉപരോധ സമരത്തിലൂടെ സി പി എം എന്തു നേടി? ഒരു വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതില്‍ സി പി എം വിജയിച്ചു എന്നു തന്നെ പറയണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എതിര്‍പ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ സി പി എം വിജയം കണ്ടു. തങ്ങളുടെ ഏറ്റവും വലിയ ശത്രു ഉമ്മന്‍ ചാണ്ടിയാണെന്ന് നേതൃത്വം അണികള്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു.
ഇതിനൊരു പിന്നാമ്പുറമുണ്ട്. ഈ സര്‍ക്കാറിന്റെ ഭരണത്തിലെ ആദ്യത്തെ വര്‍ഷം സംഭവബഹുലമായിരുന്നു. ഉമ്മന്‍ ചാണ്ടി ശക്തനായ മുഖ്യമന്ത്രിയായി വളരുന്നത് കേരളം കണ്ടു. ഈ സുവര്‍ണ കാലം ഒരു വര്‍ഷമേ നീണ്ടുനിന്നുള്ളൂ. മുസ്‌ലിം ലീഗ് ഉയര്‍ത്തിയ അഞ്ചാം മന്ത്രി പദം മുതല്‍ എന്‍ എസ് എസ് അഴിച്ചുവിട്ട വിവാദങ്ങളും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവും ഏറ്റവുമൊടുവില്‍ സോളാര്‍ വിവാദവുമെല്ലാം സര്‍ക്കാറിന്റെ ശോഭ കെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ പ്രഭാവം ഏറെ മങ്ങി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒന്നും ചെയ്യാനാകാതെ കൈ മലര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും മുന്നണി ഘടകകക്ഷികളുടെയും പ്രതീക്ഷ അറ്റു. അതിന്റെ പാരമ്യത്തിലാണ് ഇടതു മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം വന്നത്. എന്തായാലും പ്രശ്‌നങ്ങളുണ്ടാകാതെ കടന്നുപോയതില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ഏറെ ആശ്വസിക്കാം. എങ്കിലും ചോദ്യങ്ങള്‍ ബാക്കിയുണ്ട്. എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം കൊണ്ട് മാത്രം ഇടതു മുന്നണി, ഏറെ കൊട്ടിഘോഷിച്ച ഉപരോധ സമരം പിന്‍വലിച്ചു? ഉമ്മന്‍ ചാണ്ടി എന്തെങ്കിലും കുസൃതി കാട്ടിയോ? എന്തായാലും സമരം അനിഷ്ട സംഭവങ്ങളില്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് ഉമ്മന്‍ ചാണ്ടിക്കാണ്. ഉമ്മന്‍ ചാണ്ടിക്ക് മാത്രമാണ്. കാര്യമായ ഇടപെടില്‍ നടത്തി രമേശ് ചെന്നിത്തലക്കും ഈ സമരം കൈകാര്യം ചെയ്യുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമായിരുന്നു. എന്തുകൊണ്ടോ രമേശിന്റെ ഇടപെടല്‍ ഏങ്ങും കാര്യമായി കണ്ടില്ല. ഇടതുപക്ഷ സമരം തീര്‍ന്നതിന്റെ നേട്ടം തെല്ലെങ്കിലും യു ഡി എഫിന് അവകാശപ്പെട്ടതാണെങ്കില്‍, അത് ഉമ്മന്‍ ചാണ്ടിക്ക് മാത്രമാവുകയും ചെയ്തു. ജയിച്ചത് ഇടതു മുന്നണിയും ഉമ്മന്‍ ചാണ്ടിയും.