Connect with us

Sports

നാലാം ഏകദിനം ഇന്ന്: അരങ്ങേറ്റത്തിന് റസൂല്‍

Published

|

Last Updated

ബുലവായോ: സിംബാബ്‌വെയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സൈഡ് ബെഞ്ച് താരങ്ങളുമായി ഇന്ന് നാലാം ഏകദിനത്തിന്. പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാത്ത നാല് പേരുണ്ട്. ചേതേശ്വര്‍ പുജാര, പര്‍വേസ് റസൂല്‍, മൊഹിത് ശര്‍മ, അജിങ്ക്യ രഹാനെ എന്നിവര്‍ അവസരം തേടുന്നു. ഓപണിംഗ് നിരയിലേക്ക് രഹാനെയെയും മധ്യനിര ബാറ്റിംഗിന് കരുത്തേകാന്‍ ചേതേശ്വര്‍ പുജാരയെയും ആള്‍ റൗണ്ടറായി പര്‍വേസ് റസൂലിനെയും പരിഗണിച്ചേക്കും. പേസ് നിരയിലേക്ക് മൊഹിത് ശര്‍മയും വരും. യുവ പേസര്‍മാരില്‍ ശ്രദ്ധേയരായ ജയദേവ് ഉനാകാദും, മുഹമ്മദ് ഷമിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ നിറം മങ്ങിയ വിനയ് കുമാറിന് വിശ്രമം അനുവദിച്ച് മൊഹിതിന് അവസരം നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ശ്രമിക്കുക.
ഇന്ത്യക്കായി കളിക്കുന്ന ആദ്യ ജമ്മു കാശ്മീര്‍ താരമാവുക എന്ന ചരിത്രമാണ് പര്‍വേസ് റസൂലിന് മുന്നിലുള്ളത്. സ്പിന്‍ വൈഭവം കൊണ്ട് ടീമിലിടം നേടിയ റസൂലിന് അവസരം ലഭിക്കണമെങ്കില്‍ രവീന്ദ്ര ജഡേജയോ അമിത് മിശ്രയോ കരയ്ക്കിരിക്കേണ്ടി വരും.
വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനുമാണ് പരമ്പരയില്‍ റണ്ണടിച്ചു കൂട്ടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയോടെ തിളങ്ങിയ അംബാട്ടി റായുഡുവാകട്ടെ മൂന്ന് മത്സരങ്ങളില്‍ 101 റണ്‍സെടുത്തു. മുംബൈ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മക്കാണ് ഇനിയും താളം കണ്ടെത്താനാകാത്തത്. മൂന്ന് മത്സരങ്ങളില്‍ ആകെ 35 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
ബൗളിംഗ് വിഭാഗത്തില്‍ അമിത് മിശ്രയാണ് താരം. ഒമ്പത് വിക്കറ്റുകളാണ് മിശ്ര നേടിയത്. ജയദേവും ഷമി യും മികച്ച ഓവറുകള്‍ എറിഞ്ഞു.തുടര്‍ തോല്‍വികളില്‍ നിരാശരാണ് സിംബാബ്‌വെ ടീം. സഹതാരങ്ങളെ ഉത്തേജിപ്പിക്കുക എന്ന ദൗത്യമാണ് ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ ടെയ്‌ലര്‍ക്ക് മുന്നിലുള്ളത്. ബാറ്റിംഗാണ് ആതിഥേയരുടെ പ്രശ്‌നം. മികച്ച തുടക്കം ലഭിക്കുമ്പോഴും അത് വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കുന്നില്ല. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും പരാജയപ്പെടുന്ന അവസ്ഥ.
ലോകചാമ്പ്യന്‍മാരെ നേരിടുമ്പോഴുള്ള മാനസിക സമ്മര്‍ദം തന്റെ ടീമിനുണ്ടെന്ന് ടെയ്‌ലര്‍ തുറന്നു സമ്മതിക്കുന്നു. ഇത് തന്നെയാണ് രണ്ട് ടീമിനെയും വേര്‍തിരിക്കുന്ന പ്രധാന ഘടകം.
സിംബാബ്‌വെക്കായി കൂടുതല്‍ റണ്‍സടിച്ചത് സികന്ദര്‍ റാസയും ചുഗുംബരയും സിബാന്‍ഡയുമാണ്. മറ്റുള്ളവരെല്ലാം സൂപ്പര്‍ ഫ്‌ളോപ്. ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബി വി വിടോറിയും ഉത്സേയയും മികച്ചവര്‍.
ഹരാരെയിലെ സമാന സാഹചര്യമാണ് ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്റ്റേഡിയത്തിലും. എന്നാല്‍, ഇവിടെ കുറേക്കൂടി ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. റണ്ണൊഴുകുമെന്ന് സാരം.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ, അംബാട്ടി റായുഡു, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പര്‍വേസ് റസൂല്‍, വിനയ് കുമാര്‍, ഷമി അഹമ്മദ്, ജയദേവ് ഉനാകാദ്, അമിത് മിശ്ര.

ടീം സിംബാബ്‌വെ : ബ്രെന്‍ഡന്‍ ടെയ്‌ലര്‍ (ക്യാപ്റ്റന്‍), സികന്ദര്‍ റാസ, ടെന്‍ഡെയ് ചതാര, മൈക്കല്‍ ചിനോയ, എല്‍ട്ടണ്‍ ചിഗുംബുര, ഗ്രെയിം ക്രിമെര്‍, കൈല്‍ യാര്‍വിസ്, ടിമിസെന്‍ മരുമ, ഹാമില്‍ട്ടണ്‍ മസാകാസ, നസായ് ഷാംഗ്‌വെ, ടിനോടെന്‍ഡ മുതോംബോസി, വുസിമുസി സിബാന്‍ഡ, പ്രോസ്പര്‍ ഉത്സേയ, ബ്രയാന്‍ വിടോറി, മാല്‍ക്കം വാലര്‍, സീന്‍ വില്യംസ്.

Latest