Connect with us

Gulf

രാജ്യത്തെ തൊഴില്‍ മേഖല സുരക്ഷിതം

Published

|

Last Updated

അബുദാബി: 200 രാജ്യങ്ങളില്‍ നിന്നായി 35 ലക്ഷം തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത് സുരക്ഷിതരായി കഴിയുന്നതായി കണക്കുകള്‍.
രാജ്യത്തിന്റെ വികസനത്തിലെ ഏറ്റവും വലിയ പങ്കാളികളായ ഇവരെ, മറ്റേതു രാജ്യത്തെക്കാളും കൂടുതല്‍ പരിഗണിക്കുന്നതും യു എ ഇ തന്നെ. രാജ്യത്തിന്റെ വിശാലമനസ്‌കരായ ഭരണാധികാരികളുടെ സഹിഷ്ണുത മനോഭാവം തന്നെയാണ് ഈ പരിഗണനയുടെ അടിത്തറ. വ്യത്യസ്ത മതക്കാരും വിശ്വാസക്കാരുമായ ലക്ഷക്കണക്കിനു പേര്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും ആരാധനകള്‍ നിര്‍വഹിക്കാനും സ്വന്തം രാജ്യത്തുള്ളതു പോലെയോ അതിലധികമോ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
രാജ്യ പുരോഗതിയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് ഏതറ്റം വരെ പോകാനും സര്‍ക്കാര്‍ സന്നദ്ധമാണ്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവരില്‍ നിന്ന് അത് നിയമ വിധേയമായി വാങ്ങിക്കൊടുക്കാനും അവര്‍ ശ്രദ്ധിക്കുന്നു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസം, സുരക്ഷിതമായ ജോലി, താമസ സ്ഥലത്തും നിന്നും ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളൊക്കെ സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ നിര്‍ബന്ധ ബാധ്യതയായി രാജ്യത്തിന്റെ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഈ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ നിരന്തര പരിശോധനകളും നടത്തിവരുന്നു.
അന്തര്‍ദേശീയ മര്യാദകളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുതിയ ലേബര്‍ സിറ്റികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്റര്‍നെറ്റ് സിറ്റിയും നോളജ് സിറ്റിയും മറ്റൊരുപാട് സിറ്റികളും രാജ്യത്തിന് അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു.
അബുദാബിയില്‍ മാത്രം ഇത്തരം 23 സിറ്റികളുടെ പണി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 200 കോടി ദിര്‍ഹമാണ് ഇതിന്റെ നിര്‍മാണച്ചെലവ്. നാല് ലക്ഷത്തോളം തൊഴിലാളികളെ ഇവിടങ്ങളില്‍ താമസിപ്പിക്കാം. കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍, സിനിമാ തീയേറ്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ ഈ സിറ്റികളില്‍ ലഭ്യമായിരിക്കും.
മാസങ്ങളോളം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിച്ചിരുന്ന അവസ്ഥക്ക് സ്ഥായിയായ പരിഹാരമായി ഡബ്ല്യു പി എസ് നിര്‍ബന്ധമാക്കി. ഈ സംവിധാനത്തിലൂടെ ശമ്പളം താമസിപ്പിക്കുകയെന്നത് പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞു.
രണ്ടുലക്ഷത്തി പതിനയ്യായിരും കമ്പനികളിലായി ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികളുടെ ശമ്പള കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ തൊഴില്‍ മന്ത്രാലയങ്ങളില്‍ സംവിധാനമുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തും. വേനല്‍ക്കാലങ്ങളിലെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുത്തിയത് തൊഴിലാളികളുടെ പരിരക്ഷക്കുവേണ്ടിയാണ്. ചൂട് കനക്കുന്ന മൂന്ന് മാസക്കാലം ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ നിര്‍മാണ മേഖലയിലെ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്ന് ഈ നിയമം കര്‍ശനമായി നിര്‍ദേശം നല്‍കുന്നു. ഇവ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്താന്‍ നിയമം അനുശാസിക്കുന്നു. തൊഴിലാളികളും മനുഷ്യരാണെന്ന അടിസ്ഥാന പരിഗണനയില്‍ നിന്നാണ് ഈ നിയമങ്ങളൊക്കെ.
ഇതിനൊക്കെ പുറമെ തൊഴിലാളികളെ അവഗണിക്കുന്ന കമ്പനികള്‍ക്കെതിരെ പരാതിയുമായി സമീപിക്കാന്‍ രാജ്യത്തെമ്പാടുമുള്ള ലേബര്‍ കോടതികളുടെ വാതില്‍ തൊഴിലാളികള്‍ക്കു മുമ്പില്‍ തുറന്നിട്ടിരിക്കുകയാണ്. 750 കോടി ദിര്‍ഹമാണ് രാജ്യത്തെ വിദേശ തൊഴിലാളികള്‍ അവരുടെ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം ബേങ്കുകള്‍ മുഖേന അയച്ചത്. അതാത് രാജ്യങ്ങളുടെ പുരോഗതിയില്‍ ഈ തുകക്കുള്ള പങ്ക് വളരെ വലുതാണ്. ഒരേസമയം രണ്ട് രാജ്യങ്ങളുടെ സൃഷ്ടിപരമായ വളര്‍ച്ചയിലും പുരോഗതിയിലും തൊഴിലാളികള്‍ പ്രധാന ഘടകമാണ്. തൊഴിലാളിക്ക് അവന്റെ വിയര്‍പ്പുണങ്ങുന്നതിനു മുമ്പ് കൂലി നല്‍കണമെന്ന പ്രവാചക വചനം തീര്‍ച്ചയായും ഈ രാജ്യത്തെ ഭരണാധികാരികള്‍ക്ക് പ്രചോദനമായിട്ടുണ്ടാകും.

Latest