Connect with us

Articles

കുഞ്ചന്‍ നമ്പ്യാരും കുഞ്ഞാമുവും എന്‍ എന്‍ എസിന്റെ തിരുവുള്ളക്കേടും

Published

|

Last Updated

kunchan

കുഞ്ചന്‍ നമ്പ്യാര്‍

sukumaran nair

സുകുമാരന്‍ നായര്‍

കുഞ്ഞാമു എന്ന സി പി ഐ അനുഭാവി ചന്ദ്രിക എന്ന മുസ്‌ലിം ലീഗ് പത്രത്തില്‍ നായന്മാരെല്ലാവും അംഗങ്ങളല്ലാത്ത എന്‍ എസ് എസിനെപ്പറ്റി അപഹസിക്കുന്ന തരത്തിലൊരു ലേഖനം എഴുതി എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പുകിലന്‍ വാര്‍ത്തകളിലൊന്ന്. ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രികക്കെതിരെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി മാനനഷ്ടത്തിന് കേസും കൊടുത്തിരിക്കുന്നു. എന്തായാലും എന്‍ എസ് എസ് നായന്മാര്‍ ചന്ദ്രികയെങ്കിലും വായിക്കാറുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞു.
ഇതൊക്കെ വായിച്ചപ്പോഴാണ് പെട്ടെന്ന് കുഞ്ചന്‍ നമ്പ്യാരെ ഓര്‍മ വന്നത്. കുഞ്ഞാമുവൊക്കെ വളരെ വളരെ പിന്നിലായിപ്പോകുന്ന ആക്ഷേപഹാസ്യശൈലിയില്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പാട്ടുകളിലുടനീളം നായന്മാരെ അപഹസിച്ചിട്ടുണ്ട്. കൊല്ലിനും കൊലക്കും അധികാരമുള്ള പടനായകന്മാര്‍ ജീവിച്ചിരുന്ന കാലത്താണ് കുഞ്ചന്‍ നമ്പ്യാര്‍ അത് ചെയ്തത്. നായന്മാരെ ശുണ്ഠി കടിക്കുന്ന നായകള്‍ക്ക് സമാനരെന്നും മറ്റും മറ്റും ചിത്രീകരിച്ചിട്ടും കുഞ്ചന്‍ നമ്പ്യാരും അദ്ദേഹത്തന്റെ സാഹിത്യവും ഗതിപിടിച്ചത് അക്കാലത്ത് എന്‍ എസ് എസും സുകുമാരന്‍ നായരും ഇല്ലാത്തതു കൊണ്ട് മാത്രമായിരിക്കണം. ഇല്ലെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കും കുഞ്ഞാമുവിന്റെ ഗതി വന്നേനേ! അത്രമേല്‍ ഉഗ്രപ്രതാപിയാണ് ജി സുകുമാരന്‍ നായര്‍! അദ്ദേഹത്തിനു തിരുവുള്ളക്കേട് വന്നാല്‍ അദ്ദേഹമൊരു സര്‍ക്കുലര്‍ എഴുതി ഈരേഴു പതിനാല് ലോകങ്ങളിലുമുള്ള കരയോഗം കമ്മിറ്റികള്‍ക്ക് മെസ്സേജ് അയച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കേസേരയുടെ വരെ പിരിയാണി ഇളകും! അതിനാല്‍ ഇടതും വലതും നന്നായി കാണാവുന്ന “സമദൂരം” ചുവടിലുറച്ചുനില്‍ക്കുന്ന സുകുമാരന്‍ നായരെ അധക്ഷേപിക്കുമ്പോള്‍ ആരായാലും സൂക്ഷിക്കണം. എന്ത് പുലഭ്യം തനിക്കെതിരെ പറഞ്ഞാലും സുകുമാരന്‍ നായര്‍ പൊറുത്തുകൊടുക്കുന്ന ഒരൊറ്റയാളേ ഭൂമുഖത്ത് ഇന്ന് ജീവിച്ചിരിപ്പുള്ളൂ; അത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കാലധര്‍മം നടപ്പാക്കിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശ ഗുരുവാണ്. “പെരുന്നച്ചന്തയിലെ മീന്‍ വില്‍പ്പനക്കാരികളുടെ നിലവാരം പോലുമില്ലാത്ത ഒരാളാണ് സുകുമാരന്‍ നായര്‍” എന്ന് വെള്ളാപ്പള്ളി നടേശ ഗുരു പറഞ്ഞിട്ട് ഏറെ കാലമായിട്ടില്ല. അത് കേട്ടിട്ടും സുകുമാരന്‍ നായര്‍ക്ക് തിരുവുള്ളക്കേടൊന്നും ഉണ്ടായില്ല. ഉണ്ടായിരുന്നെങ്കില്‍ വെള്ളാപ്പള്ളി നേടേശനെതിരെയും മാനഷ്ടത്തിന് കേസ് പറഞ്ഞ് സുകുമാരന്‍ നായര്‍ കോടതി കയറ്റുമായിരുന്നു. അങ്ങനെയൊന്നും ചെയ്യാതിരുന്നത് “ഗുരുത്വം” എന്ന മൂന്നക്ഷരം രാജമാന്യ ശ്രീ സുകുമാരന്‍ നായര്‍ അവര്‍കള്‍ക്കുള്ളതു കൊണ്ടാണ്. നാരായണ ഗുരുവിനേക്കാള്‍ ഇമ്മിണി വല്യ ഗുരുവാണ് വെള്ളാപ്പള്ളി നടേശ ഗുരു എന്ന് എസ് എന്‍ ഡി പിയുടെ മഞ്ഞ ഫഌക്‌സുകള്‍ പ്രഖ്യാപിക്കുന്നുണ്ടല്ലോ. അതിനാല്‍ ഗുരുക്കന്മാര്‍ എന്ത് പറഞ്ഞാലും സുകുമാരന്‍ നായരത് വിനീതവിധേയനായും അക്ഷോഭ്യനായും കേള്‍ക്കും.
പക്ഷേ, അതുകണ്ട് കുഞ്ഞാമുമാര്‍ സുകുമാരന്‍ നായര്‍ ചേട്ടനെ ഞോണ്ടരുത്. ഞോണ്ടിയാല്‍ ഗതി മുട്ടും. ഒരു ഗതിയും പരഗതിയും ഇല്ലാതാക്കിക്കളയും. സംഹരിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ സുകുമാരന്‍ നായര്‍ ചേട്ടനു “സൗകുമാര്യമൊന്നും ഉണ്ടാകില്ല. ചന്ദ്രികയെ എന്നല്ല അമ്പിളി മാമനെ തന്നെയും കാല്‍ച്ചോട്ടിലിട്ടു പപ്പടം പൊടിക്കുന്നതു പോലെ നായര്‍ തവിട്ടുപൊടിയാക്കിക്കളയും. ചന്ദ്രികയോടുള്ള സംഹാരം ഒരു കോടതി വക്കാണത്തില്‍ അവസാനിപ്പിച്ചത് പഞ്ചാംഗ ജ്യോത്സ്യന്‍മാരുടെ അഭ്യര്‍ഥന മാനിച്ചാണ്. ചന്ദ്രികയെ പപ്പടം പോലെ സുകുമാരന്‍ നായര്‍ ചേട്ടന്‍ പൊടിച്ചുകളഞ്ഞാല്‍ വാവുബലിയും ആട്ടപ്പിറന്നാളും പതിനാറടിയന്തിരവും ഗൃഹ പ്രവേശവും ഒക്കെ മുഹൂര്‍ത്തം നോക്കി നിശ്ചയിക്കാന്‍ പഞ്ചാംഗമെഴുതാനാകില്ല. ആകാശത്തമ്പിളിക്കലയില്ലെങ്കില്‍ ഭൂമിയില്‍ പഞ്ചാംഗമെഴുത്ത് നടക്കില്ല. ജ്യോത്സ്യന്മാരുടെ അഭ്യര്‍ഥന, സമുദായഹിതം മാനിച്ച് ചേട്ടന്‍ മാനിച്ചു. അതുകൊണ്ട് മാത്രമാണ് ആകാശത്തിപ്പോഴും ചന്ദ്രിക നിലനില്‍ക്കുന്നത്. ഇത്രയുമാണ് എന്‍ എസ് എസിന്റെയും അതിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവര്‍കളുടെയും വീരശൂരവിനയക്ഷമാദി ഗുണഗണങ്ങളെക്കുറിച്ച് ഈ ലേഖകന്റെ അല്‍പ്പബുദ്ധിയില്‍ അറിയാനായിട്ടുള്ള കാര്യങ്ങള്‍.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഇത്രമേല്‍ ക്ഷുഭിതനാകാന്‍ ഇടവരുത്തിയ കാര്യങ്ങളെപ്പറ്റി കൂടി ചിലത് പറയാനുണ്ട്. ഭൂരിപക്ഷത്തെ അവഗണിച്ച് ന്യൂനപക്ഷത്തിന് സര്‍വതും നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനോടാണ് ജനറല്‍ സെക്രട്ടറിക്ക് എതിര്‍പ്പ്. ന്യൂനപക്ഷത്തിന് സര്‍വതും നല്‍കുന്ന സര്‍ക്കാറുകളാണോ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നതിനുള്ള മറുപടി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി അതൊന്ന് വായിച്ചുനോക്കുന്നത് അദ്ദേഹത്തിന്റെ മനോനില സമചിത്തത പ്രാപിക്കാന്‍ നല്ല സഹായം ചെയ്യും. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ ഇടതു വലതു മുന്നണികള്‍ ഭരിച്ചപ്പോഴെല്ലാം താക്കോല്‍ സ്ഥാനത്തിരുന്നിട്ടുള്ളത് മലബാറുകാരാണ്. കെ കരുണാകരന്‍, ഇ എം എസ്, ഇ കെ നായനാര്‍, സി എച്ച് മുഹമ്മദ് കോയ, അവുക്കാദര്‍ കുട്ടി നഹ എന്നിവരെ ഓര്‍മിക്കുക. എന്നിട്ടും ഈ അടുത്ത കാലത്ത് ഒരു പ്രക്ഷോഭം “മലബാര്‍ കണക്ക് ചോദിക്കുന്നു” എന്ന പേരില്‍ നടന്നു. അതിനു മുമ്പും സമാനമായ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. മലബാറുകാരായ നേതാക്കള്‍ ഭരണചക്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരുന്നിട്ടും തിരുകൊച്ചി മേഖലയില്‍ ഉണ്ടായ വികസനത്തിന്റെ പകുതി പോലും മലബാര്‍ മേഖലയില്‍ ഉണ്ടായിട്ടില്ലെന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ സ്ഥാപിച്ചിട്ടാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്.
ഇത്തരം കാര്യങ്ങളും സുകുമാരന്‍ നായര്‍ വായിച്ചു മനസ്സിലാക്കണം. അപ്പോഴദ്ദേഹത്തിനു മനസ്സിലാകും ഹൈദരലി തങ്ങള്‍ വാഴുന്ന മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറില്‍ ഉണ്ടായതിനേക്കാള്‍ വികസനം ഇടതു വലതു മുന്നണി സര്‍ക്കാറുകളുടെ കാലത്തൊക്കെ ലഭ്യമായിട്ടുള്ളത് പെരുന്നയും കണിച്ചുകുളങ്ങരയും പാലായും ഉള്‍പ്പെടുന്ന തിരുവിതാംകൂറിലാണെന്ന്. അതിനാല്‍ മലബാറുകാരോട് ഭരണത്തിന്റെ താക്കോല്‍സ്ഥാനത്തിരുന്ന മലബാറുകാരായ രാഷ്ട്രീയ നേതാക്കള്‍ കാണിച്ചിടത്തോളം അവഗണന എന്തായാലും ഒരു മുന്നണിയും പെരുന്ന ഉള്‍പ്പെടുന്ന തിരുവിതാംകൂറിനോടു കാണിച്ചില്ലെന്നെങ്കിലും സുകുമാരന്‍ നായര്‍ മനസ്സിലാക്കണം.
അതിനാല്‍ ഇനിയെങ്കിലും അവഗണന, അവഗണന എന്ന് നൂറ്റൊന്ന് ആവര്‍ത്തിക്കുന്നതിനു മുമ്പ് തിരുവിതാംകൂറും മലബാറും തമ്മിലൊരു താരതമ്യത്തിനു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും നടേശ ഗുരുവുമൊക്കെ തയ്യാറാകണം. മുസ്‌ലിം ലീഗിന്റെ ആസ്ഥാനം നിലകൊള്ളുന്ന മലബാറിലല്ല, എന്‍ എസ് എസിന്റെ ആസ്ഥാനം നിലകൊള്ളുന്ന തിരുവിതാംകൂറിലാണ് ഇടതു വലതു മുന്നണി ഭരണങ്ങള്‍ വികസനം കൂടുതല്‍ വരുത്തിയിട്ടുള്ളതെന്ന വസ്തുത വെച്ച് നിലപാടുകളെ ആത്മവിമര്‍ശം ചയ്യാന്‍ എന്‍ എസ് എസ് തയ്യാറാകേണ്ടതുണ്ട് എന്ന് ചുരുക്കം.

 

Latest