Connect with us

Kerala

ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മാനദണ്ഡം നിശ്ചയിക്കാന്‍ അഞ്ചംഗ സമിതി

Published

|

Last Updated

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കേന്ദ്ര സര്‍ക്കാരില്‍ ഡി എ വി പിയുടെ ചുമതല വഹിച്ചിരുന്ന ഡോ. അമ്പാടിയാണ് സമിതി അധ്യക്ഷന്‍. ഐ ആന്‍ഡ് പി ആര്‍ ഡി ഡയറക്ടര്‍ എ ഫിറോസ്, അഡീഷനല്‍ ഡയറക്ടര്‍ ശുഭാമണി, അശോക് കുമാര്‍ (സി ഡാക്-തിരുവനന്തപുരം), ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മീഡിയ പരസ്യവിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ശരത് എന്നിവരാണ് അംഗങ്ങള്‍. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദൃശ്യ അച്ചടി മാധ്യമങ്ങളുടെ സര്‍ക്കാര്‍ അംഗീകാരത്തിനും പരസ്യം നല്‍കുന്നതിനുമുള്ള വ്യക്തമായ മാനദണ്ഡം നിലവിലുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലില്ല. ഈ അവസ്ഥ ചൂഷണംചെയ്താണ് ചില തട്ടിക്കൂട്ട് വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ പരസ്യം നേടിയെടുക്കുന്നത്. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ 36 വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ പട്ടികയിലുണ്ട്. പ്രധാന മീഡിയകളുടെ പോര്‍ട്ടലുകള്‍ ഇതില്‍ പകുതിപോലും വരില്ല. പകുതിയിലധികം പോര്‍ട്ടലുകളുടെയും അലെക്‌സ-ഗൂഗിള്‍ പേജ് വ്യൂസ് വളരെ പിന്നിലാണ്. അലക്‌സ ഗൂഗിള്‍ റേറ്റിംഗില്‍ നിശ്ചിതപുരോഗതി നേടുന്ന പോര്‍ട്ടലുകള്‍ മാത്രം സര്‍ക്കാര്‍ അംഗീകാരത്തിനായി അപേക്ഷിക്കാവുന്ന രീതിയിലാകും മാനദണ്ഡമുണ്ടാക്കുകയെന്നാണ് വിവരം.

Latest