ലുലു ഭൂമി കയ്യേറിയിട്ടില്ല: റീസര്‍വ്വേ റിപ്പോര്‍ട്ട്

Posted on: June 5, 2013 4:37 pm | Last updated: June 6, 2013 at 12:48 am
SHARE

കൊച്ചി: ഇടപ്പള്ളിയിലെ തുകലന്‍ കുത്തിയതോടിന്റെ പുറമ്പോക്ക് സ്ഥലം ലുലു മാള്‍ കൈയേറിയിട്ടില്ലെന്ന് റവന്യൂ, സര്‍വേ വകുപ്പുകളും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതരും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ വൈകീട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
ലുലു മാള്‍, തുകലന്‍ കുത്തിയതോടിനോട് ചേര്‍ന്ന് ലുലു മാളിന്റെ ഭാഗം വരുന്ന സ്ഥലം, തോടിന് കുറുകെ നിര്‍മിച്ചിട്ടുള്ള പാലം സ്ഥിതി ചെയ്യുന്ന സ്ഥലം, മെട്രോ സ്റ്റേഷന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം എന്നിവയാണ് ഡപ്യൂട്ടി കലക്ടര്‍ (മെട്രോ റെയില്‍) കെ. പി മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. ഹെഡ് സര്‍വേയര്‍, സര്‍വേയര്‍, തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍, ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സര്‍വേയുമായി ബന്ധപ്പെട്ട് നേരത്തെ സ്ഥാപിച്ചിട്ടുള്ള അതിര്‍ത്തിക്കല്ലുകള്‍ യഥാസ്ഥാനത്തുള്ളതായി പരിശോധനയില്‍ വ്യക്തമായി. ലുലു മാളിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ദേശീയപാതയോടും ഇടപ്പള്ളിത്തോടിനോടും ചേര്‍ന്നുവരുന്ന ഇടപ്പള്ളി നോര്‍ത്ത് വില്ലേജില്‍പെട്ട സ്ഥലത്ത് കെ എം ആര്‍ എല്‍ സ്ഥാപിച്ചിട്ടുള്ള അലൈന്‍മെന്റ് സ്റ്റോണ്‍ യഥാര്‍ഥ പോയിന്റില്‍ നിന്നും 2. 3 മീറ്റര്‍ അകത്തേക്ക് മാറി സ്ഥാപിച്ചതാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. മെട്രോ റെയില്‍ സര്‍വേയറുടെ സാന്നിധ്യത്തില്‍ ഇത് പരിശോധിച്ച് യഥാര്‍ഥ സ്ഥാനം വ്യക്തമാക്കിയതായും സര്‍വേ സംഘം അറിയിച്ചു.
ഇടപ്പള്ളി നോര്‍ത്ത്, തൃക്കാക്കര നോര്‍ത്ത് എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട് വരുന്ന ലുലു മാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സ്പാനുകള്‍ ഇരിക്കുന്ന പില്ലറുകള്‍ പുറമ്പോക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍വേയില്‍ വ്യക്തമായി.
ലുലു മാള്‍ ഇടപ്പള്ളി തോട് കൈയേറിയെന്ന് സി പി എം ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഇവിടെ റിസര്‍വേ നടന്നത്. ഒരു വര്‍ഷം മുമ്പ് കെ എം ആര്‍ എല്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചി മെട്രോയുടെ റീസര്‍വെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറോട് ഇവിടെ സര്‍വെ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത്. കൈയേറ്റം ആരോപിച്ച് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ നല്‍കിയ കത്തിന് മറുപടിയായി ലുലു മാള്‍ ഭൂമിയില്‍ കൈയേറ്റമില്ലെന്ന് കളമശ്ശേരി നഗരസഭ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.