Connect with us

Gulf

വന്‍ പ്രൊഫഷനല്‍ മോഷണ സംഘം പിടിയില്‍

Published

|

Last Updated

ദുബൈ: ജുമൈറ, റഫാ പ്രദേശങ്ങളിലും മറ്റു ചില എമിറേറ്റുകളിലും താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കറന്‍സിയും മോഷ്ടിക്കുന്ന ജോര്‍ജിയന്‍ സംഘത്തെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 20 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും പിടികൂടി. അമേരിക്കന്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ധാരാളം കറന്‍സികളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
ടൂറിസം വകുപ്പ് പുറത്തിറക്കിയ ടൂറിസ്റ്റ് ഗൈഡ് ഉപയോഗപ്പെടുത്തിയാണ് മൂന്നംഗ സംഘം ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടുപടിച്ചതും മോഷണം നടത്തിയിരുന്നതും. രാജ്യത്ത് കടന്നയുടനെ ദേരയിലുള്ള ഒരു ഹോട്ടലില്‍ താമസമാക്കിയ ഈ സംഘം സമീപത്തെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് കാര്‍ വാടകക്കെടുത്ത് ടൂറിസ്റ്റുകളുടെ വേഷത്തില്‍ ജുമൈറയിലും മറ്റുമുള്ള വിഐപി വില്ലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയിരുന്നത്.
മോഷണവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച ഉടനെ കുറ്റാന്വേഷണ വിഭാഗം പ്രത്യേക സംഘം രൂപവത്കരിച്ച് മോഷണം നടന്ന സ്ഥലങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സുപ്രധാന തെളിവുകളും ലഭിച്ചു. മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ച പോലീസ് ഇവര്‍ താമസിക്കുന്ന ഹോട്ടലും യാത്ര ചെയ്യുന്ന കാറും നിരീക്ഷിച്ചു. വിശദമായ അന്വേഷണത്തില്‍ സംഘത്തിന്റെ സഹായിയായി ഒരു സ്ത്രീയും പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടു. മോഷ്ടിക്കുന്ന ആഭരണങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് അല്‍പം മാറി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കുന്നത് ഈ സ്ത്രീയായിരുന്നു.
തൊണ്ടി സാധനങ്ങള്‍ മുഴുവനായും മോഷണ സംഘത്തില്‍ നിന്ന് കണ്ടെടുത്തു. 20 ലക്ഷത്തിലധികം വിലമതിക്കുന്ന ആഭരണങ്ങള്‍, വിലപിടിപ്പുള്ള വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവക്കു പുറമെ 90,000 അമേരിക്കന്‍ ഡോളര്‍, 74,000 ദിര്‍ഹം, 1,000 യൂറോ എന്നിവയും ഇതില്‍പ്പെടും. ദുബൈക്ക് പുറമെ മറ്റു ചില എമിറേറ്റുകളിലും ഇതേ മാതൃകയില്‍ മോഷണം നടത്തിയിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അപ്പപ്പോള്‍ തന്നെ വീതിച്ചെടുക്കുന്ന രീതിയായിരുന്നു ഇവര്‍ക്ക്. സ്വര്‍ണം തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും ഇവരില്‍ നിന്ന് കണ്ടെടുത്തു.

Latest