Connect with us

International

അമേരിക്കക്കെതിരായ ആക്രമണത്തിന് റോക്കറ്റുകള്‍ തയ്യാര്‍: ഉത്തര കൊറിയ

Published

|

Last Updated

സിയോള്‍: അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ശേഷിയുള്ള റോക്കറ്റുകള്‍ സജ്ജമാണെന്ന് ഉത്തര കൊറിയ. ആണവ ശേഷിയുള്ള ബി-2 അദൃശ്യ ബോംബറുകള്‍ അമേരിക്ക വിന്യസിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതോടെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തി മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധ ഭീതി കൂടുതല്‍ രൂക്ഷമായി.
അതിര്‍ത്തി മേഖലയില്‍ റോക്കറ്റ് ആക്രമണത്തിനായി വ്യോമ സേനാ നേതാക്കളോട് സജ്ജമാകാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ആവശ്യപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംയുക്ത സൈനിക അഭ്യാസത്തില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്ക ബി – 2 അദൃശ്യ ബോംബറുകള്‍ വിന്യസിച്ചത്. ഉത്തര കൊറിയയുടെ നിര്‍ണിത സ്ഥലങ്ങളില്‍ ലക്ഷ്യം പിഴക്കാതെ പതിക്കുന്ന ബോംബറുകള്‍ വിന്യസിച്ചെന്ന വാര്‍ത്ത ഉത്തര കൊറിയയെ ചൊടിപ്പിച്ചിരിക്കുകയാണ്. അമേരിക്കക്കെതിരെ ശക്തമായ ആക്രമണത്തിന് തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കന്‍ സൈന്യം പരിശീലനം നടത്തുന്ന ഹവായി, ഗുവാം മേഖലയിലേക്ക് പെട്ടെന്ന് തന്നെ റോക്കറ്റാക്രമണം നടത്തുമെന്ന് കിം ജോംഗ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക ബി- 2 വിന്യസിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം അര്‍ധരാത്രി സൈനിക മേധാവികളുമായി കിം ജോംഗ് അടിയന്തര ചര്‍ച്ച നടത്തി. യുദ്ധ സന്നാഹത്തിനായി അതിര്‍ത്തിയിലൊരുക്കിയ സൈനിക ശക്തിയും കിം ജോംഗ് ഉറപ്പുവരുത്തി. ദീര്‍ഘദൂര പരിധിയിലുള്ള ഉത്തര കൊറിയയുടെ മിസൈല്‍ ആസ്ഥാനം സജീവമാണെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കിം ജോംഗ് ഉന്നിന്റെ സൈനിക നപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഉത്തര കൊറിയന്‍ തലസ്ഥാന നഗരമായ പിയോംഗ്‌യാംഗില്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ദക്ഷിണ കൊറിയക്കും അമേരിക്കക്കുമെതിരായ പോരാട്ടത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന ബാനറുകള്‍ ഉയര്‍ത്തി പിടിച്ചായിരുന്നു പ്രകടനം.
അതേസമയം, ദക്ഷിണ കൊറിയയിലേക്ക് ബി -2 റോക്കറ്റുകള്‍ അയച്ചത് ഉത്തര കൊറിയയെ പ്രകോപിപ്പിക്കാനല്ലെന്നും കേവലം സൈനിക അഭ്യാസത്തിന് വേണ്ടി മാത്രമാണെന്നും യു എസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അനാവശ്യമായി ഭീതി സൃഷ്ടിക്കുകയാണ് ഉത്തര കൊറിയന്‍ സൈന്യം ചെയ്യുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest