ഓര്‍ഡിനന്‍സ് സഭയെ അറിയിച്ചില്ല; സര്‍ക്കാറിന് സ്പീക്കറുടെ വിമര്‍ശം

Posted on: March 26, 2013 6:20 am | Last updated: March 25, 2013 at 11:54 pm
SHARE

തിരുവനന്തപുരം: കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ 2008ന് ശേഷം പല ഘട്ടങ്ങളിലായി ഇറക്കിയ ഭേദഗതി ഓര്‍ഡിനന്‍സുകള്‍ നിയമസഭയെ അറിയിക്കാത്തതിന് സ്പീക്കറുടെ വിമര്‍ശം. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ സഭയില്‍ കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, ഓര്‍ഡിനന്‍സ് യഥാസമയം പുതുക്കാത്തതിനെ തുടര്‍ന്ന് ലാപ്‌സാകുകയും ചെയ്തു.
കെട്ടിട നിര്‍മാണ നിയമത്തില്‍ ഓര്‍ഡിനന്‍സ് വഴി വരുത്തിയ ഭേദഗതിക്കനുസരിച്ച് ചട്ടങ്ങള്‍ പുറപ്പെടുവിക്കുകയും അതിന്റെ ബലത്തില്‍ അനധികൃത കെട്ടിടങ്ങളെ ക്രമവത്കരിക്കുകയും ചെയ്തശേഷം അക്കാര്യം സമയബന്ധിതമായി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരുന്നതും സഭയില്‍ നിക്ഷിപ്തമായ അധികാരം കവര്‍ന്നെടുക്കുന്നതിന് സമാനമാണെന്ന് സ്പീക്കര്‍ പറഞ്ഞു. എം ഉമ്മര്‍ ആണ് ക്രമപ്രശ്‌നത്തിലൂടെ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
2008 ഡിസംബര്‍ 31 വരെയുള്ള അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ ക്രമവത്കരിക്കാന്‍ 2010 ആഗസ്റ്റ് 21ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് നിയമത്തിന്റെ പിന്‍ബലമില്ലെന്നും അപ്രകാരം ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാറിനെ അധികാരപ്പെടുത്തും വിധം മുനിസിപ്പാലിറ്റി ആക്ടിലോ പഞ്ചായത്തീരാജ് ആക്ടിലോ ഭേദഗതി വരുത്തിയിട്ടില്ലെന്നും എം ഉമ്മര്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പിന്‍ബലമില്ലാതെ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത് അധികാര ദുര്‍വിനിയോഗവും നിയമസഭയോടുള്ള അനാദരവുമാണ്. പിന്നീട് 2011ലും ഓര്‍ഡിനന്‍സ് പുതുക്കിയെങ്കിലും നിയമസഭയില്‍ കൊണ്ടുവരാത്തതിനാല്‍ ലാപ്‌സായി.
നമ്മുടെ ഭരണഘടനപ്രകാരം നിയമം ഉണ്ടാക്കേണ്ട ചുമതല നിയമസഭയില്‍ നിക്ഷിപ്തമാണെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. ഓര്‍ഡിനന്‍സ് എന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറപ്പെടുവിക്കുന്നതാണ് ജനാധിപത്യ സര്‍ക്കാറിന്റെ ഏറ്റവും നല്ല മാര്‍ഗം. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് ഉമ്മറിനെ സ്പീക്കര്‍ അഭിനന്ദിച്ചു.