വൈസ് ചാന്‍സലറുടെ ഡ്രൈവറെ വെഹിക്കിള്‍ എക്‌സാമിനര്‍ തസ്തകിയിലേക്ക് ഉയര്‍ത്താന്‍ ശ്രമം

Posted on: March 16, 2013 2:58 pm | Last updated: March 16, 2013 at 2:58 pm
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ഡ്രൈവര്‍ക്ക് വെഹിക്കിള്‍ എക്‌സാമിനേഷന്‍ തസ്തികയിലേക്ക് ഉദ്യോഗ കയറ്റം നല്‍കാന്‍ ശ്രമം. വി സി യുടെയും സിഡിക്കേറ്റംഗങ്ങളില്‍ പെട്ട ചില ആളുകളുടെയും പിന്തുണയോടെ ഉദ്യോഗ കയറ്റത്തിനുതകുന്ന തരത്തിലുള്ള നിയമ ഭേദഗതിക്കായി ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റില്‍ അജണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012 സെപ്തംബര്‍ നാലിനാണ് എസ് എസ് എല്‍ സി യോ തതുല്യരോ ആയവരെ വഹിക്കിള്‍ എക്‌സാമിനര്‍ തസ്തികയിലേക്ക് വി സിക്ക് നിയമിക്കാമെന്ന ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഡ്രൈവര്‍മാരില്‍ എസ് എസ് എല്‍ സി കഴിഞ്ഞവര്‍ ആരുമില്ലായിരുന്നു.
ഇതടിസ്ഥാനത്തില്‍ വി സിയുടെ ഡ്രൈവര്‍ എസ് എസ് എല്‍ സി തുല്യതാ സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചു.
ഇത് സൂക്ഷമ പരിശോധനയില്‍ ഉദ്യോഗ കയറ്റത്തിന് സാധിക്കുന്നതല്ലെന്നും തുടര്‍ പഠനത്തിനേ സാധിക്കൂ എന്നും മറുപടി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത സ്വാധീനം ചെലുത്തി തന്റെ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗ കയറ്റത്തിന് ഉതകുന്നതാണെന്ന രേഖയുണ്ടാക്കി. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു സര്‍വകലാശാലാ ഡ്രൈവര്‍ ഈ തസ്തികയിലേക്ക് അപേക്ഷ നല്‍കി. ഇയാളെ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗത്തിന് ഉതകുന്നതായിരുന്നു. ഇതോടെ വി സിയുടെ ഡ്രൈവര്‍ക്ക് ഉദ്യോഗ കയറ്റത്തിനുള്ള രഹസ്യ നീക്കം പാളുകയായിരുന്നു. ഇതിനെ മറി കടക്കാനായി മറ്റൊരു നീക്കത്തിനാണ് ഇന്നത്തെ സിന്‍ഡിക്കേറ്റില്‍ അജണ്ടക്ക് വെച്ചിട്ടുള്ളത്. ഇന്റര്‍വ്യൂ കൂടി വേണമെന്നാണ് ആവശ്യം. ഇതിലൂടെ തന്നിഷ്ടക്കാരെ കടത്തിവിടാമെന്ന ഒളി അജണ്ടയോടെയാണ് സിന്‍ഡിക്കേറ്റില്‍ അജണ്ടക്ക് വെച്ചത്. ഇത് നടപ്പായാല്‍ വിസിക്ക് തന്റെ ഡ്രൈവറെ മുന്തിയ പരിഗണനയില്‍ നിയമനം നല്‍കാനാവുമെന്നാണ് പ്രതീക്ഷ.