പീഡന കേസില്‍ രണ്ട് ജാമ്യാപേക്ഷ: പ്രതിയെ ഹാജരാക്കി സ്ഥിരീകരിച്ചു

Posted on: March 12, 2013 12:00 am | Last updated: March 12, 2013 at 12:00 am
SHARE

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു വേണ്ടി രണ്ട് അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയതോടെ സത്യാവസ്ഥ പുറത്തുവന്നു. താന്‍ ജാമ്യാപേക്ഷ നല്‍കാന്‍ നിയോഗിച്ചത് ആരെയാണെന്ന് പ്രതി വെളിപ്പെടുത്തിയതോടെ രണ്ടാമത്തെ അഭിഭാഷകന്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.
പറവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി രാജേഷാണ് രണ്ട് അഭിഭാഷകര്‍ ഒരേ കേസില്‍ ജാമ്യവ്യവസ്ഥ സമര്‍പ്പിച്ചതോടെ പൊല്ലാപ്പിലായത്. കോടതി നിര്‍ദേശപ്രകാരം രാജേഷിനെ പോലീസ് ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഒരു കേസില്‍ രണ്ട് അഭിഭാഷകര്‍ ഒരു പ്രതിക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി ഭവദാസന്‍ പ്രതിയില്‍ നിന്നും നിജസ്ഥിതി കണ്ടെത്താന്‍ തീരുമാനിച്ചത്.
പ്രതിയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി കോടതി നാളത്തേക്ക് മാറ്റി.