വനിതാ ഫുട്‌ബോള്‍ ടീം ജയിച്ചു 10 ഗോളിന്‌

Posted on: March 9, 2013 12:57 am | Last updated: March 9, 2013 at 12:57 am
SHARE

കൊളംബോ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന അണ്ടര്‍-14 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മറുപടിയില്ലാത്ത പത്ത് ഗോളുകള്‍ക്ക് ശ്രീലങ്കയെ തകര്‍ത്തു. രണ്ട് പകുതികളിലുമായി ആറ് ഗോളുകള്‍ നേടിയ കാഷ്മിനയാണ് തകര്‍പ്പന്‍ ജയമൊരുക്കിയത്. ആദ്യ പകുതിയില്‍ 7,29,35 മിനുട്ടുകളിലും രണ്ടാം പകുതിയില്‍ 59,65,68 മിനുട്ടുകളിലുമാണ് കാഷ്മിനയുടെ സ്‌കോറിംഗ്. ദയ, പൂജ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി.
കഴിഞ്ഞ ദിവസം, ഇന്ത്യന്‍ പെണ്‍കുട്ടികള്‍ 5-1ന് ബംഗ്ലാദേശിനെ തുരത്തിയിരുന്നു. ഈ മത്സരത്തില്‍ പതിനാലാം സെക്കന്‍ഡില്‍ ഗോള്‍നേടി ദയാ ദേവി ശ്രദ്ധയാകര്‍ഷിച്ചു. നിഷ ബഗേരിയുടെ പാസിലായിരുന്നു ദയാ ദേവി ടൂര്‍ണമെന്റിലെ വേഗതയാര്‍ന്ന ഗോള്‍ നേടിയത്. റോജയുടെ കോര്‍ണറില്‍ കാഷ്മിന രണ്ടാം ഗോള്‍ നേടി. ഇരുപത്താറാം മിനുട്ടില്‍ അന്‍ലിന്റെ ഗോളില്‍ ഇന്ത്യ 3-0ന് മുന്നില്‍. നാല്‍പത്തൊന്നാം മിനുട്ടില്‍ പ്രതിരോധ പിഴലില്‍ ഇന്ത്യ ഗോള്‍ വഴങ്ങി. അറുപത്തൊന്നാം മിനുട്ടില്‍ സോണി കുമാരി നാലാം ഗോള്‍ നേടി. എഴുപതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റോജ അഞ്ചാം ഗോളടിച്ചു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ 3-0ന് താജിക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. കാഷ്മിന ഇരട്ട ഗോളുകള്‍ നേടി. പന്ത്രണ്ടാം മിനുട്ടിലായിരുന്നു പൂജ ദമാലിന്റെ പാസില്‍ കാഷ്മിനയുടെ ഗോള്‍. ഇരുപത്തഞ്ചാം മിനുട്ടില്‍ കാഷ്മിന രണ്ടാം ഗോള്‍ നേടി. എഴുപതാം മിനുട്ടില്‍ സിന്ധ്യയാണ് മൂന്നാം ഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ മികവിലുള്ള ഇന്ത്യയുടെ പെണ്‍കുട്ടികള്‍ മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത് പതിനെട്ട് ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോള്‍. ഗോളി ശ്രേയ ഹൂഡ താജിക്കിസ്ഥാനെതിരെ പെനാല്‍റ്റി കിക്ക് തടുത്തിരുന്നു.
താജിക്കിസ്ഥാനെതിരെ സ്‌കോറിംഗ് എക്കൗണ്ട് തുറന്ന കാഷ്മിന ഒമ്പത് ഗോളുകള്‍ നേടി ടോപ്‌സ്‌കോറര്‍ സ്ഥാനത്തുണ്ട്.