Connect with us

feature

നിങ്ങൾ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെ...

അപ്രതീക്ഷിത പ്രളയമഴ ദുബൈ, ഷാർജ , അജ്‌മാൻ ഉൾപ്പെടെ വിവിധ എമിറേറ്റ്സ് മേഖലയിലെ താഴ്ന്ന ഭാഗങ്ങളെയാണ് വല്ലാതെ ദുരിതത്തിലാഴ്ത്തിയത്. മലയാളികൾ ഒന്നടങ്കം രക്ഷാപ്രവർത്തനത്തിനിറങ്ങി. അവിടെയും പ്രവാസത്തിന്റെ അഭയമായി വിലമതിക്കാനാകാത്ത സേവന പ്രവർത്തനങ്ങൾ നടത്തി ഐ സി എഫും മാതൃകയായി. ഒറ്റപ്പെട്ടുപോയ ആളുകൾക്ക് കുടിനീരും ഭക്ഷണവുമെത്തിക്കാൻ അധികൃതരുമായി കൈകോർത്തു. കെട്ടിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ രാപകലന്യേ അധ്വാനിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ, സ്വദേശികൾക്കും വിദേശികൾക്കും അത്ഭുതമായി. അവർ മലയാളികളെ ആദരവോടെ കണ്ടു. കൈമെയ് മറന്നായിരുന്നു മലയാളികളുടെ ഇടപെടൽ.

Published

|

Last Updated

സാമൂഹിക ജീവി എന്ന നിലയിൽ മലയാളി എക്കാലത്തും ലോകത്തിനു മാതൃകയാണ്. ജാതി മത വർഗ വർണ വൈജാത്യങ്ങൾക്കപ്പുറം പ്രവാസി മലയാളികളും സാന്ത്വന സേവന സ്നേഹ പ്രവർത്തനത്തിന്റെ മഹത്തായ മാതൃകകൾ തീർത്ത ദിനരാത്രങ്ങളാണ് കഴിഞ്ഞ വാരം പ്രവാസ ലോകം അനുഭവിച്ചത്.

കഴിഞ്ഞവാരം യു എ ഇയിലും ഒമാനിലും പെയ്ത മഴ തീരാദുരിതമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച് യു എ ഇയുടെ ചരിത്രത്തിൽ കഴിഞ്ഞ 75 വർഷത്തിലാദ്യമായാണ് ഇത്തരമൊരു ദുരിതപ്പെയ്ത്ത്.
അപ്രതീക്ഷിത പ്രളയമഴ ദുബൈ, ഷാർജ, അജ്‌മാൻ ഉൾപ്പെടെ വിവിധ എമിറേറ്റ്സ് മേഖലയിലെ താഴ്ന്ന ഭാഗങ്ങളെയാണ് വല്ലാതെ ദുരിതത്തിലാഴ്ത്തിയത്. മലയാളികൾ ഒന്നടങ്കം രക്ഷാപ്രവർത്തനത്തിനിറങ്ങി. അവിടെയും പ്രവാസത്തിന്റെ അഭയമായി വിലമതിക്കാനാകാത്ത സേവന പ്രവർത്തനങ്ങൾ നടത്തി ഐ സി എഫും മാതൃകയായി.

ഒറ്റപ്പെട്ടുപോയ ആളുകൾക്ക് കുടിനീരും ഭക്ഷണവുമെത്തിക്കാൻ അധികൃതരുമായി കൈകോർത്തു. ചിലർ കിലോമീറ്ററുകളോളം നീരൊഴുക്കിനെതിരെ കാൽനടയായി പോയാണ് കുടുംബങ്ങൾക്ക് ആശ്വാസ കരം നീട്ടിയത്. കെട്ടിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ രാപകലന്യേ അധ്വാനിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ, സ്വദേശികൾക്കും വിദേശികൾക്കും അത്ഭുതമായി. അവർ മലയാളികളെ ആദരവോടെ കണ്ടു. കൈമെയ് മറന്നായിരുന്നു മലയാളികളുടെ ഇടപെടൽ.

ഷാർജയായിരുന്നു ഈ ദുരിതത്തിന്റെ ഏറ്റവും വലിയ ആഘാതം നേരിട്ടത്. അൽ മജാസ് 1, അൽ മജാസ് 2, ഖാസിമിയ, അബൂ ഷഗാറ, അൽ വഹ്ദ, കിംഗ് ഫൈസൽ ഏരിയ, ജമാൽ നാസർ ഏരിയ, അൽ നാദ് ഏരിയ എന്നിവയാണ്. അൽ ബർശ, അൽ ഖൂസ്, ഹോർ അൽ അൻസ്, റാഷിദിയ, നാദ് അൽ ഹമർ, റാസൽ ഖോർ, ഖുസൈസ് തുടങ്ങിയ ദുബൈ ഭാഗത്തും നുഐമിയ, സനാഇയ, ടൗൺ ഏരിയ തുടങ്ങിയ അജ്‌മാൻ ഭാഗത്തുമാണ് പ്രളയ ദുരിത വെല്ലുവിളി ഏറ്റവും അനുഭവിച്ചത്.

മനസ്സ് നിറയ്ക്കുന്ന ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളിൽ കാണാനായി. ഒരു കെട്ടിടത്തിൽ കുടുങ്ങിപ്പോയ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ സ്വന്തം വാഹനത്തിൽ പോയ സന്നദ്ധ പ്രവർത്തകൻ വെള്ളക്കെട്ടിൽ കുടുങ്ങി. വാഹനത്തിൽ വെള്ളം കയറി. അപ്പോഴും അയാളുടെ ലക്ഷ്യം ആ കുടുംബമായിരുന്നു. ആ സന്നദ്ധ പ്രവർത്തകൻ കാർ വഴിയിൽ ഉപേക്ഷിച്ചു ഒരു കിലോമീറ്ററോളം നടന്നു, ആ കുടുംബത്തെ കരപറ്റാൻ സഹായിച്ചു.

എത്രയോ പേർ എവിടെ നിന്നെല്ലാമോ ചെറിയ തുഴ ബോട്ട് സംഘടിപ്പിച്ചു ഭക്ഷണവുമായി നഗരം ചുറ്റി. അപകടത്തിൽ പെടുമെന്നൊന്നും ഭയന്നില്ല. അപരന് സാന്ത്വനമാകണം എന്നത് മാത്രമായിരുന്നു ചിന്ത. പ്രകൃതി ക്ഷോഭങ്ങളിൽ, വിശേഷിച്ചു പ്രളയങ്ങളിൽ എന്ത് ചെയ്യണമെന്ന് നന്നായി മലയാളികൾക്കറിയാം. ഏതാനും വർഷം മുമ്പ് കേരളത്തെ വെള്ളപ്പൊക്കം വിഴുങ്ങിയപ്പോൾ പ്രകടിപ്പിച്ച പാരസ്പര്യം അവർ ഓർത്തെടുത്തു. ജാതിയോ മതമോ വർണമോ ഭാഷയോ ഒന്നും സന്നദ്ധ സേവന പ്രവർത്തകരായ മലയാളികൾ നോക്കിയില്ല. തോണിയിൽ നിന്നിറങ്ങാൻ മുതുക് കുനിച്ചു ചവിട്ടുപടി തീർത്ത തൊഴിലാളി അടക്കം എത്രയോ പേരുടെ ഉദാത്ത ഭാവം മലയാളി മനസ്സിൽ ജ്വലിച്ചു വന്നു. 2020ൽ ലോകമാകെ കൊറോണ ആഞ്ഞു വീശിയപ്പോൾ ഗൾഫിലും സഹായഹസ്തവുമായി തെരുവിലിറങ്ങി മലയാളി സന്നദ്ധപ്രവർത്തകർക്ക് ഇതിലേക്ക് ഇറങ്ങാൻ ഒരു വൈമനസ്യവും ഉണ്ടായില്ല.

അന്ന് ആളുകളെല്ലാം കടുത്ത അരക്ഷിതാ ബോധത്തിലായിരുന്നു. പല ഭാഗത്തും ആളുകൾ മരിച്ചു വീണു. വേഗം പടരുന്ന രോഗമായിരുന്നതിനാൽ സന്നദ്ധ പ്രവർത്തകർ പോലും ഭയന്നിരിക്കുകയായിരുന്നു അന്ന്. നാട്ടിലേക്ക് പോകാൻ വിമാനമുണ്ടായിരുന്നില്ല. കുറേക്കാലത്തേക്ക് നാട് അപ്രാപ്യമാണെന്ന നിസ്സഹായാവസ്ഥ കൊണ്ട്, ജീവിത ശൈലീ രോഗങ്ങളും മറ്റും പലരെയും വേഗം പിടിമുറുക്കി. അത്തരക്കാർക്ക് ഔഷധങ്ങളും ഭക്ഷണവും എത്തിക്കാൻ എത്രയോ മലയാളികൾ രംഗത്തിറങ്ങിയത്‌ ഇന്നും ഓരോ മലയാളിയുടെ മനസ്സിൽ മായാതെയുണ്ട്. വിമാനം ചാർട്ടർ ചെയ്തു ആളുകളെ സ്വദേശത്തേക്കയക്കാൻ വഴി കണ്ടെത്തിയതും മലയാളികൾ സന്നദ്ധർ തന്നെയാണല്ലോ.

ഇത്തവണ, ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. ആശയ വിനിമയത്തിന് സമൂഹ മാധ്യമങ്ങളെ സക്രിയമായി ഉപയോഗിച്ചു. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കു പോലും ഭക്ഷണം എത്തിച്ചു. ഐ സി എഫ് ഇറങ്ങിയത് പോലെ ദുരിതം തുടങ്ങിയ സമയം മുതൽ ആയിരത്തിലധികം സന്നദ്ധപ്രവർത്തകരെ രംഗത്തിറക്കിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. നൂറുകണക്കിന് കേസുകൾ അശ്രാന്തമായി അവർ കൈകാര്യം ചെയ്തു.

ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകി. പാർപ്പിടം, ഭക്ഷണം, മരുന്ന്, പലചരക്ക് സാധനങ്ങൾ, സുപ്രധാന സാമഗ്രികൾ എന്നിവ എത്തിച്ചു. ദുരിതം ലഘൂകരിക്കാൻ 24/7 ശ്രമങ്ങൾ നടന്നു. ഐ സി എഫിനെ കൂടാതെ ആർ എസ് സി, കെ എം സി സി, ഓർമ, അക്കാഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങി ഒട്ടനവധി സന്നദ്ധ പ്രവർത്തകർ മുൻനിരയിൽ പ്രവർത്തിച്ചതാണ് നമുക്ക് കാണാൻ കഴിയുക.

ദുബൈ കേന്ദ്രീകരിച്ചു മർകസ്, സഅദിയ സ്ഥാപനങ്ങളും മറ്റു ഗവൺമെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളും ഇങ്ങനെ നൂറുകണക്കിന് വളണ്ടിയേഴ്സിനെ അണിനിരത്തി. വെള്ളപ്പൊക്കം സാരമായി ബാധിച്ച ഹൂർ അൽ അൻസിലെ 50 ഓളം വീടുകൾ സന്നദ്ധ പ്രവർത്തകർ ശുചീകരിച്ചത് ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് തുടങ്ങിയ പത്രങ്ങളിൽ ലീഡ് ന്യൂസ് ആയിരുന്നു.

ദുരിത ദിവസങ്ങളിലെ വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് മുന്നോടിയായി ഐ സി എഫ് വളണ്ടിയേഴ്‌സ് മഴവെള്ളവും ചെളിയും നിറഞ്ഞ പള്ളികൾ വൃത്തിയാക്കി. അയൽപക്കങ്ങളിലെ അഭ്യർഥനകൾക്ക് കാതോർത്തു പാഞ്ഞെത്താൻ മിക്കവരും സദാ സന്നദ്ധരായി കാത്തിരിക്കുന്നു. ബിരിയാണി, പഴങ്ങൾ, വെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളും മരുന്നുകൾ, സാനിറ്ററി പാഡുകൾ, ബേബി ഉത്പന്നങ്ങൾ എന്നിവയും സൗജന്യമായി വിതരണം ചെയ്തു. മലയാളി ഉടമസ്ഥതയിലുള്ള വ്യാപാര ശൃംഖലകൾ അവസരത്തിനൊത്തുയർന്നു പലയിടത്തും സൗജന്യമായി ഭക്ഷ്യ സാമഗ്രികൾ എത്തിച്ചു. ആദ്യ ദിവസം 5,000 ലധികം ആളുകളിലേക്കും പിന്നെ തുടർ ദിവസങ്ങളിൽ പതിനായിരത്തിലധികം ആളുകൾക്ക് സഹായം ഒഴുകി.

കൂടാതെ അൽ ഐൻ ഫുജൈറ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലെ ഉൾപ്രദേശങ്ങളിൽ വരെ ദുരിതബാധിത ഇടങ്ങളിൽ സാന്ത്വനത്തിന്റെ പുഞ്ചിരിയുമായി സേവന മാലാഖമാർ ഓടിയെത്തി.

ഖുർആൻ പഠിക്കാനും മതത്തിന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാനുമുള്ള കേന്ദ്രമായ ഷാർജയിലെ അബ്ദുർറഹ്മാൻ ഔഫ് മദ്റസ ഈ കടന്നുപോകുന്ന വാരം നിരവധി പേർക്കുള്ള ആശാ കേന്ദ്രമായി. സാന്ത്വന സങ്കേതമായി പ്രവർത്തിക്കുന്ന മനോഹര കാഴ്ചയാണ് നാം കാണുന്നത്.
പ്രളയദുരിതം ഏറ്റവും പ്രയാസപ്പെടുത്തിയ ഷാർജയിൽ വെള്ളം കയറിയത് മുതൽ ഇവിടം ഒരു ഹെൽപ്പ് ഡെസ്ക് ആയി മാറുകയും പ്രളയ പ്രദേശങ്ങളിൽ ആവശ്യാനുസരണം നാലഞ്ച് ഗ്രൂപ്പുകളായി ഏകദേശം 200ൽ അധികം വരുന്ന ഐ സി എഫ് , ആർ എസ് സി പ്രവർത്തകർ ഒരുമിച്ചു കൂടുകയും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഓരോ ഭാഗത്തും എത്തിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കി ഇടപെട്ടു. മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ കോ ഓർഡിനേറ്റ് ചെയ്തു. അഴുക്കും ദുർഗന്ധവുമുള്ള വെള്ളത്തിലൂടെ സ്വയം മറന്നു മറ്റുള്ള സഹജീവികൾക്കായി പ്രവർത്തിക്കുന്ന രംഗം ഹൃദയഹാരിയായി.

മുഴുസമയങ്ങളിലും പ്രവർത്തിക്കുന്ന ഈ ഐ സി എഫ് ഹെൽപ്പ് ഡെസ്്കിലൂടെ നിരവധി ആവശ്യങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്. അതെല്ലാം മദ്്റസയിലെ ഐ ടി വിംഗ് ക്രോഡീകരിക്കുകയും കൂടുതൽ വിഷമത്തിലാക്കിയ പ്രദേശത്തെ സെക്ടർ യൂനിറ്റ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയും അവർക്ക് ആവശ്യം നിറവേറുന്നത് വരെ ഫോളോ അപ് നടത്തുകയും ചെയ്തു.
ധാരാളം സന്നദ്ധ കൂട്ടായ്മകളും ICF ന്റെ യു എ ഇയിലെ മറ്റു സെൻട്രൽ സെക്ടർ കേന്ദ്രങ്ങളിൽ നിന്നും മലയാളി കൂട്ടായ്മകളും അല്ലാത്തവരും ധാരാളം ഭക്ഷണപ്പൊതികളുമായി മദ്്റസയിൽ ദിനേന എത്തി. പാലും പമ്പേഴ്സും വെള്ളവും വെളിച്ചെണ്ണയും അരിയും അച്ചാറും മുതൽ കറണ്ടില്ലാത്ത ഫ്‌ളാറ്റുകളിലേക്ക് വെളിച്ചവും മെഴുകു തിരിയുമടക്കം ഒരു കുടുബത്തിനാശ്വാസമാകും വിധത്തിലുള്ള ആയിരത്തിലധികം കിറ്റുകളാണ് ദിനേന സേവന സംഘം വിതരണം ചെയ്തത്.

ഒരു ലോറി നിറയെ ഭക്ഷണ കിറ്റുമായി വന്ന ടീം മുന്നോട്ട് നീങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നു. അവർക്ക് വെള്ളത്തിൽ ഇറങ്ങിക്കൊടുക്കാൻ കഴിയുന്നില്ലത്രേ. അവർ ഐ സി എഫ് വളണ്ടിയേഴ്‌സിനെ ഏൽപ്പിച്ചാണ് തിരിച്ചു പോയത്. നിങ്ങൾ അർഹരിലേക്ക് എത്തിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് എന്നു പറഞ്ഞാണ് അവർ ബൈ പറഞ്ഞത്.

അറിവനുഭവത്തിന്റെ അബുർറഹ്മാൻ ഔഫ് മദ്റസ രാവും പകലുമില്ലാതെ 24 മണിക്കൂറും സജ്ജമായിരുന്നു. ദുരിതക്കെടുതി അനുഭവിക്കുന്നവർക്ക് സാന്ത്വനമാകാൻ.. ഒറ്റപ്പെടുന്നവരെ ചേർത്തുപിടിക്കാൻ…സ്വപ്നങ്ങൾക്ക് നിറം പകരാൻ… ആത്മാർഥ സേവനത്തിന്റെ, കരുതലിന്റെ അഭയം രാത്രി 10 മണിക്ക് ശേഷം ഒരറബി സഹോദരൻ നമ്മുടെ അൻവർ സാദത്തിനെ വിളിച്ചു ഞാനും ഭാര്യയും വളരെ പ്രയാസത്തിലാണ്. അസുഖം പിടിച്ചിട്ടുണ്ട് ഹോസ്പിറ്റലിൽ പോകണം. നിങ്ങളുടെ വളണ്ടിയേഴ്‌സ് ഒന്ന് സഹായിക്കാൻ വരുമോ എന്ന് ചോദിച്ചു കൊണ്ടാണ് വാട്സ്ആപ് മെസ്സേജ് അയച്ചത്.

അൻവർ ഈ വിനീതനെ വിളിച്ചു. ഉടൻ തന്നെ ഷാർജ മജാസ് ടീമിന്റെ നമ്പർ കൈമാറി. കോൺടാക്ട് ചെയ്യാൻ പറഞ്ഞു. ഉടൻ തന്നെ ഷാർജ ഐ സി എഫ് സാന്ത്വന ടീമുമായി ബന്ധപ്പെട്ടെങ്കിലും പലരും പല ഏരിയയിൽ വ്യാപൃതരും വാഹന സൗകര്യ സാഹചര്യമില്ലാത്ത അവസ്ഥയിലുമായിരുന്നു. എന്നെയും മറ്റുള്ളവരെയും പ്രയാസപ്പെടുത്തണ്ടയെന്നു കരുതി ഒന്നുമാലോചിക്കാതെ അൻവർ തന്റെ വാഹനവുമായി ഒറ്റയാനായി അൽഖൂസിൽ നിന്നും നേരെ ഷാർജ മജാസ് ഏരിയയിലേക്ക് പുറപ്പെടുകയായിരുന്നു.

ഷാർജ മജാസിലെ ഐ സി എഫ് പ്രവർത്തകർ റഫീഖ് മുസ്‌ലിയാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി വിവരങ്ങൾ അന്വേഷിച്ചു അവരെ സമാശ്വസിപ്പിച്ചു. അവർ അഷ്‌റഫും ഭാര്യയും (ഫലസ്തീനി )വളരെ അവശരാണെന്നും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും അവൻ കിഡ്നി പേഷ്യന്റ്ആണെന്നും അതിനാൽ വൈകരുതെന്നും പറഞ്ഞു. എന്നാൽ എന്തും സഹിച്ചുപോകാൻ തന്നെ തീരുമാനിച്ചു. സമയം രാത്രി ഒരു മണി. വഴിയിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും ഷാർജ മജാസ് 2 വിൽ ഫ്ലാറ്റിന് താഴേക്ക് തന്നെ വണ്ടി “നീന്തി’. സമയം പാതിരാത്രി രണ്ട് മണി കഴിഞ്ഞു. അത് വരെ റഫീഖ് മുസ്‌ലിയാർ അവിടെ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. കൂടെ ഒരു സുഹൃത്തുമുണ്ട്‌. അവശരായ അവരെയും പെട്ടെന്ന് വണ്ടിയിൽ കയറ്റി കുറച്ചു ദൂരം താണ്ടി. മെയിൻ റോഡ് എത്തിയപ്പോൾ ഒരു ആംബുലൻസ് കിട്ടി അതിലേക്ക് മാറ്റി “First Aid’ നൽകി അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തിരിച്ചു അൽഖൂസിൽ എത്തിയപ്പോൾ സമയം പുലർച്ചെ 3 30 കഴിഞ്ഞിരുന്നു.

ദുരിത മേഖലയിൽ പി പി ഇ കിറ്റ് ഒരുക്കി ഐ സി എഫ്

ദുരന്ത പൂർണ മേഖലയിൽ വളരെ കരുതലോടെ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മുഴുവൻ പേർക്കും പി പി ഇ കിറ്റ് നൽകി ഐ സി എഫ് മാതൃകയായി. 1500 ഒാളം കിറ്റുകൾ ഷാർജയിലും മറ്റു സ്ഥലങ്ങളിലും വളണ്ടിയേഴ്‌സിനു നൽകി. സ്വന്തം ജീവൻ മറന്നു സേവന പോരാട്ടത്തിനിറങ്ങുന്ന സഹ പ്രവർത്തകർക്ക് കരുതലും അഭയവുമാണ് ഐ സി എഫ്. സാന്ത്വന സേവന രംഗത്ത് നാട്ടിലും വിദേശത്തും മികച്ച് നില്‍ക്കുന്ന നമ്മുടെ പ്രസ്ഥാനത്തിന്റെ പ്രൗഢി ഒന്നുകൂടി ഉയര്‍ന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ ദിനങ്ങൾ. ലോകത്തിന്റെ ഹബ് എന്ന് വിശേഷിപ്പിക്കാവുന്ന ദുബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ന്യൂസ്‌, ഖലീജ് ടൈംസ് തുടങ്ങിയ പത്രങ്ങളിൽ ആദ്യത്തെ പേജിലെ പ്രധാന ചിത്രമായി ഷാര്‍ജയില്‍ മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് വേണ്ടി ഐ സി എഫ് വളണ്ടിയേര്‍സ് നടത്തുന്ന സേവന പ്രവര്‍ത്തനമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രവര്‍ത്തകനും , ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം.

പേടിക്കേണ്ട; നിങ്ങൾ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെ

ഐ സി എഫ് യു എ ഇ ടീമിനെ ശരിക്കും സല്യൂട്ട് ചെയ്യണം. ഹൈ റിസ്കുള്ള സ്ഥലങ്ങളിലും സമയങ്ങളിലും അവർ സ്വന്തത്തെ മറന്ന് ( മലിന വെള്ളവും കൂടി കലർന്ന വെള്ളക്കെട്ടിലൂടെ നടന്ന് പനി പിടിച്ചു കിടക്കുന്ന വളണ്ടിയേഴ്സ് ഉണ്ട്… അല്ലാഹു അവർക്ക് കരുണ ചെയ്യട്ടെ ) നിസ്സഹായരായി പോയവരെ ചേർത്തുപിടിക്കുകയാണ്.

സ്വന്തമായി വാഹനമുെണ്ടങ്കിലും യാത്ര ചെയ്യാൻ പറ്റാത്തവർ, കൈയിൽ പണമുണ്ട് ഒരു കുപ്പിവെള്ളം പോലും വാങ്ങിക്കാൻ നിർവാഹമില്ലാത്തവർ, ഇതുവരെ സമ്പാദിച്ചത് മുഴുവനും കൺമുമ്പിൽ ഒലിച്ചു പോയി നിമിഷനേരം കൊണ്ട് ദരിദ്രരായിപ്പോയവർ ഇങ്ങനെ ദുരിതപ്പെയ്ത്തിന്റെ മുമ്പിൽ പകച്ചുനിൽക്കുന്ന ആയിരങ്ങൾക്കാണ് അഭയമായത്!

കോവിഡ് കാലത്ത്, നാട്ടിലെ പ്രളയകാലത്ത്, ഒമാനിലെ ഷഹീൻ കൊടുങ്കാറ്റ് വേളയിൽ, സുഡാൻ കലാപത്തിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സഊദി കേന്ദ്രീകരിച്ച് നടന്ന കാവേരി ഓപ്പറേഷൻ സമയത്ത്, യമൻ യുദ്ധത്തിൽ കുടുങ്ങിയവരെ ഒമാൻ ബോർഡർ വഴി രക്ഷിച്ചു നാട്ടിലയച്ച പ്രവർത്തനങ്ങളിൽ…. അങ്ങനെ ആ പട്ടിക നീണ്ടതാണ്. ഇവിടെയെല്ലാം ഒറ്റപ്പെട്ടുപോയ സഹജീവികളെ ചേർത്തുപിടിക്കുന്നതിൽ ഐ സി എഫ് നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ, അതുല്യമാണ്, ഇടപെടലുകൾ ധീരവുമാണ്.

Latest