Connect with us

Organisation

രാജ്യത്തിന്റെ അന്തസ്സിന് വേണ്ടി തിരഞ്ഞെടുപ്പില്‍ നിലപാടെടുക്കണം: എസ് വൈ എസ്

മനുഷ്യരെ വിശ്വാസത്തിന്റെയോ മതത്തിന്റെയോ വൈകാരികതയില്‍ തളച്ചിട്ട് രാഷ്ട്രീയനേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തെ പിറകോട്ടു നയിക്കും.

Published

|

Last Updated

 

തിരുവനന്തപുരം | രാജ്യത്തിന്റെ അന്തസ്സിന് വേണ്ടി തിരഞ്ഞെടുപ്പില്‍ നിലപാടുകളെടുക്കണമെന്നും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമേ സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സ് നിലനിര്‍ത്താനാകുവെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി  തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിയൂണ്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിനു മാതൃകയാക്കാവുന്ന മൂല്യങ്ങള്‍ ഉദ്ഘോഷിക്കുന്ന നമ്മുടെ ഭരണഘടനയാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ അന്തസ്. രാജ്യത്തെ ജനതയുടെ മൗലികമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന, സ്വതന്ത്ര ഭാരതത്തിന്റെ ഏറ്റവും അന്തസ്സാര്‍ന്ന സൃഷ്ടിയാണത്. എന്നാല്‍ പൗരന്‍മാര്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സന്ദര്‍ഭങ്ങള്‍ സംജാതമായ സാഹചര്യത്തിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണഘടന വാഗ്ദത്തം നല്‍കുന്ന വിശ്വാസം, ഭക്ഷണം, രാഷ്ട്രീയം, ചരിത്രം, നീതിന്യായം, ജനാധിപത്യം, വിദ്യാഭ്യാസം, തുടങ്ങിയ മൗലിക അവകാശങ്ങള്‍ സ്വതന്ത്രമായും നീതിയുക്തമായും ലഭ്യമാകണം. ഇതിന് ഭരണഘടന നിലനില്‍ക്കേണ്ടതുണ്ട്. ഇതിന് ഭരണഘടനാ രൂപവത്കരണ സഭകള്‍ ജനാധിപത്യ സ്വഭാവത്തില്‍ സംരക്ഷിക്കപ്പെടണം.

രാജ്യത്തിന്റെ ദേശീയവും സാംസ്‌കാരികവുമായ ബഹുസ്വരതയുടെ പരിച്ഛേദമാകണം നമ്മുടെ പാര്‍ലിമെന്റ്. ഏകശിലാത്കമായ അധികാരവും ആധിപത്യവും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ബഹുമുഖ സൗന്ദര്യത്തെ ഇല്ലാതാക്കും. സഹിഷ്ണുതയും സാഹോദര്യവും നമുക്ക് പയറ്റിനോക്കാന്‍ പോലും സാധിക്കുക വിവിധ ആശയങ്ങളിലുള്ള മനുഷ്യര്‍ ഒരുമിച്ചു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്. അതുകൊണ്ട് നമ്മുടെ ജനാധിപത്യ കേന്ദ്രസ്ഥാപനമായ പാര്‍ലിമെന്റില്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും പ്രതിബദ്ധതയുള്ളവരുടെ സാന്നിധ്യം ഉണ്ടാകണം.

മനുഷ്യരെ വിശ്വാസത്തിന്റെയോ മതത്തിന്റെയോ വൈകാരികതയില്‍ തളച്ചിട്ട് രാഷ്ട്രീയനേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തെ പിറകോട്ടു നയിക്കും. അതു സംരക്ഷിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ സൂക്ഷ്മമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നവിധം മലയാളികള്‍ പ്രബുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ശരീഫ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി, മുഹമ്മദലി കിനാലൂര്‍, സനൂജ് വഴിമുക്ക്, ഫൈസല്‍ കൊല്ലം പ്രസംഗിച്ചു.
പ്ലാറ്റിയൂണ്‍ അസംബ്ലിയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച റാലി പുത്തരിക്കണ്ടത്ത് സമാപിച്ചു. തുടര്‍ന്ന് സാമൂഹിക സാന്ത്വന രംഗത്ത് സേവന സന്നദ്ധരായ ആയിരം പ്ലാറ്റിയൂണ്‍ അംഗങ്ങളെ നാടിന് സമര്‍പ്പിച്ചു.

 

Latest