Editorial
വിദ്വേഷ പ്രചാരകര്‍ക്ക് താക്കീത് മാത്രം പോരാ
മുസ്്ലിം ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നു എന്ന് കേരളത്തില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട വ്യാജ പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന വിദ്വേഷ പ്രചാരണമാണ് റൂഹ് അഫ്സക്കും ഹംദര്‍ദിനുമെതിരെ രാംദേവ് നടത്തിയിരിക്കുന്നത്.

നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അതില്‍ നിന്ന് സമ്പാദിക്കുന്ന പണം മദ്‌റസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു, ലവ് ജിഹാദ് പോലെ ഇതും ഒരുതരം സര്‍ബത്ത് ജിഹാദ് തന്നെയാണ്. ഈ സര്‍ബത്ത് ജിഹാദില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ഈ സന്ദേശം എല്ലാവരിലും എത്തണം – ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാബ രാംദേവ് എന്ന വിവാദ സന്യാസി നടത്തിയ ഈ പ്രസ്താവനക്കെതിരെ ഡല്‍ഹി ഹൈക്കോടതി ഇന്നലെ രൂക്ഷമായ വിമര്‍ശമാണുന്നയിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം കമ്പനിയായ പതഞ്ജലി, റോസ് സര്‍ബത്ത് പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. അദ്ദേഹം ലക്ഷ്യമിട്ടത് ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ യുനാനി ബ്രാന്‍ഡ് ആയ ഹംദര്‍ദിനെയായിരുന്നു. ജനപ്രിയ പാനീയമായ റൂഹ് അഫ്സയെ ഉന്നമിട്ടാണ് അദ്ദേഹം സര്‍ബത്ത് ജിഹാദ് എന്ന പരാമര്‍ശം നടത്തിയതെന്ന് സ്പഷ്ടമായിരുന്നു. പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക് പേജില്‍ ബാബ രാംദേവിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.
വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശമാണുയര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ദിഗ്്വിജയ് സിംഗ് ഭോപ്പാലിലെ ടി ടി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഇതിനെതിരെ പരാതി നല്‍കി. കമ്പനിയുടെ ഉടമ മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സര്‍ബത്തിനെ എതിര്‍ക്കുന്നത്. വിദ്വേഷ പ്രസംഗമായി കണക്കാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായതും കര്‍ശനവുമായ നടപടി സ്വീകരിക്കണം എന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹംദര്‍ദ് കമ്പനിയും രാംദേവിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹംദര്‍ദിന് വേണ്ടി ഹാജരായത്. വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള വിദ്വേഷ പരാമര്‍ശമാണ് രാംദേവ് നടത്തിയതെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. ന്യായീകരണമില്ലാത്തതും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ് പരാമര്‍ശമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. രാംദേവ് ആരുടെയും പേര് പറഞ്ഞില്ല എന്നുള്ള പതഞ്ജലിയുടെ അഭിഭാഷകന്‍ രാജീവ് നായരുടെ മുട്ടുന്യായമൊന്നും കോടതി മുഖവിലക്കെടുത്തില്ല. വീഡിയോ കണ്ട് സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ലെന്ന് പറഞ്ഞ ജസ്റ്റിസ് അമിത് ബന്‍സല്‍ വീഡിയോ പിന്‍വലിച്ച്, ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്ന സത്യവാങ്മൂലം നല്‍കാന്‍ അഭിഭാഷകനോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി വടിയെടുത്തതോടെ എല്ലാം സമ്മതിച്ച് പിന്‍വാങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ രാംദേവിന്.
ഹംദര്‍ദിനോട് പതഞ്ജലിക്കുള്ളത് കച്ചവട മത്സരമല്ല. ഹംദര്‍ദ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1906ലാണ്. പതഞ്ജലിയാകട്ടെ 2006ലും. ഒരു നൂറ്റാണ്ടിന്റെ വ്യത്യാസം. ഹംദര്‍ദിനോട് മത്സരിക്കാവുന്ന ഒന്നും രാംദേവിന്റെ കൈയിലില്ല. യോഗയെ മറയാക്കിയും സംഘ്പരിവാറിനോട് ഒട്ടിനിന്നും രാഷ്ട്രീയമായി ആര്‍ജിച്ച അധികാര സ്വാധീനം മാത്രമാണ് രാംദേവിന്റെ ബിസിനസ്സ് മുതല്‍മുടക്ക്. ഹംദര്‍ദ് ലോകോത്തര ബ്രാന്‍ഡാണ്. അതിനോട് ചേര്‍ത്തുപറയാവുന്ന ഒരു ബ്രാന്‍ഡ് നെയിം അല്ല പതഞ്ജലി. ഹൈന്ദവ ആത്മീയതയും ഹിന്ദുത്വ വര്‍ഗീയതയും സമാസമം ചേര്‍ത്തുള്ള വിപണി സൂത്രവാക്യമാണ് രാംദേവിന്റേത്. ഹംദര്‍ദ് അത്തരത്തില്‍ ഏതെങ്കിലും വഴിവിട്ട നീക്കങ്ങളിലൂടെ അടയാളപ്പെട്ട ബ്രാന്‍ഡല്ല. പിന്നെന്തിനാണ് രാംദേവ് ഹംദര്‍ദിനെതിരെ രംഗത്തുവന്നത്. ദിഗ്്വിജയ് സിംഗ് ചൂണ്ടിക്കാട്ടിയതാണ് കാരണം. ഹംദര്‍ദിന്റെ ഉടമ മുസ്‌ലിമാണ്. മുസ്‌ലിംവിരുദ്ധമായ എന്തും ഏതും എളുപ്പം വിറ്റഴിക്കപ്പെടാവുന്ന തുറന്ന വിപണിയായി ഇന്ത്യ ഇതിനകം മാറിയെന്ന്, സംഘ്പരിവാര്‍ അവ്വിധം രാജ്യത്തെ മാറ്റിത്തീര്‍ത്തുവെന്ന് ഏറ്റവും നന്നായി അറിയാവുന്നൊരാള്‍ ബാബ രാംദേവ് ആണ്. ഒരര്‍ഥത്തില്‍ ഇന്ത്യയുടെ ഈ ഹിന്ദുത്വവിപണിയുടെ ഉത്പന്നം തന്നെയാണ് രാംദേവ് എന്നും പറയാം.
കച്ചവടത്തില്‍ പോലും മതം കാണുന്നവരാണ് സംഘ്പരിവാര്‍. ഹിന്ദു ആഘോഷങ്ങള്‍ക്ക് വേണ്ടി മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്ന, മുസ്‌ലിം കടകള്‍ക്ക് മുന്നില്‍ ഉടമസ്ഥന്റെ പേര് പ്രസിദ്ധപ്പെടുത്തണം എന്ന് വാശി പിടിക്കുന്ന ഭ്രാന്തമായ ഉന്മാദാവസ്ഥയിലാണ് ഹിന്ദുത്വ ഫാസിസം വളര്‍ന്നെത്തിയിരിക്കുന്നത്. രാംദേവ് പിന്‍പറ്റുന്നത് ആ രാഷ്ട്രീയത്തെയാണ്. അദ്ദേഹത്തെ നയിക്കുന്ന ഉന്മാദ മനോനിലയുടെ പ്രത്യയശാസ്ത്ര നാമം ഹിന്ദുത്വ എന്നുതന്നെയാണ്. മുസ്‌ലിം സര്‍ബത്തിനെ പരാജയപ്പെടുത്താന്‍ ഹിന്ദുത്വ സര്‍ബത്ത് എന്ന് നേര്‍ക്കുനേര്‍ പറയാന്‍ മടിക്കുന്നതുകൊണ്ട് രാംദേവ് മറ്റൊരു വാചകത്തില്‍ അക്കാര്യം പറഞ്ഞൊപ്പിച്ചു: അവര്‍ സര്‍ബത്ത് വിറ്റാല്‍ പള്ളിയുണ്ടാക്കും, ഈ (റോസ്) സര്‍ബത്ത് വിറ്റു കിട്ടുന്ന പണമുപയോഗിച്ച് ഗുരുകുലമുണ്ടാക്കും- ഇങ്ങനെയാണ് രാംദേവ് വീഡിയോയില്‍ പറഞ്ഞത്. പരസ്യങ്ങളില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചതിന് ഈ യോഗാചാര്യനെ സുപ്രീം കോടതി താക്കീത് ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് കൂപ്പുകൈകളോടെ പരമോന്നത കോടതിയില്‍ മാപ്പ് പറഞ്ഞാണ് അദ്ദേഹവും പതഞ്ജലിയുടെ സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണയും ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്. നിങ്ങള്‍ അത്ര നിഷ്‌കളങ്കന്‍ അല്ലെന്നാണ് ആ കേസില്‍ സുപ്രീം കോടതി രാംദേവിനോട് പറഞ്ഞത്.
വിവാദങ്ങള്‍ സൃഷ്ടിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുമുള്ള രാംദേവിന്റെ പരിഹാസ്യമായ ശ്രമമാണ് റൂഹ് അഫ്‌സക്കെതിരായ പരാമര്‍ശത്തില്‍ തെളിയുന്നത്. അതൊരു മുസ്‌ലിം
പ്രൊഡക്ട് അല്ല. അതില്‍ നിന്ന് കിട്ടുന്ന വരുമാനം പള്ളികളിലേക്കും മദ്റസകളിലേക്കുമല്ല പോകുന്നത്. റൂഹ് അഫ്സ ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ മാത്രവുമല്ല. ലോകവ്യാപകമായി സ്വീകാര്യതയുള്ള പാനീയമാണത്. എന്നിട്ടും ഇത്തരം വെളിവുകെട്ട പ്രചാരങ്ങള്‍ നടത്താന്‍ രാംദേവിനെ പ്രേരിപ്പിക്കുന്നത് മാറിയ (മാറ്റപ്പെട്ട) ഇന്ത്യന്‍ മനസ്സുകള്‍ തന്നെയാകണം. മുസ്‌ലിം ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നു എന്ന് കേരളത്തില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട വ്യാജ പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന വിദ്വേഷ പ്രചാരണമാണ് റൂഹ് അഫ്സക്കും ഹംദര്‍ദിനുമെതിരെ രാംദേവ് നടത്തിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ ശിക്ഷ താക്കീത് മാത്രമായി ഒതുങ്ങുന്നതാണ് രാംദേവിനെ പോലുള്ളവര്‍ക്ക് വീണ്ടും വിദ്വേഷം വിളമ്പാന്‍ ധൈര്യം പകരുന്നത്. മതസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ നിയമം അനുശാസിക്കുന്ന ഗുരുതര വകുപ്പുകള്‍ തന്നെ ചുമത്തി ശിക്ഷ നല്‍കിയെങ്കിലേ ഇത്തരം വ്യാജപ്രചാരകരെ പിടിച്ചുകെട്ടാന്‍ കഴിയൂ.