Connect with us

Kerala

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി

'സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്.'

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിക്രമം തടയാന്‍ ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിക്കുന്നു. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണം തടയാന്‍ 2012ല്‍ നിയമം കൊണ്ടുവന്നു. അതിനെ കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നു.

ഓര്‍ഡിനന്‍സ് ഇറക്കാനാണ് ആലോചന. ആശുപത്രികളില്‍ സി സി ടി വി കാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. വനിതാ ഡോക്ടര്‍ക്ക് ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് കുത്തേറ്റത്. രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ചികിത്സക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോ. വന്ദനദാസിന്റെ മരണം വളരെ ദാരുണവും നിര്‍ഭാഗ്യകരവുമായ സംഭവമാണ്. പോലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നുവെങ്കിലും വിഫലമായി. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്.

സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. പോലീസ് എയ്ഡ് പോസ്റ്റുള്ള സ്ഥലത്തായിരുന്നു ആക്രമണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സി എം ഒയും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജനാണ്. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ അതിശക്തമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.