Connect with us

ആത്മായനം

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...

സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട ചില മര്യാദകളില്‍ സുപ്രധാനമാണ് വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത്. ഓരോ വ്യക്തിയുടെയും അന്തസ്സും അഭിമാനവും ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നു. വ്യക്തിഹത്യ നടത്തുന്നതും അഭിമാനം ക്ഷതപ്പെടുത്തുന്നതും മതം അനുവദിക്കുന്നില്ല. മറ്റുള്ളവരുടെ ന്യൂനതകള്‍ മറച്ചുവെക്കുന്നതും കുറ്റകൃത്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുന്നതും അഭിമാനം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്.

Published

|

Last Updated

നാലാൾ കൂടുന്നിടത്തൊക്കെ സംസാരത്തിനൊരു എരിവും പുളിവും കൂട്ടാൻ നല്ല മസാല കരുതുന്നവരാണ് നമ്മളിൽ പലരും. ആരുടെയെങ്കിലും കുറ്റവും കുറവും പറയാതെ ഒരു സദസ്സും പിരിയരുതെന്ന അലിഖിത നിയമമുള്ള പോലെ. “ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറഞ്ഞാലേ ഒരു ഹരമുള്ളൂ, പിന്നങ്ങ് പൊരുത്തപ്പെടീക്കാലോ’ എന്ന ഒരു സഹോദരന്റെ ഫലിതം കേട്ടപ്പോൾ ചിരിയേക്കാൾ അതിന്റെ ഗുരുതരമായ വിനയാണുള്ളിൽ തട്ടിയത്. അതാണീ എഴുത്തായി പരിണമിച്ചത്.

ഒരാൾ അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ മുമ്പില്‍ ഒരു മദ്യപനുമായെത്തി. “ഇയാള്‍ കുടിച്ച് ലക്ക് കെട്ടിരിക്കുകയാണ്. ” ഇബ്‌നു മസ്ഊദ് (റ) ജനങ്ങളോട് അയാളുടെ വായയും മുഖവും പരിശോധിക്കാനാവശ്യപ്പെട്ടു. മദ്യപാനിയാണെന്നുറപ്പായപ്പോള്‍ ശിക്ഷിക്കാന്‍ ഉത്തരവിട്ടു. എന്നിട്ട് മദ്യപനെ കൊണ്ടുവന്നവനോടായി പറഞ്ഞു:

നീ അയാളുടെ കാര്യത്തില്‍ മര്യാദയല്ല കാണിച്ചത്. തെറ്റുകള്‍ മറച്ചുവെച്ചതുമില്ല. അധികാരിയുടെ മുമ്പില്‍ കുറ്റവാളിയെ ഹാജരാക്കിയാല്‍ ശിക്ഷ നടപ്പാക്കാതെ നിര്‍വാഹമില്ലല്ലോ. അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുക്കുന്നവനുമാണ്. അതിനാല്‍ ജനങ്ങളും പരസ്പരം വിട്ടുവീഴ്ച ചെയ്യണം. നിങ്ങളുടെ കൂട്ടുകാരനെതിരില്‍ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്. കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാകുന്നത് പോലെയോ അതിലേറെയോ ഗുരുതരമാണ് അത് പരസ്യപ്പെടുത്തി അപമാനിക്കല്‍, അല്ലാഹുവിനത് ഇഷ്ടമില്ല, ജനങ്ങള്‍ക്കും. മറ്റൊരു സംഭവം കൂടി ചേർത്തു വായിക്കാം.

കലീമുല്ലാഹി മൂസാ നബി(അ)യുടെ പ്രബോധന കാലം. മഴ നിലച്ചു, കനത്ത വരൾച്ച പിടിപെട്ടു, ജനം മൂസാ നബിക്കരികിലെത്തി പ്രാർഥിക്കാനാവശ്യപ്പെട്ടു, അവിടുന്ന് മലകയറി, മലമുകളിൽ വെച്ച് പ്രാർഥനയിലായി, “മൂസാ, നിങ്ങൾക്കിടയിൽ ഒരു ധിക്കാരിയുണ്ടായിരിക്കെ ഞാനെങ്ങനെ മഴതരാനാണ്’.അല്ലാഹുവിന്റെ മറുപടി ! മൂസാ നബി (അ) മലയിറങ്ങി വന്ന് ജനങ്ങളോടിക്കാര്യം ബോധ്യപ്പെടുത്തി.

“ഇക്കൂട്ടത്തിൽ ധിക്കാരിയായൊരുവനുണ്ട്. അയാളിക്കൂട്ടത്തിലിരിക്കരുത്, പോകണം’.ഒരാളും പോയില്ല. പക്ഷേ, മഴ പെയ്തു തുടങ്ങി!!

അത്ഭുതത്തോടെ നബി വീണ്ടും മലമുകളിലേക്ക് അല്ലാഹുവുമായുള്ള അഭൗമിക സംഭാഷണത്തിലായി. “അല്ലാഹ് അവരിലാരും എഴുന്നേറ്റു പോയില്ലല്ലോ നീ മഴ പെയ്യിച്ചല്ലോ ?!’
“മൂസാ ആ ധിക്കാരി ഹൃദയമുരുകി തൗബ ചെയ്തതിനു ശേഷമാണ് നാം മഴ തന്നത്’
“റബ്ബേ അവനാരാ ഞങ്ങളൊന്നറിയട്ടെ’ (അത്രയും ഹൃദയം തൊട്ട് തൗബ ചെയ്തവനെ അറിയലാണ് മൂസാ നബിയുടെ ലക്ഷ്യം)
“മൂസാ, അവൻ ധിക്കാരിയായിട്ടും ഞാനവനെ മറച്ചുവെച്ചു, പിന്നെയെങ്ങനെ തൗബ ചെയ്ത അവനെ മറച്ചുവെക്കാതിരിക്കും’.

അത്ര പോലും അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് അപരന്റെ മാന്യതയെന്ന് ഈ പാഠം നമ്മെ ബോധ്യപ്പെടുത്തുന്നു. സ്വന്തത്തിന്റെയോ മറ്റുള്ളവരുടെയോ തെറ്റുകുറ്റങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് ഒരിക്കലും ശരിയല്ല. സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട ചില മര്യാദകളില്‍ സുപ്രധാനമാണ് വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത്. ഓരോ വ്യക്തിയുടെയും അന്തസ്സും അഭിമാനവും ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നു. വ്യക്തിഹത്യ നടത്തുന്നതും അഭിമാനം ക്ഷതപ്പെടുത്തുന്നതും മതം അനുവദിക്കുന്നില്ല. മറ്റുള്ളവരുടെ ന്യൂനതകള്‍ മറച്ചുവെക്കുന്നതും കുറ്റകൃത്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുന്നതും അഭിമാനം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്.

ദുനിയാവിൽ അപരന്റെ ന്യൂനത മറച്ചുവെച്ചവന്റെ ന്യൂനത ആഖിറത്തിൽ അല്ലാഹു മറച്ചുവെക്കുമെന്നാണ് തിരുവരുൾ. ഉപദേശിക്കുകയാണെങ്കിൽ പോലും വ്യക്തിത്വം ഹനിക്കുന്ന രൂപത്തിലാവരുത്. ബഹുമാനപ്പെട്ട ഇമാം ശാഫിഈ (റ) തന്റെ കവിതയിൽ ഉൾപ്പെടുത്തിയ ആശയവുമതാണ്.

എന്നെ സ്വകാര്യമായ് ഉപദേശിക്കണം,
ആൾക്കൂട്ടത്തിനിടയിൽ നിന്നരുത്.
അത് ചെവിടറയ്ക്കുന്നൊരു തരം ശാസനയാണ്.
ഇനി ഈ പറയുന്നതിന് വിപരീതമാണ് നിങ്ങളുടെ നിലപാടെങ്കിൽ അതനുസരിക്കാത്തതിൽ നിങ്ങൾ അസ്വസ്ഥനാകരുതേ…

ഹെയർ സ്റ്റൈലിന്റെ പേരിലോ കൂട്ടുകെട്ടുകളുടെ പേരിലോ ലൗ അഫയറിന്റെ പേരിലോ വാഹനമോടിക്കുന്നതിലെ ശരികേടുകളുടെ പേരിലോ കവലകളിൽ വെച്ച് വഷളാക്കപ്പെടേണ്ടി വന്നവർ ആ ശീലമൊന്നും തിരുത്താൻ പോകുന്നില്ല. എന്നാൽ ഹൃദ്യമായ രീതിയിൽ രഹസ്യമായി ഉപദേശിച്ചാൽ ദുശ്ശീലങ്ങൾ പതിയെ പതിയെയങ്ങ് നിർത്തും.

വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും റസൂലിന്റെ ശൈലി അതായിരുന്നു. ഭാര്യമാരിൽ നിന്നോ അനുചരന്മാരിൽ നിന്നോ ഇഷ്ടമില്ലാത്തത് കണ്ടാൽ ഇലക്കും മുള്ളിനും പോറലേൽക്കാതെ തിരുത്തുന്ന മനോഹരമായ ഇടപെടലുകളായിരുന്നു ആ ജീവിതം നിറയെ.
100 ശതമാനം ധാരണയില്ലാത്ത കാര്യങ്ങൾ തൊട്ടു നോക്കുക പോലുമരുത്. അത് വെച്ച് വിളമ്പുകയെന്നത് തനിക്കു വേണ്ടി സ്വയം കുഴിക്കുന്ന കുഴിയാണ്.

തിരുദൂതരിൽ നിന്ന് അബൂ മുസ (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ടക്കാര്യം: “പകലിലെ തെറ്റുകാർക്ക് പൊറുത്തു കൊടുക്കാനായി അല്ലാഹു രാത്രി കാത്തിരിക്കും, രാത്രിയിലെ തെറ്റുകാർക്ക് പൊറുത്തു കൊടുക്കാൻ പകലും. ഏതാണ്ട് ധാരണയുള്ള കാര്യങ്ങൾ ഗൗരവത്തിൽ കാണണം. കാരണം, അങ്ങനെയുള്ളതിൽ പലതും വ്യാജമാണ്. നിങ്ങൾ പരസ്പരം ചൂഴ്ന്നന്വേഷിക്കരുത്. കുശുമ്പ് കൊണ്ട് നടക്കരുത്. പിന്നാമ്പുറങ്ങൾ തേടി പോകരുത്. വിദ്വേഷം വെച്ചുപുലർത്തരുത്. നിങ്ങൾ സൗഹാർദമുള്ള അല്ലാഹുവിന്റെ അടിമകളാകുവിൻ’.
സൂറ ഹുജുറാത്തിന്റെ 12-ാം ആയത്ത് അതിനെ ബലപ്പെടുത്തുന്നുമുണ്ട്.

“ഓ സത്യവിശ്വാസികളേ, ഏതാണ്ട് ധാരണയുള്ളതിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജിക്കുവിൻ. നിശ്ചയമായും അതിൽ ചിലത് ഗുരുതര ശിക്ഷക്ക് വിധേയമാകും. നിങ്ങൾ ചാരവൃത്തി നടത്തരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയുമരുത്. മരിച്ചു കിടക്കുന്ന തന്റെ സഹോദരന്റെ മാംസം തിന്നാൻ നിങ്ങളാരെങ്കിലും താത്പര്യപ്പെടുമോ?! എന്നാൽ, അതു നിങ്ങൾ വെറുക്കുന്നുവല്ലോ. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണ്.’

അപരന്റെ തെറ്റും തേടി പോകുന്ന നേരം മതി നമ്മുടേത് കണ്ടെത്തി തിരുത്താൻ. അന്യരുടെ ന്യൂനത തേടുന്നത് വൃത്തിഹീനമാണ്. നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നതോടൊപ്പം സർവരംഗത്തും നമ്മൾ പരാജയപ്പെടും.

തിരുദൂതരിൽ നിന്ന് സൗബാൻ (റ) രേഖപ്പെടുത്തിയ ഹദീസ് നോക്കൂ: അല്ലാഹുവിന്റെ അടിമകളെ വെറുപ്പിക്കരുത്; അലോസരപ്പെടുത്തരുത്, അവരുടെ ന്യൂനതകൾ തേടി നടക്കരുത്. വിശ്വാസിയായ സഹോദരന്റെ ന്യൂനത തേടി നടക്കുന്നവന്റെ ന്യൂനതകൾ അല്ലാഹു വെളിപ്പെടുത്തും, അകത്തളങ്ങളിലൊളിച്ചാലും അവനെ വഷളാക്കും. മാത്രമല്ല, തീര്‍ച്ചയായും സത്യവിശ്വാസികളുടെ പേരിൽ ദുര്‍വൃത്തി പ്രചരിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനിക്കുന്ന ശിക്ഷയുള്ളത്‌. (നൂർ19)