Connect with us

Kerala

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനാലാം ദിവസവും കടലില്‍ തിരച്ചില്‍ തുടരും

മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുക

Published

|

Last Updated

തിരുവനന്തപുരം | കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനാലാം ദിവസവും തിരച്ചില്‍ തുടരും. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവര്‍ക്കായി പൂവാര്‍, പൊഴിയൂര്‍, കൊല്ലംകോട് തീരങ്ങളിലും കന്യാകുമാരി, കൊച്ചി പുറംകടലുകളിലും ഹെലികോപ്റ്ററും കപ്പലുകളും വള്ളങ്ങളും ഉപയോഗിച്ച് ഇന്ന് വിപുലമായ പരിശോധന നടത്തും.

മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുക. മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി കോസ്റ്റല്‍ പോലീസിന്റെ റെസ്‌ക്യൂ ബോട്ടും ഫിഷറീസ് വള്ളങ്ങളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോണ്‍ മത്യാസിനായി കൊച്ചിയില്‍ നിന്നും തൂത്തുക്കുടിയില്‍ നിന്നുമെത്തിയ കപ്പലുകളും മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

മുതലപ്പൊഴിയില്‍ കായലില്‍ വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി പ്രവീനിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലില്‍ പ്രവേശിക്കുമ്പോള്‍ അപസ്മാരം ഉണ്ടാകുകയും തുടര്‍ന്ന് കായലിലേക്ക് വീഴുകയുമായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, പുല്ലുവിള സ്വദേശി ജോണ്‍ മത്യാസ് എന്നിവരെ കണ്ടെത്താനുള്ള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ വാഗ്ധാനം ചെയ്തിട്ടുണ്ട്.

അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാല്‍ മുങ്ങല്‍വിദഗ്ധര്‍ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളില്‍ വ്യോമ-ജല മാര്‍ഗങ്ങളിലൂടെ പരിശോധനകള്‍ നടത്തിയിരുന്നു. ബന്ധുക്കള്‍ സ്വന്തം നിലയില്‍ സ്‌കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ വിവിധ പേപ്പറുകളില്‍ ഒപ്പിട്ടുനല്‍കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയും ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തീരമേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.

 

Content Highlights:
Search for missing fishermen in Muthalapozhi and Vizhinjam enters the 14th day. Helicopters, ships, and rescue boats are deployed across various coastal zones. Meanwhile, the body of Praveen was recovered earlier near the Muthalapozhi estuary.

 

Latest