From the print
നീലഗിരിക്കുന്നില്‍ ഇന്ന് കല്യാണപ്പകല്‍: 850 പേര്‍ വിവാഹ ജീവിതത്തിലേക്ക്
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വിവാഹ സംഗമം ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും
ഗൂഢല്ലൂര്‍ | നീലഗിരിയില്‍ പാടന്തറ മര്‍കസിന്റെ മടിത്തട്ടില്‍ 850 യുവ മിഥുനങ്ങള്‍ ഇന്ന് വിവാഹ വേദിയിലേക്ക്. കഷ്ടപ്പാടിന്റെ ലയങ്ങള്‍ കടന്ന് ഇനി ഒരു കുടുംബ ജീവിതം അപ്രാപ്യമെന്ന് വിചാരിച്ചുറപ്പിച്ചവര്‍ ഇന്ന് മണവാട്ടിയുടെ പുടവ ചൂടും. തേയില നുളളിയുള്ള തുച്ഛം സമ്പാദ്യം കൊണ്ട് ജീവിതത്തിന്റെ ഒരറ്റം പോലും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത ദൈന്യതയുടെ പാടികളില്‍ ഇന്ന് മംഗല്യത്തിന്റെ ആഹ്ലാദ നിമിഷം.
കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് തവണകളായി 2,000 വിവാഹ സ്വപ്നങ്ങള്‍ക്കാണ് പാടന്തറ മര്‍കസുത്തസ്‌കിയതു സുന്നിയ്യ നിറം പകര്‍ന്നത്. ഇത്തവണ സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗം കൂടിയാണ് 850 പേരുടെ “തിരുമണം’. പാടന്തറ മര്‍കസിന്റെ മുറ്റത്ത് ഇന്ന് 42 നികാഹുകളാണ് ഒരേ സമയം നടക്കുക. പല തവണകളിലായി ഇത് ആവര്‍ത്തിക്കും. നവ ദമ്പതികളുടെ ബന്ധുക്കളും നാട്ടുകാരുമായി ഒരു ലക്ഷം പേര്‍ അതിഥികളായെത്തും.
സമൂഹ വിവാഹത്തോടനുബന്ധിച്ച് വിവാഹിതരാകുന്ന സഹോദര സമുദായംഗങ്ങള്‍ക്കു വേണ്ടി തത്സമയം തന്നെ സമീപത്തെ പാടന്തറ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലും ചടങ്ങുകള്‍ നടക്കും.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വിവാഹ സംഗമം ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയ നേതാക്കളും സയ്യിദന്‍മാരും ചടങ്ങിന് സാക്ഷികളായെത്തും.
നീലഗിരിയില്‍ സമൂഹ വിവാഹ പദ്ധതിക്ക് തുടക്കം കുറിച്ച പാടന്തറ മര്‍കസ് സ്ഥാപനങ്ങളുടെ സാരഥി ദേവര്‍ശോല അബ്ദുസ്സലാം മുസ്്ലിയാരുടെ നേതൃത്വത്തിലാണ് വിവാഹ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ നടന്നത്.
വിവാഹ ചെലവുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ച 850 രൂപ ചലഞ്ച് മണിക്കൂറുകള്‍ക്കിടയില്‍ നാലര കോടിയിലധികം (ഇന്നലെ രാത്രി ഒമ്പത് വരെ) രൂപയായി. പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന സാന്ത്വന പദ്ധതികളെ നാട് ഇരു കൈയും നീട്ടി സ്വീകരിക്കുന്നതിന്റെ വലിയ ഉദാഹരണമായി ഈ പിന്തുണ മാറി.





