Connect with us

National

മണിപ്പൂരിലെ പോളിങ് ബൂത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

അക്രമികളില്‍ നിന്ന് 32 തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ മണിപ്പൂരിലെ പോളിങ് ബൂത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അക്രമികളില്‍ നിന്ന് 32 തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു. അക്രമികള്‍ പോളിങ് മെഷീനുകള്‍ തകര്‍ത്തിരുന്നു. ഇന്നലെ പോളിങ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഇംഫാല്‍ ഈസ്റ്റില്‍ ബിഷ്ണുപുര്‍ ജില്ലയിലെ തമ്നപോക്പിയില്‍ അക്രമകാരികള്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്.

അക്രമികളെ തുരത്താന്‍ പോലീസ് വെടിയുതിര്‍ത്തു. നാല് സ്ഥലങ്ങളില്‍ നാല് വോട്ടിങ് മെഷിനുകള്‍ അക്രമികള്‍ തകര്‍ത്തു. ഒരു ബൂത്തിലെ വോട്ടിങ് മെഷിന്‍ തീയിട്ടു. ഈ കേസുകളിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമികള്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ്മാരെ ബൂത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതോടെ പോളിങ് നിര്‍ത്തി ബൂത്ത് അടച്ചു. തുടര്‍ന്ന് വോട്ടര്‍മാര്‍ പ്രതിഷേധിച്ചതോടെ റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനത്ത് ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും ഔട്ടറിലെ 15 നിയമസഭ മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.