Connect with us

cpm party congress@ kannur

പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്നാരംഭിക്കും

ഉച്ചക്ക് ശേഷം സംഘടനാ റിപ്പോര്‍ട്ടും ചര്‍ച്ചയും; പിണറായിക്കും സ്റ്റാലിനുമൊപ്പം കെ വി തോമസ് പങ്കെടുക്കുന്ന സെമിനാര്‍ നാളെ

Published

|

Last Updated

കണ്ണൂര്‍ | ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ ഭാവി നയം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കും. 12 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്ന് കെ കെ രാഗേഷാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്നലെ പി രാജീവും ടി എന്‍ സീമയും കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസ് ബന്ധം തന്നെയാണ് രാഷ്ട്രീയ പ്രമേയ തര്‍ച്ചയില്‍ പ്രധാനമായും മുഴച്ച് നില്‍ക്കുന്നത്. ബി ജെ പിക്ക് ബദലേകാന്‍ ദേശീയ രാഷ്ട്രീയത്തില്‍ നിലവില്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് കേരള ഘടകം പറയുന്നു. കോണ്‍ഗ്രസിനെ ഇനിയും ആശ്രയിച്ച് കാര്യമില്ലെന്നും മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും സമീപ കാല തിരഞ്ഞെടുപ്പ് അനുഭവങ്ങളെല്ലാം വിവരിച്ച് പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെയും കേരള ഘടകം നിശിതമായി വിമര്‍ശിച്ചു.

എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള അവസരം ഇനിയും വേണമെന്നാണ് ബംഗാള്‍ ഘടകം പറയുന്നത്. ബംഗാളിന് പുറമെയുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും കേരള നിലപാടിന് സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

കരട് രാഷ്ട്രീയ പ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് ഉച്ചക്ക് ശേഷം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ നാളെവരെ നടക്കും. നാളെയാണ് പാര്‍ട്ടികോണ്‍ഗ്രസിലെ സെമിനാര്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പം പാര്‍ട്ടി വിലക്ക് ലംഗിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും പങ്കെടുക്കുന്നതാണ് സെമിനാറിനെ ശ്രദ്ധേയമാക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാനായി നാളെ രാവിലെ കെ വി തോമസ് കണ്ണൂരിലെത്തും.