Connect with us

പരിചയം

തജ്‌വീദിന്റെ അനന്ത പാതകൾ

Published

|

Last Updated

രായിൻകുട്ടി ഹാജിയെ അറിയാത്ത തജ് വീദ് പണ്ഡിതന്മാർ കുറവായിരിക്കും. റെയിൽവേയിൽ നിന്ന് ചീഫ് ബുക്കിംഗ് സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം 95ാം വയസ്സിലും ഖുർആൻ പാരായണ രീതി സമൂഹത്തിന് പകർന്നു നൽകുകയാണ്. പന്താരങ്ങാടിയിലെ അഴുവളപ്പിൽ എ വി രായിൻകുട്ടി ഹാജിക്ക് തജ് വീദിലെ ഏത് നിയമങ്ങളിലും അഗാധ പാണ്ഡിത്യമാണ്. പരേതനായ അഴുവളപ്പിൽ മൂസയുടെയും മറിയാമുട്ടിയുടെയും മകനാണ്.

മർഹൂം ഖാരിഅ പി ഹസൻ മുസ്്ലിയാർ, അബുൽ വഫാ കെ വി അബ്ദുർറഹ്മാൻ മുസ്്ലിയാർ കൊടുവള്ളി തുടങ്ങിയ പ്രമുഖ ഖാരിഉകളിൽ നിന്നായി ഖുർആൻ പാരായണത്തിലും പരായണ നിയമത്തിലും അവഗാഹം നേടിയ ഇദ്ദേഹത്തിന് ഈ രംഗത്ത് ഒട്ടനവധി ശിഷ്യന്മാരുണ്ട്. തിരൂരങ്ങാടി ആസാദ് നഗർ സ്വദേശിയായിരുന്ന പിതാവ് ചായക്കച്ചവടക്കാരനായിരുന്നു. ഈ രംഗത്തേക്ക് എത്തിപ്പെടാനുണ്ടായത് ഒരു നിയോഗമായിട്ടാണ് രായിൻകുട്ടി ഹാജി കാണുന്നത്.
റെയിൽവേയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 1962 ൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ നിസ്കരിക്കാൻ അടുത്തുള്ള പള്ളിയിൽ പോയിരുന്നു. നാട്ടുകാരുമായി കൂടുതൽ ഇടപഴകാൻ തുടങ്ങിയതോടെ അവർ മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. മഹല്ല് കമ്മിറ്റിക്ക് കീഴിൽ ഏതാനും മദ്റസകളുണ്ടായിരുന്നു. മദ്റസകളിലെ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി മദ്റസകളുടെ സൂപ്പർ വൈസറായി ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.കുട്ടികളുടെ പഠന പുരോഗതി മനസ്സിലാക്കി പോരായ്മകൾ പരിഹരിക്കാനുള്ള ചുമതലയും ഉണ്ടായി.

ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ ഖുർആൻ പാരായണം നന്നാക്കുക എന്നതാണ്. എന്നാൽ, അധ്യാപകർക്ക് ഇതിൽ നല്ല പരിജ്ഞാനം ഉണ്ടാകണമെന്നതിനാൽ ഇതിനായി ആദ്യം പഠിക്കേണ്ടത് താൻ തന്നെയാണ് എന്ന ബോധമാണ് ഈ രംഗത്തെത്തിച്ചത് എന്ന് രായിൻകുട്ടി ഹാജി പറഞ്ഞു. അതിനിടെയാണ് “അർരിസാലത്തുൽഗറാഇ ഫീഹിൽ യതിൽ ഖുർറാഅ’ എന്ന അമൂല്യമായ ഗ്രന്ഥം ലഭിച്ചത്. അറബിയിലുള്ള ഈ കിതാബ് അടുത്തുള്ള പള്ളിയിലെ മുദർരിസിൽ നിന്ന് പഠിച്ചു. തുടർന്ന് ഈ രംഗത്ത് നീണ്ട ഒരു പഠനയാത്ര തന്നെയായിരുന്നു. പിന്നീട് പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് മാറിയപ്പോൾ കൂടുതൽ സൗകര്യമായി അവിഭക്ത സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനം പരപ്പനങ്ങാടി ബയ്യാനിയ്യ പ്രസ് കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. അൽബയാൻ മാസികയടക്കമുള്ള പ്രസിദ്ധീകരണങ്ങളും മറ്റും ബയ്യാനിയ്യയിൽ നിന്ന് അച്ചടിച്ച് വിവിധ ഭാഗങ്ങളിലേക്ക് ട്രെയിൻ മാർഗം കൊണ്ടുപോകുന്നതിനുള്ള വഴികൾ ചെയ്തുകൊടുത്തു. അങ്ങനെ വിദ്യാഭ്യാസ ബോർഡിലെ മാനേജറുമായി വലിയ ബന്ധമായി. മദ്റസാധ്യാപകർക്ക് റൈഞ്ച് തലത്തിൽ നടക്കാറുള്ള ഒട്ടുമിക്ക ഹിസ്ബ് ക്ലാസുകളിലും പങ്കെടുക്കാൻ ഇതു വഴി അവസമുണ്ടായി.

മദ്റസാധ്യാപകരല്ലാത്ത ആർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ പ്രത്യേക സമ്മതത്തോടെയാണ് പങ്കെടുത്തിരുന്നത്. മദ്റസാധ്യാപകർക്ക് ഹിസ്ബ് ക്ലാസ് തുടങ്ങിയതോടെ ഈ രംഗത്ത് കാര്യമായ മാറ്റമാണുണ്ടായത്. ഔദ്യോഗിക ജീവിതത്തിനിടയിലും ഖുർആൻ പാരായണം മെച്ചപ്പെടുത്തുന്നതിന് സമയം കണ്ടെത്തിയിരുന്നു. അതിനിടെ പള്ളിദർസുകളിൽ മുതഅല്ലിംകൾക്ക് തജ്്വീദ് പരിശീലനം നടത്തണമെന്ന ആവശ്യം ഉയർന്നു. ഇതിന്റെ ഭാഗമായി വേങ്ങരയിൽ മുദർരിസുമാരുടെ യോഗം ചേർന്നു. പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായിരുന്ന മർഹൂം എൻ കുട്ടി ഹസൻ മുസ്്ലിയാരായിരുന്നു യോഗത്തിന് വേണ്ട കാര്യങ്ങൾ ചെയ്തിരുന്നത്. ദർസുകളിൽ തജ്്വീദ് പഠനം വേണമെന്ന അഭിപ്രായമായിരുന്നു എല്ലാവർക്കും. എന്നാൽ ആദ്യം ക്ലാസ് നൽകേണ്ടത് മുദർരിസുമാർക്കാണ്. അവർക്ക് ആര് ക്ലാസ് എടുക്കും എന്ന ചോദ്യം ഉയർന്നു. ഇരിങ്ങല്ലൂർ സ്വദേശിയായ ഒരു തജ്്വീദ് പണ്ഡിതൻ അതിന് തയ്യാറായി. എന്നാൽ, അതിനിടെ കുട്ടി ഹസൻ മുസ്്ലിയാർ മരണപ്പെട്ടു. അതോടെ കാര്യങ്ങളെല്ലാം മുടങ്ങുകയാണുണ്ടായത്. ഇന്ന് പല ദർസുകളിലും കോളജുകളിലും തജ്്വീദ് പ്രധാന വിഷയമായി എടുക്കുന്നുണ്ട് എന്നത് ഏറെ ആശ്വാസകരമാണെന്ന് രായിൻകുട്ടി ഹാജി പറയുന്നു.

ഖുർആൻ പാരായണത്തിൽ പ്രമുഖ ഖാരിഉകളിൽ നിന്നുള്ള സനദും (പരമ്പര) ഇദ്ദേഹത്തിനുണ്ട്. കാരന്തൂർ സുന്നി മർകസിൽ ഹാഫിളുകൾക്ക് തജ്്വീദ് ക്ലാസ് എടുത്തിരുന്നു. കൂടാതെ വലിയോറ ദാറുൽ മആരിഫ് അറബിക് കോളജ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും നിരവധിപള്ളിദർസുകളിലും വിദ്യാർഥികൾക്ക് ഖുർആൻ പാരായണ ക്ലാസുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സാധാരണക്കാർക്കും ക്ലാസ് എടുത്തിട്ടുണ്ട്. പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ ചെമ്മാട് ടൗൺ സുന്നി ജുമുഅ മസ്ജിദിൽ ദർസ് നടത്തിയിരുന്നപ്പോൾ മുതഅല്ലിംകൾക്ക് തജ്്വീദ് ക്ലാസ് എടുത്തിരുന്നു. മുതിർന്നവരടക്കം 200 ലേറെ വിദ്യാർഥികളാണ് അന്ന് ദർസിൽ ഉണ്ടായിരുന്നത്. അത്യാവശ്യം ഓതാൻ അറിയുന്ന 25 പേർക്ക് രാവിലെ ക്ലാസിൽ ഓതിക്കൊടുക്കുകയും മറ്റു കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അവർ ഈ കുട്ടികൾക്ക് വൈകുന്നേരം പഠിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്
പ്രായാധിക്യം കാരണം ഇപ്പോൾ വീട്ടിൽ കഴിയുകയാണെങ്കിലും തജ്്വീദുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളും സംസാരിക്കാൻ തുടങ്ങിയാൽ ഇദ്ദേഹം വാചാലനാകും. വലിയ പണ്ഡിതന്മാർ അടക്കം ദിവസവും ഒട്ടേറെ പേർ ഇദ്ദേഹത്തിന്റെ അടുത്ത് വന്ന് ഖുർആൻ ഓതിക്കൊടുത്ത് സംശയങ്ങൾ തീർക്കുകയും ഖുർആൻ പാരായണ നിയമങ്ങൾ പഠിക്കുകയും ചെയ്യുന്നു. കുറ്റമറ്റ രീതിയിൽ ഖുർആൻ പാരായണം പഠിക്കുക എന്നത് അനിവാര്യമാണെന്നും സമൂഹം ഇക്കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും ഇദ്ദേഹം പറഞ്ഞു. പള്ളിദർസുകളിലും അറബിക് കോളജുകളിലും ശരീഅത്ത് – ദഅവ കോളജുകളിലും കിതാബുകൾ പഠിക്കാൻ മീസാൻ അടക്കമുള്ള നഹ്്വ്(വ്യാകരണ ശാസ്ത്രം) പഠിപ്പിക്കുന്നത് പോലെ ഖുർആനും ഹദീസും പഠിപ്പിക്കുന്നതിനായി തജ്്വീദ് പഠനത്തിന് പ്രാമുഖ്യം നൽകണം. കാരണം, ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന പണ്ഡിതന്മാരാണ് സമൂഹത്തിന്റെ മതപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്കും ഇത് ഒഴിച്ചുകൂടാനാകാത്തതാണ്. ഏറ്റവും ചുരുങ്ങിയത് നിസ്കാരത്തിൽ നിർബന്ധമായി ഓതേണ്ട കാര്യങ്ങളെങ്കിലും തജ് വീദ് അനുസരിച്ച് പരായണം ചെയ്യാനുള്ള കഴിവ് നേടണം. അല്ലാത്തപക്ഷം നിസ്കാരം സാധുവാകുകയില്ല. ഈ കാര്യത്തിൽ നല്ല ബോധവത്കരണം തന്നെ വേണം.

തിരൂരങ്ങാടി സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് പഠനത്തിന് ശേഷം മലപ്പുറം ഗവ. സ്കൂളിൽ നിന്ന് എസ് എസ് എൽ സി പാസായി. തുടർന്ന് ഇന്റർവ്യൂവിൽ പാലക്കാട് ഫോറസ്റ്റ് വിഭാഗത്തിൽ അസി. ക്ലാർക്കായി നിയമനം ലഭിച്ചു.രണ്ട് വർഷത്തിന് ശേഷം റെയിൽവേയിൽ ജോലിക്ക് അപേക്ഷിച്ചു. എന്നാൽ ഫോറസ്റ്റിൽ നിന്ന് പോരാൻ ഫോറസ്റ്റ് റൈഞ്ച് ഓഫീസർ സമ്മതിച്ചില്ല. രാത്രി ഏറെ വൈകിയും ജോലി ചെയ്യുന്നതിനാൽ ഞാൻ അവിടെ നിന്നും വിടുന്നതിൽ അവർക്ക് ഇഷ്ടമില്ലായിരുന്നു. റെയിൽവേയിൽ സെലക്്ഷനിൽ കിട്ടുമെന്ന യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. കിട്ടിയില്ലെങ്കിൽ പിന്നെ ഈ വഴിക്ക് വരരുതെന്ന് മേലുദ്യോഗസ്ഥന്റെ താക്കീതും. രണ്ടും കൽപ്പിച്ച് രാജി എഴുതിക്കൊടുത്ത് അവിടെ നിന്നും പോന്നു. സെലക്്ഷനിൽ റെയിൽവേയിൽ നിയമനം കിട്ടി.

തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, തമിഴ്നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ റെയിൽവേ സ്റ്റേേേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചീഫ് ബുക്കിംഗ് സൂപ്രണ്ടായിട്ടാണ് വിരമിച്ചത്.ഭാര്യ പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: യൂസുഫലി, സുലൈമാൻ, മൂസക്കുട്ടി, അലി, മുഹമ്മദ് ബശീർ, ആഇശ, സുലൈഖ, ശരീഫ.