Connect with us

Prathivaram

ആദ്യ കഥ മരണഭയത്തിൽ നിന്ന്...

വായനക്കാരന്റെ ആസ്വാദനമാണ് ഏറ്റവും നല്ല നിരൂപണം. എഴുത്ത് വായനക്കാരനുമായുള്ള സുതാര്യമായ ഇടപാടായി മാത്രം കരുതുന്നതുകൊണ്ടാകാം വിമർശക ശ്രദ്ധ എന്നെ വിഷമിപ്പിക്കാത്തത്. എല്ലാത്തിനും ഒരു പരിധിയുള്ളത് പോലെ അവഗണനകൾക്കും ഒരു പരിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു...

Published

|

Last Updated

? വായനയുടെയും എഴുത്തിന്റെയും ഒരു കൗമാര കാലം മജീദ് സെയ്ദിനുണ്ട്. അതിനും മുമ്പൊരു കാലമുണ്ടായിരുന്നില്ലേ. എഴുത്തും വായനയും കടന്നുവരാത്ത, കയ്പും മധുരവും മാത്രം നിറഞ്ഞ ഒരു കുട്ടിക്കാലം

വായന ബാല്യം തൊട്ടേയുണ്ട്. കുട്ടി ആയിരിക്കുമ്പോൾ കിട്ടുന്നതെന്തും വായിക്കും. പ്രായത്തിനൊപ്പിച്ച് വായനയുടെ അഭിരുചി മാറിയെന്ന് മാത്രം. കുട്ടിക്കാലം എല്ലാവരുടേയും പോൽ സാധാരണമായിരുന്നു. പ്രത്യേകിച്ച് എടുത്ത് പറയത്തക്കതായി ഒന്നുമില്ല. കയ്ക്കുന്ന ജീവിതത്തിലേക്ക് പിന്നീടാണ് എത്തിപ്പെട്ടത്.

? പിന്നീടെപ്പോഴാണ് വായനയിലേക്കും എഴുത്തിലേക്കും വരുന്നത്? ആദ്യം ഒരു കഥ മനസ്സിലുണ്ടായത് രസകരവും അതേ സമയം വേദനാജനകവുമായ ഒരു ഓർമയാകുമോ താങ്കൾക്ക്

എഴുതുന്ന ശീലം കൗമാരത്തിൽ തുടങ്ങി.പക്ഷേ മറ്റാരെയും കാണിക്കാറില്ലായിരുന്നു. നോട്ട് ബുക്കിൽ ഒരുപാട് എഴുതിക്കൂട്ടും. ഒളിച്ചിരുന്ന് വായിച്ച് നോക്കും. ഇതായിരുന്നു ശീലം. കോളജ് ജീവിതം അവസാനിച്ചതോടെ അതുംവിട്ടു. പിന്നീടുള്ള എഴുത്ത് എന്ന് പറഞ്ഞാൽ പ്രോഗ്രാം നോട്ടീസുകളും ചെറുകിട പരസ്യങ്ങളും മാത്രമായി. അതൊരു ഹരമായിരുന്നു. ഗൗരവമായി എഴുത്തിനെ കാണാൻ തുടങ്ങിയിട്ട് മൂന്ന് കൊല്ലം ആകുന്നതേയുള്ളൂ. കർണാടകയിലേക്കുള്ള കുടിയേറ്റമാണ് എന്നെ കഥയെഴുത്തുകാരനാക്കി മാറ്റിയത്. ആദ്യ കഥ രസകരമായ ഒരോർമയാണ്. കൗമാരത്തിൽ പനി പിടിച്ച് കിടന്നപ്പോൾ ഉണ്ടായ മരണഭയത്തിൽ നിന്നാണ് ആദ്യത്തെ കഥയുണ്ടാകുന്നത്. പനി മാറിയപ്പോൾ അത് കീറിക്കളഞ്ഞു.

? കഥകളുടെ ടൈറ്റിലുകൾ വായനക്കാരനെ കഥകളിലേക്ക് എളുപ്പം എടുത്തെറിയപ്പെടുന്നതായി തോന്നിയിട്ടുണ്ട്. നോമ്പുതുറ, പെൺ വാതിൽ, ലഹളപ്പൂ, നായ്ക്കളി, ചെമ്പിലമ്മിണി കൊലക്കേസ് നോവൽ തുടങ്ങിയവ ഉദാഹരണങ്ങൾ. പേരുകളിങ്ങനെ സ്വാഭാവികമായി വരുന്നതാണോ.? അതല്ല, കഥ മനസ്സിൽ വന്നു തൊടുന്നനേരം ടൈറ്റിൽ ബോധപൂർവം ആലോചിക്കുകയാണോ.

പേരുകൾ ആലോചിച്ച് ഉണ്ടാക്കുന്നതല്ല. സ്വാഭാവികമായി വന്നു ചേരുന്നതാണ്. ചിന്തിച്ച് പേരിടൽ എന്നെക്കൊണ്ട് ഇതുവരെ സാധിക്കാത്ത കാര്യമാണ്. ഡി സി ബുക്സ് പ്രസിദ്ധീകരിക്കാൻ പോകുന്ന അഖില ലോക ആടുകമ്പനി എന്ന നോവലിന്റെ പേരൊന്ന് മാറ്റാൻ മാസങ്ങളായി ആലോചന തുടങ്ങിയിട്ട്. പക്ഷേ, കഥയുടെ സ്വഭാവത്തിന് ചേരുന്ന ഒന്ന് ഉണ്ടാക്കാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല. ലഹളപ്പൂ, നോമ്പുതുറ എന്നിങ്ങനെ തുടങ്ങുന്ന ചില കഥകളൊക്കെ പേരിൽ നിന്ന് മാത്രം ഉണ്ടായതാണ്.

? തലയോലപ്പറമ്പിന്റെ ദേശമെഴുത്തുകാരനായ താങ്കൾക്ക് ഗുരുക്കൻമാരോടും ചങ്ങാതിമാരോടുമുള്ള ഹൃദയബന്ധം എങ്ങനെയാണ്

ഗുരു എന്ന വാക്കർഥത്തിനപ്പുറത്തുള്ള സത്യത്തെ കണ്ടെത്തിയതു മുതലാണ് ഞാൻ ജീവിതത്തെ ആസ്വദിച്ച് തുടങ്ങിയത്. അതിന്റെ അനുഗ്രഹം നന്നായി എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ ഏറ്റവും വെറുത്തിരുന്നത് ഒരു അധ്യാപകനെ ആയിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തേയും എനിക്ക് സ്നേഹിക്കാൻ കഴിയുന്നു. പഠിപ്പിച്ച ഗുരുക്കന്മാരുടെ സ്നേഹമൂല്യം ആവോളം ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നു. സൗഹാർദത്തിനോളം സ്വാതന്ത്ര്യമുള്ള, സമാധാനമുള്ള ഒരു ലോകമില്ല. പക്ഷേ, അതിന് അപകടകരമായ മറ്റൊരു വശം കൂടിയുണ്ടെന്ന് ജീവിതം പഠിപ്പിച്ചിട്ടുണ്ട്. സൗഹൃദം നാശവും നന്മയും ഒരേയളവിൽ പേറുന്നു. നമ്മുടെ നന്മ ആഗ്രഹിക്കുന്നവരാണ് നമ്മുടെ യഥാർഥ ബന്ധുക്കൾ. ആ തിരിച്ചറിവിൽ വളരെ പരിമിതമാണ് ഇന്നത്തെ എന്റെ സുഹൃദ് വലയം. അതിൽ ഞാൻ സംതൃപ്തനുമാണ്. ഹൃദയബന്ധങ്ങൾ ഏറ്റവും നന്നായി സൂക്ഷിക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ഇപ്പോഴത്തെ ഞാൻ. അതിനാൽ ഒന്നിലും പ്രതീക്ഷ വെച്ച് സൗഹൃദം നിലനിർത്തുന്നതിനോട് തീർത്തും താത്പര്യമില്ല.

? കഥയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച്, വ്യത്യസ്ത പ്രമേയങ്ങളിലൂടെ താങ്കൾ വായനക്കാരനെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൂനാർ നദിക്കരയിലേക്ക് , രഹസ്യ വേദം കഥകൾ ഉദാഹരണം. കരഞ്ഞു കൊണ്ടല്ലാതെ എഴുതി അവസാനിപ്പിക്കേണ്ടി വന്ന ഒരു കഥ മജീദ് സെയ്ദിനുണ്ടാകില്ലേ.

കഥ പറയുന്നവർ മാത്രമുള്ള ഒരു ലോകമാണ് നമ്മുടേത്. അവിടെ വേറിട്ട് നിന്ന് കഥ പറഞ്ഞില്ലെങ്കിൽ കേൾക്കാൻ ആളുണ്ടാകില്ല. അതുകൊണ്ടാണ് വ്യത്യസ്തമായ കഥകൾ പറയാൻ ആഗ്രഹിക്കുന്നത്. എന്റെ ഒട്ടുമിക്ക കഥകളുടെയും പരിസരം സാധാരണക്കാരന്റെ വേദനകളാണ്. ആ വേദന എന്നെയും വന്ന് തൊടാറുണ്ട്. കേട്ടാൽ വിചിത്രമായി തോന്നുമെങ്കിലും നോമ്പുതുറയും കുനാറുമൊക്കെ എഴുതിത്തീരുമ്പോൾ കണ്ണീര് തൂത്ത് കളയേണ്ടതായി എനിക്ക് വന്നിട്ടുണ്ട്.

? താങ്കളുടെ രചനകളിൽ വേണ്ടത്ര വിമർശക ശ്രദ്ധ പതിഞ്ഞിട്ടില്ലെന്നും താങ്കൾ വേണ്ട വിധം വിലയിരുത്തപ്പെട്ടിട്ടില്ലെന്നും തോന്നിയിട്ടുണ്ടോ? പുതു കാല നിരൂപണങ്ങൾ എത്ര മാത്രം സത്യസന്ധവും ആത്മാർഥവുമാണ് മജീദ് സെയ്ദിന്.

വായനക്കാരന്റെ ആസ്വാദനമാണ് ഏറ്റവും നല്ല നിരൂപണം. അത് അർഹിക്കുന്നതിലും കൂടുതൽ എനിക്ക് കിട്ടുന്നുണ്ട്. എഴുത്ത് വായനക്കാരനുമായുള്ള സുതാര്യമായ ഇടപാടായി മാത്രം കരുതുന്നതുകൊണ്ടാകാം വിമർശക ശ്രദ്ധ എന്നെ വിഷമിപ്പിക്കാത്തത്. എങ്കിലും ഒറ്റപ്പെട്ടതും ആത്മാർഥതയുള്ളതുമായ ചില വിലയിരുത്തലുകൾ എന്റെ കഥകൾക്ക് ഉണ്ടാകാതിരുന്നിട്ടുമില്ല. എല്ലാത്തിനും ഒരു പരിധിയുള്ളത് പോലെ അവഗണനകൾക്കും ഒരു പരിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. പുതുകാല നിരൂപണങ്ങളിൽ മുഖം നോക്കാതെ എഴുതുന്നതൊക്കെ ഒഴിച്ച് ബാക്കിയൊക്കെ പുറംചൊറിയലുകളാണ്.

മജീദ് സെയ്ദ് /
സജിത് കെ കൊടക്കാട്ട്
sajithkkodakkatt@gmail.com