Connect with us

National

ഫോണില്‍ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത എഎസ്പിക്ക് സ്ഥലം മാറ്റം

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ കണ്ടിട്ടും ഫോണ്‍ സംഭാഷണം തുടര്‍ന്ന കോട്ദ്വാര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ശേഖര്‍ സുയാലിനെതിരെയാണ് നടപടി.

Published

|

Last Updated

ഡെറാഡൂണ്‍|ഫോണില്‍ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ കണ്ടിട്ടും ഫോണ്‍ സംഭാഷണം തുടര്‍ന്ന കോട്ദ്വാര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ശേഖര്‍ സുയാലിനെതിരെയാണ് നടപടി. മുഖ്യമന്ത്രിയെ അവഗണിച്ച് ഉദ്യോഗസ്ഥന്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 11 നായിരുന്നു സംഭവം.

സംസ്ഥാനത്തെ കനത്ത മഴയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഹരിദ്വാറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മുഖ്യമന്ത്രി കോട്ദ്വാറില്‍ എത്തിയത്. ഗ്രസ്താന്‍ഗഞ്ച് ഹെലിപാഡിലെത്തിയ മുഖ്യമന്ത്രിയെ പ്രാദേശിക ഭരണകൂടം സ്വീകരിച്ചു. കോട്ദ്വാര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശേഖറും സ്ഥലത്തുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുകയായിരുന്ന ശേഖര്‍, ഒരു കൈകൊണ്ട് ഫോണ്‍ ചെവിയില്‍ പിടിച്ച് മറുകൈകൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി. ഇതാണ് നടപടിക്കിടയാക്കിയത്.

നരേന്ദ്ര നഗറിലെ പോലീസ് പരിശീലന കേന്ദ്രത്തിലേക്കാണ് ശേഖറിനെ മാറ്റിയത്. ശേഖറിന് പകരമായി ജയ് ബലൂനിയെ കോട്ദ്വാറിലെ പുതിയ അഡീഷണല്‍ പോലീസ് സൂപ്രണ്ടായി നിയമിച്ചു.

 

 

 

Latest