Connect with us

സാഹിത്യം

പോരാട്ടം, എഴുത്തിലും ജീവിതത്തിലും

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കടുത്ത വിമർശകനായിരുന്ന കാസി സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്നു. അവയുടെ തീക്ഷ്ണവേഗങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഊർജമുൾക്കൊണ്ടത്.

Published

|

Last Updated

ബംഗ്ലാദേശിന്റെ ദേശീയ കവിയാണ് കാസി നസ്രുൽ ഇസ്‌ലാം (Kazi Nazrul Islam). യഥാർഥത്തിൽ കവിതയിൽ മാത്രം ഒതുങ്ങിനിന്ന പ്രതിഭയായിരുന്നില്ല കാസി. ശ്രദ്ധേയനായ ഗാനരചയിതാവും സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. അതോടൊപ്പം നിർഭയനായ ആക്ടിവിസ്റ്റും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കടുത്ത വിമർശകനായിരുന്ന കാസി സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്നു. അവയുടെ തീക്ഷ്ണവേഗങ്ങളിൽനിന്നുമാണ് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഊർജമുൾക്കൊണ്ടത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിലെ റിബൽ കവിയെന്ന വിശേഷണവും കാസിക്ക് സ്വന്തം.

പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിലെ ചുരുളിയ ഗ്രാമത്തിൽ 1899 മെയ് 24 നാണു കാസി ജനിച്ചത്. പിതാവ് കാസി ഫക്കിർ അഹമ്മദ് പള്ളി ഇമാമും ഒരു മൗസോളിയത്തിൽ കെയർടേക്കറുമായിരുന്നു. ഗ്രാമത്തിലെ ലോവർ പ്രൈമറി സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കാസി പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജോലി ഏറ്റെടുത്തു. നന്നേ ചെറുപ്പത്തിൽ തന്നെ ലഭിച്ച മദ്റസാ വിദ്യാഭ്യാസം ഇസ്‌ലാമിക വിഷയങ്ങളിൽ തികഞ്ഞ ജ്ഞാനം കൈവരിക്കാൻ അദ്ദേഹത്തിന് സഹായകമായി. അവിടുത്തെ ഗ്രാമീണ കലാ സമിതികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്ന നാടകങ്ങളിലും നാടോടി കലാരൂപങ്ങളിലും ആകൃഷ്ടനായ കാസി, ലെത്തോർ ദൾ എന്ന നാടക സംഘത്തിൽ അംഗമായി. നാടകത്തെയും കവിതയെയും പറ്റി കൂടുതൽ പഠിക്കാൻ അത് അദ്ദേഹത്തിന് അവസരമൊരുക്കി. പിൽക്കാലത്ത് കവിയും ഗാനരചയിതാവുമെന്ന നിലയിലുള്ള തന്റെ സർഗജീവിതത്തെ പരുവപ്പെടുത്തുന്നതിൽ ഈ കലാസമിതിയിലെ പ്രവർത്തനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പല വേദികളിലും പരാമർശിക്കുമായിരുന്നു. കവിതകൾ എഴുതിക്കൊണ്ട് അക്ഷരലോകത്തേക്ക് കടന്നുവന്ന അദ്ദേഹം കലാസമിതിക്കുവേണ്ടി നിരവധി ഗാനങ്ങളും നാടകങ്ങളും രചിച്ചു. 1917ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ചേർന്നു. കറാച്ചിയായിരുന്നു പ്രവർത്തനരംഗം. പിന്നീട് 1920 ൽ സൈനികവൃത്തി ഉപേക്ഷിച്ച് കൊൽക്കത്തയിൽ പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചു. ഈ കാലത്തിനിടയിൽ ശ്രദ്ധേയനായ കവി എന്ന നിലയിൽ കാസി ബംഗാളി സാഹിത്യത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് സർക്കാറിനെ വിമർശിച്ച് കവിതകളെഴുതിയതിന് പലതവണ അദ്ദേഹത്തെ ജയിലിലടച്ചിട്ടുണ്ട്. നാൽപ്പത്തി മൂന്നാം വയസ്സിൽ അസുഖത്താൽ സംസാരശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ടതിനെ തുടർന്ന് കുറേക്കാലം ഝാർഖണ്ഡിലെ ആശുപത്രിയിൽ കഴിഞ്ഞു. 1972 ൽ ബംഗ്ലാദേശ് സർക്കാറിന്റെ ക്ഷണപ്രകാരം കുടുംബത്തോടൊപ്പം ധാക്കയിലേക്ക് താമസം മാറിയ ഈ എഴുത്തുകാരന്റെ അവസാന നാളുകൾ ഏറെ ദുരിതമയമായിരുന്നു. തനിക്കൊപ്പം ഭാര്യയും അസുഖബാധിതയായതും കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രയാസങ്ങളും അദ്ദേഹത്തിന്റെ ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും ആരോഗ്യത്തെ നശിപ്പിച്ചപ്പോൾ മനോരോഗിയായി കുറെ കാലം അദ്ദേഹം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞു. 1976 ആഗസ്ത് 29ന് അന്തരിച്ചു. ബംഗാളി കവിതയിൽ നൂതനമായൊരു ആവിഷ്കാരശൈലി പരിചയപ്പെടുത്തിയ കവിയാണ് കാസി നസ്രുൽ ഇസ്‌ലാം. അക്കാലം വരെ കവിതയിൽ മറ്റാരും സ്വീകരിച്ചിട്ടില്ലാത്ത ബിംബങ്ങളും ശൈലികളും അദ്ദേഹം സമൃദ്ധമായി ഉപയോഗിച്ചു. സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ പ്രമേയമാക്കിക്കൊണ്ട് കവിതയെ സമരായുധമാക്കിയ ബംഗാളി എഴുത്തുകാരിൽ മുൻനിരയിലായിരുന്നു കാസി. മാനവികതയും സാമൂഹിക നീതിയും മതേതരത്വവും വിപ്ലവാവേശവും അദ്ദേഹം കവിതകൾക്ക് ഇന്ധനമാക്കി. ബംഗാളി ഭാഷയിൽ ഗസലിന്റെ വളർച്ചക്ക് വലിയ സംഭാവന നൽകിയ അദ്ദേഹം ഹിന്ദു മുസ്്ലിം സംസ്കാരത്തിന്റെ സമ്മിശ്രധാരകളെ രചനകളിലേക്ക് സന്നിവേശിപ്പിച്ചു. ഹിന്ദു പുരാണങ്ങളിലും ഐതിഹ്യങ്ങളിലും അദ്ദേഹം അഗാധമായ ജ്ഞാനതൃഷ്ണ പ്രകടിപ്പിച്ചു. ബംഗാളി കവിതയുടെ പരമ്പരാഗതമായ ഉപമകൾക്കും അലങ്കാരങ്ങൾക്കുമൊപ്പം സംസ്കൃതത്തിന്റെയും അറബിയുടെയും പേർഷ്യന്റെയും കാവ്യാലങ്കാര ശാസ്ത്രങ്ങളുടെ ശീലുകൾ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തി. ബംഗാളി മുസ്്ലിം ലിറ്റററി സൊസൈറ്റിയിൽ അംഗമായിരുന്ന കാസി കവിതകൾക്കു പുറമെ നാലായിരത്തോളം ഗാനങ്ങൾ രചിക്കുകയും അവക്ക് സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. നസ്‌റുൽ ഗീതി എന്ന പേരിൽ അവ അറിയപ്പെടുന്നു. ഇവക്ക് പുറമെ നിരവധി ചെറുകഥകളും ഏതാനും നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും കവിയെന്ന നിലയിലുള്ള സ്വീകാര്യത അവക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. ബിദ്രോഹി (The Rebel) യാണ് ഏറെ ശ്രദ്ധേയമായ രചന. 1945 ൽ കൽക്കത്ത സർവകലാശാല ബംഗാളി സാഹിത്യത്തിലെ ഏറ്റവും വലിയ ബഹുമതിയായ ജഗത്തരിണി സ്വർണ മെഡൽ കാസിക്ക് സമ്മാനിച്ചു. 1960 ൽ രാജ്യം പദ്‌മ വിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. പിൽക്കാലത്ത് ധാക്ക സർവകലാശാലയുടെ ഡി ലിറ്റ് ബിരുദവും അദ്ദേഹത്തെ തേടിയെത്തി. രബീന്ദ്രനാഥ ടാഗോർ ഏറെ ഇഷ്ടപ്പെട്ട കവിയായിരുന്നു കാസി. തന്റെ ഒരു പുസ്തകം ടാഗോർ സമർപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.

സാമ്രാജ്യത്വ ഭീഷണികൾക്കെതിരെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ശക്തമായി പ്രതിഷേധിച്ച കാസി ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിലൊരാളായിരുന്നു. വിദേശാധിപത്യം, സാമ്രാജ്യത്വം, കോളനിവത്കരണം, മൗലികവാദം, തുടങ്ങിയ സാമൂഹിക തിന്മകളെയെല്ലാം അദ്ദേഹം നിഷേധിച്ചു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. പലതവണ ഇരുമ്പഴികൾക്കുള്ളിലായിരുന്നിട്ടും നിർഭയനായി അദ്ദേഹം സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നു. എക്കാലവും “സ്വന്തമായ കാവ്യവ്യക്തിത്വം വെച്ചു പുലർത്തിയ കവി’യായിരുന്നു കാസി. ബംഗാളിലെ എഴുത്തിന്റെയും സാമൂഹിക ചിന്തയുടെയും മേഖലയിൽ അദ്ദേഹത്തിന്റെ പ്രതിഭ കാലങ്ങളോളം കത്തിജ്വലിച്ചു നിന്നു. അതേസമയം, പിൽക്കാലത്ത് ബംഗാളിന്റെ അക്ഷരലോകത്ത് അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകുന്നതിൽ അധികാരികൾ വലിയ അലംഭാവം കാണിച്ചു എന്ന വിമർശനവും ഉയർന്നിരുന്നു. ബംഗാളി കവിതക്ക് ഊടും പാവും നൽകിയ കവികളെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ കാസിയെ വിസ്മരിക്കുന്നതെന്ന ദേബ് ജാനി സെൻ ഗുപ്തയുടെ വാക്കുകൾ ഈയൊരു പശ്ചാത്തലത്തിൽ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.

സമത്വത്തിനും സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും മാനവികതക്കും വേണ്ടി തന്റെ സർഗശക്തി വിനിയോഗിച്ച കവിയായിരുന്നു കാസി നസ്രുൽ ഇസ്്ലാം. അദ്ദേഹത്തിന്റെ ജീവ ചരിത്രകാരനായ പ്രീതികുമാർ മിത്ര പറയുന്നു. “ഇടക്കിടെയുണ്ടാകുന്ന ഹിന്ദു മുസ്്ലിം സംഘർഷത്തിൽ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. അതിനെ വെറുമൊരു രാഷ്ട്രീയ സംഭവമായി കാണാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. സാംസ്കാരികവും സാമൂഹികവും ചരിത്രപരവുമായ വസ്തുതകൾ കണക്കിലെടുത്തുകൊണ്ടുമാത്രമേ ഈയൊരു പ്രശ്നത്തെ ആരോഗ്യകരമായി സമീപിക്കാനും പ്രായോഗികമായ പരിഹാരം തേടാനും കഴിയൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു…’ തീർച്ചയായും, സമത്വവും തുല്യനീതിയും പുലരുന്ന ഒരു മാതൃകാസമൂഹം സ്വപ്നം കാണുകയും അതിനുവേണ്ടി തന്റെ ധിഷണയും കരുത്തും സർഗശക്തിയും കലർപ്പില്ലാതെ ഉപയോഗപ്പെടുത്തുകയും ചെയ്ത കറകളഞ്ഞ മാനവികതാ വാദി എന്ന നിലയിലായിരിക്കും കാസി നസ്രുൽ ഇസ്്ലാം എന്ന പ്രതിഭയെ സാഹിത്യചരിത്രം അടയാളപ്പെടുത്തുക. അദ്ദേഹത്തിന്റെ ജീവിതവും രചനകളും സാക്ഷ്യപ്പെടുത്തുന്നത് ഈ വസ്തുത തന്നെയാണ്.

Latest