Connect with us

National

ലോക്‌സഭയിലെ സുരക്ഷാ വീഴ്ച; എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ന് കനത്ത സുരക്ഷയാണ് പാര്‍ലമെന്റിനകത്തും പുറത്തും ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അക്രമം നടക്കുമ്പോള്‍ എന്‍ട്രി ഗേറ്റ്, പാര്‍ലമെന്റ് ഹൗസ് എന്‍ട്രി ഏരിയ ഉള്‍പ്പെടെയുള്ള നിര്‍ണായക സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ലോക്‌സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ സിആര്‍പിഎഫ് മേധാവിയെ നിയോഗിച്ചു. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ ബുധനാഴ്ച, ശൂന്യവേളയ്ക്കിടെയാണ് രാജ്യത്തെ നടുക്കിയ പ്രതിഷേധം അരങ്ങേറിയത്.

ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഇന്ന് കനത്ത സുരക്ഷയാണ് പാര്‍ലമെന്റിനകത്തും പുറത്തും ഒരുക്കിയിരിക്കുന്നത്. മകര്‍ ദ്വാര്‍ കവാടത്തിലൂടെ പാര്‍ലമെന്റിലേക്ക് എം.പിമാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ എത്തിയ അക്രമികള്‍ എംപിമാര്‍ക്കിടയിലേക്ക് ചാടി വീഴുകയായിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികമായിരുന്നു ഇന്നലെ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംപിമാരും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ ഇന്ന് പ്രതിപക്ഷ എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ലോക്‌സഭ ഉച്ചക്ക് രണ്ടുവരെ നിര്‍ത്തിവെച്ചു.

 

 

 

Latest