Connect with us

udaipur murder

തിരക്കഥ, സംവിധാനം: സംഘ്പരിവാര്‍?

പ്രവാചകവിരുദ്ധ പരാമര്‍ശം തുടങ്ങി രാജ്യത്ത് അന്ന് മുതലുണ്ടായ അസ്വസ്ഥതകള്‍ മുഴുവന്‍ സംഘ്പരിവാരം മുന്നേ കണക്കുകൂട്ടി നടപ്പാക്കുന്ന പദ്ധതിയാണോ എന്ന ചോദ്യമാണ് ഉദയ്പൂര്‍ പ്രതികളുടെ ബി ജെ പി ബന്ധം ഉയര്‍ത്തുന്നത്. മലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍, സംഝോത തുടങ്ങിയ സ്‌ഫോടന പരമ്പര തന്നെ ഇത്തരത്തില്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഹിന്ദുത്വ ഭീകരര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണങ്ങളായിരുന്നല്ലോ.

Published

|

Last Updated

ദയ്പൂരിലെ കൊലപാതകം വലിയ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു. അതിന്റെ പ്രധാന കാരണം ഹിന്ദുത്വ ഭീകരര്‍ കഴിഞ്ഞ കുറച്ചു നാളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ സമാന രീതിയില്‍ രണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ ഒരു ഹിന്ദുവിനെ കൊന്നു എന്നതായിരുന്നു. ഇതിനകം വിവാദമായിക്കഴിഞ്ഞ ബി ജെ പിയുടെ മുന്‍ വക്താവും ഹിന്ദുത്വര്‍ ഇപ്പോഴും ആഘോഷിക്കുകയും ചെയ്യുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകവിരുദ്ധ പരാമര്‍ശം തുറന്നുവിട്ട അസ്വസ്ഥതകളുടെ തുടര്‍ച്ചയായിരുന്നു രാജസ്ഥാനില്‍ അരങ്ങേറിയത്. ഹിന്ദുത്വം ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കിയെടുത്ത വെറുപ്പിന്റെ വലയത്തില്‍ വീണുപോയ ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പ്രതിനിധിയായിരുന്നു കൊല്ലപ്പെട്ട കനയ്യ ലാല്‍.

പ്രവാചകവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ പ്രതികാരമാണ് ഉദയ്പൂരില്‍ താടിയും തൊപ്പിയും ധരിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ നടപ്പാക്കിയത് എന്ന് അവര്‍ തന്നെ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ പറയുന്നു. ദിനേനയെന്നോണം മുസ്‌ലിംകള്‍ പ്രായഭേദമന്യേ ആക്രമിക്കപ്പെടുന്ന, അടിച്ചുകൊല്ലപ്പെടുന്ന, വംശീയ തെറികള്‍ കേള്‍ക്കേണ്ടി വരുന്ന, മുസ്‌ലിം സ്ത്രീകള്‍ ലേലം ചെയ്യപ്പെടുന്ന, ജോലിസ്ഥലങ്ങളിലും കലാലയങ്ങളിലും വേഷത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുന്ന ഒരു രാജ്യത്ത് മത വര്‍ഗീയതയുടെ പേരില്‍ ഹിന്ദുക്കളും ആക്രമിക്കപ്പെടുകയാണോ എന്ന ഭീതി ഉദയ്പൂര്‍ സംഭവത്തോടെ യാഥാര്‍ഥ്യമായി തീര്‍ന്നു. അതുവരെ ഹിന്ദു അപകടത്തിലാണ് എന്ന പ്രചാരണം സംഘ്പരിവാരത്തിന്റെ പ്രോപഗണ്ടാ നുണയായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ മതേതര പ്രസ്ഥാനങ്ങളും സംഭവത്തെ ശക്തമായി അപലപിച്ചു. മുസ്‌ലിം സംഘടനകള്‍ കടുത്ത സ്വരത്തിലാണ് സംഭവത്തെ പറ്റി ആശങ്ക അറിയിച്ചത്. കൊലയാളികളെ മറ്റാരേക്കാളും ശക്തമായി തന്നെ മുസ്‌ലിം സംഘടനകളും നേതാക്കളും വിമര്‍ശിച്ചു. ഇസ്‌ലാമിന്റെ സംസ്‌കാരത്തിന് നിരക്കാത്ത നടപടിയാണ് ഇതെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. മുസ്‌ലിംകള്‍ക്കിടയിലെ തന്നെ തീവ്ര ചിന്താഗതിക്കാരെയും ഒരുവേള പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളെയും പലരും തുറന്നുവിമര്‍ശിച്ചു.

അപ്പോഴേക്കും രാജസ്ഥാന്‍ പോലീസ് കൊല നടത്തിയ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമെന്ന നിലയിലും ബി ജെ പിക്ക് ഏറെ പ്രധാനപ്പെട്ട സംസ്ഥാനമെന്ന നിലയിലും രാജസ്ഥാനില്‍ അവരെന്തെങ്കിലും മുതലെടുപ്പ് നടത്താതിരിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറും അവരുടെ സംവിധാനങ്ങളും വലിയ ജാഗ്രത തന്നെ കാണിച്ചു. പ്രതികളെ പിടിക്കുകയും അവരുടെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഇതുപോലെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ട് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും എന്‍ ഐ എ ഡല്‍ഹിയില്‍ നിന്ന് പറന്നെത്തി. കേസന്വേഷണം ഇനി എന്‍ ഐ എ നടത്താമെന്നായി. പ്രതികള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമെന്ന് സിദ്ധാന്തങ്ങളുണ്ടായി. രാജ്യം മുഴുവന്‍ “ഹിന്ദു ലൈവ്സ് മാറ്റര്‍’ അജന്‍ഡയാക്കി മാറ്റാന്‍ ബി ജെ പി കിണഞ്ഞു പണിയെടുക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് പ്രതികളുടെ ബി ജെ പി ബന്ധം പുറത്താവുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതികളിലൊരാളായ റിയാസ് അഖ്താറി ബി ജെ പിയുടെ പരിപാടികളില്‍ സജീവ സാന്നിധ്യമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചില ദേശീയ മാധ്യമങ്ങളും വിഷയം തൊട്ടു. അപ്പോഴേക്കും പ്രതികള്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതാണെന്നായി ബി ജെ പി ഭാഷ്യം.

പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് വാദം തള്ളിക്കളയുന്നത് എന്‍ ഐ എ ആണ് എന്നത് ഒരു വിരോധാഭാസമെന്ന് പറയേണ്ടി വരും. പ്രതികളുടെ ബി ജെ പി ബന്ധത്തിന് പാര്‍ട്ടിക്ക് ക്ഷീണം പറ്റാത്ത തിയറി ഉണ്ടാക്കേണ്ട പണിയിലാണ് പ്രധാനമായും എന്‍ ഐ എ. അതിനിടെ അവരുടെ സ്വതസിദ്ധമായ രാജ്യാന്തര തീവ്രവാദ ശൃംഖലാ സിദ്ധാന്തങ്ങള്‍ക്ക് സമയമെടുക്കും. അല്ലെങ്കില്‍ പിന്നെ സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടന കേസൊക്കെ പോലെ ഇതും ഇരുട്ടിലാകും. കേസന്വേഷണം ഒരുപക്ഷേ, നമുക്ക് ഇപ്പോഴേ പ്രവചിക്കാവുന്ന ഫലത്തില്‍ തന്നെയാകും വന്നുനില്‍ക്കുക. അതുകൊണ്ടുതന്നെ ഇവിടെ പ്രസക്തമാകുന്ന ഒരു ആശങ്ക, ഇതൊക്കെ ആസൂത്രണം ചെയ്യുന്നത് ഹിന്ദുത്വ ഭീകരത തന്നെയാണോ എന്നതാണ്. മുസ്‌ലിംകളെ കൊന്നുകൂട്ടുന്നതിന്റെ കൂടെ കൊഴുപ്പിന് ഹിന്ദുക്കളെയും “ബലിദാനി’കളാക്കി മാറ്റി മുതലെടുപ്പ് നടത്താന്‍ അവര്‍ക്ക് മടികാണില്ല.

പ്രവാചകവിരുദ്ധ പരാമര്‍ശം തുടങ്ങി രാജ്യത്ത് അന്ന് മുതലുണ്ടായ അസ്വസ്ഥതകള്‍ മുഴുവന്‍ സംഘ്പരിവാരം മുന്നേ കണക്കുകൂട്ടി നടപ്പാക്കുന്ന പദ്ധതിയാണോ എന്ന ചോദ്യമാണ് ഉദയ്പൂര്‍ പ്രതികളുടെ ബി ജെ പി ബന്ധം ഉയര്‍ത്തുന്നത്. മലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍, സംഝോത തുടങ്ങിയ സ്‌ഫോടന പരമ്പര തന്നെ ഇത്തരത്തില്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഹിന്ദുത്വ ഭീകരര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണങ്ങളായിരുന്നല്ലോ. ഹേമന്ത് കര്‍ക്കരെയെ പോലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതു കൊണ്ടാണ് മലേഗാവ് സ്‌ഫോടനത്തിന്റെയൊക്കെ കള്ളി വെളിച്ചത്തായത്. കര്‍ക്കരെയെയും ആ കേസുകളെയും പിന്നീട് തത്പര കക്ഷികള്‍ തീര്‍ത്തുകളഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റു ഭീകര/ തീവ്രവാദ പ്രസ്ഥാനങ്ങളുമായി സംഘ്പരിവാരത്തിനോ ഹിന്ദുത്വ ഭീകരതക്കോ എന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്ന ചോദ്യം നമ്മള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടും നാളേറെയായല്ലോ.

ബി ജെ പി സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴെല്ലാം കൃത്യമായി എങ്ങനെ രാജ്യത്ത് ഭീകരാക്രമണങ്ങളുണ്ടാകുന്നു എന്ന സംശയമുള്ളവരും ഏറെയാണ്. പത്താന്‍കോട്ട് ആക്രമണവും പുല്‍വാമ ഭീകരാക്രമണവും അടക്കം രാജ്യം ഞെട്ടിയ ഭീകരാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയവര്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുവാണെന്ന് നമ്മെ വിശ്വസിപ്പിക്കുമ്പോഴും ഇതുപോലെ ഭീമാകാരമായ ആക്രമണങ്ങളും സുരക്ഷാ ഭേദനങ്ങളും സാധിച്ചെടുക്കാന്‍ അകത്തുനിന്നും സഹായം വേണ്ടിവരില്ലേ എന്ന പ്രസക്തമായ ചോദ്യത്തിന് മാത്രം ഉത്തരം കണ്ടെത്താന്‍ എന്തുകൊണ്ടാണ് ഭരണകൂടത്തിന് താത്പര്യമില്ലാത്തത്? ഇതൊക്കെ ചോദിക്കുന്നവര്‍ എന്തുകൊണ്ടാണ് ദേശദ്രോഹികളാക്കപ്പെടുന്നത്?

ബി ജെ പിയുടെ നൂപുര്‍ ശര്‍മ രാജ്യത്തിന് വരുത്തിവെച്ച നാണക്കേട് ഒട്ടും ചെറുതാക്കാന്‍ പറ്റാതായ ഘട്ടത്തിലാണല്ലോ ബി ജെ പി അവരെ സസ്പെന്‍ഡ് ചെയ്യുന്നത്. സസ്പെന്‍ഷന്‍ എന്നതിന് തത്കാലത്തേക്കുള്ള നടപടി എന്നുതന്നെയാണല്ലോ ഇപ്പോഴും അര്‍ഥം. ജി സി സി രാജ്യങ്ങളുടെയും വിവിധ പാശ്ചാത്യന്‍ രാജ്യങ്ങളുടെയും വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടി എടുക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം നിര്‍ബന്ധിതരായപ്പോഴും സാധാരണ പ്രവര്‍ത്തകര്‍ പ്രവാചകവിരുദ്ധ പരാമര്‍ശത്തെ അന്ന് മുതല്‍ ന്യായീകരിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മള്‍ കാണുന്നത്.
നൂപുര്‍ ശര്‍മയെ ചൂണ്ടി ഈ ഒരൊറ്റ സ്ത്രീയാണ് രാജ്യത്തിപ്പോള്‍ നടക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സുപ്രീം കോടതി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവാണ് എന്നത് എന്തും വിളിച്ചുപറയാനുള്ള വഴിയാണ് എന്ന് ചിന്തിക്കുകയാണോ എന്ന് നൂപുര്‍ ശര്‍മയോട് കോടതി ചോദിക്കുന്നത് വലിയ ഗൗരവമുള്ള കാര്യം തന്നെയാണ്. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് കരുതുന്നുണ്ടല്ലേ എന്നും കോടതി വിമര്‍ശിച്ചു. അത് ഭരണകൂടവും പോലീസ് സംവിധാനവും കാണിക്കുന്ന ഇരട്ടത്താപ്പിനുള്ള പ്രഹരമാകേണ്ടതാണ്. കോടതി വലിയ രീതിയില്‍ രോഷം കൊണ്ടതും നൂപുര്‍ ശര്‍മയെയും അതുവഴി അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും വിമര്‍ശിച്ചതും മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. എന്നാല്‍ ഒരുവേള “സുരക്ഷാ ഭീഷണി’ എന്നുവരെ കോടതി പരാമര്‍ശിച്ച, രാജ്യത്ത് ഇത്രയും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരിയെന്ന് പറഞ്ഞ നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്നാണ് കോടതി പറയുന്നത്. മാപ്പ് പറയുക എന്നൊരു ശിക്ഷാരീതി നിയമ വ്യവസ്ഥയിലുണ്ടോ? നൂപുര്‍ ശര്‍മയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം എന്ന ഭാഗം എന്തേ കോടതിക്ക് തറപ്പിച്ചു പറയാനാകാതെ പോയത് എന്ന വിമര്‍ശം ഉള്‍ക്കൊള്ളാന്‍ കോടതിക്ക് ബാധ്യതയുണ്ട്.

ഇനി കോടതി അങ്ങനെ പറഞ്ഞാല്‍ തന്നെ ഡല്‍ഹി പോലീസ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യം വേറെ. കാരണം, ബി ജെ പി സസ്പെന്‍ഡ് ചെയ്ത ശേഷം ഡല്‍ഹി പോലീസിന്റെ സുരക്ഷയുണ്ടായിരുന്നു അവര്‍ക്ക്. ആ സമയത്താണ് മുംബൈ പോലീസ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാനെത്തിയത്. “അവര്‍ ഒളിവിലാണ്’ എന്ന് കൈമലര്‍ത്തുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത പോലീസ് നൂപുറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബി ജെ പി-സഖ്യ ഇതര സര്‍ക്കാറുകളുള്ള സംസ്ഥാനങ്ങളില്‍ ഒരുവിധം എല്ലാ സംസ്ഥാന പോലീസ് സംവിധാനങ്ങളും ഇവരെ തേടുന്നുണ്ട്. പക്ഷേ, ഡല്‍ഹി പോലീസ് തന്നെ വിചാരിക്കണം ആര്‍ക്കെങ്കിലും ഇവരെ കിട്ടാന്‍ എന്നതാണ് സ്ഥിതിയത്രെ. നൂപുര്‍ ശര്‍മക്കെതിരെ ചുമത്തിയ അതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണ് ആള്‍ട്ട് ന്യൂസിന്റെ സുബൈര്‍. അതും 2018ലെ ഒരു ട്വീറ്റിന്റെ പേരില്‍. കഴിഞ്ഞ നാല് വര്‍ഷം ആ ട്വീറ്റ് പൊതു ഇടത്തിലുണ്ടായിട്ടും ഇതുവരെ അതുകാരണം ആരും ആരെയും ആക്രമിച്ചിട്ടില്ല, കൊന്നിട്ടില്ല. ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പക്ഷേ, ഡല്‍ഹി പോലീസ് തുല്യതയില്ലാത്ത “ആത്മാര്‍ഥത’യാണ് കാണിച്ചത്. ആളും തരവും നോക്കി തന്നെ പണിയെടുക്കാന്‍ നന്നായി അറിയാവുന്നരാണല്ലോ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളും സംവിധാനങ്ങളും.

അതേസമയം, സംഘ്പരിവാരത്തിന്റെയും ഹിന്ദുത്വ ഭീകരതയുടെയും അജന്‍ഡകളെ ആഘോഷിക്കാന്‍ തന്നെയാണ് ഇപ്പോഴും മാധ്യമങ്ങള്‍ക്ക് ഇഷ്ടം. നുണ നട്ടാല്‍ മുളക്കുമെന്നും തൊണ്ട തൊടാതെ കള്ളം വിഴുങ്ങിയിറക്കാമെന്നും കണ്ടുപിടിച്ചതു തന്നെ ഇന്ത്യയിലെ ചില മാധ്യമങ്ങളാണ്. വയനാട്ടിലെ തന്റെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരോട,് അവര്‍ കുട്ടികളാണ് അവരോട് തനിക്ക് പരിഭവമില്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സീ ന്യൂസിന്റെ ഡി എന്‍ എ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ കാണിച്ചത് ഉദയ്പൂര്‍ കൊലപാതകികളെ രാഹുല്‍ ഗാന്ധി ന്യായീകരിച്ചു എന്ന രൂപത്തിലാണ്. അതാകട്ടെ, രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്ത് അധികാരം നിലനിര്‍ത്താന്‍ പാകത്തിന് വര്‍ഗീയ ധ്രുവീകരണം ഉറപ്പുവരുത്താന്‍ പ്രകോപനങ്ങളുടെ ചൂണ്ട നീട്ടിയെറിയുകയും അതിലാരും കൊത്തുന്നില്ലെങ്കില്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ അയച്ച് കാര്യം സാധിച്ച് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി അന്വേഷണ സംഘങ്ങളെ കൊണ്ട് കഥകള്‍ മെനഞ്ഞ് കാര്യം നേടാന്‍ ഹിന്ദുത്വ ഭീകരതക്ക് ഇപ്പോള്‍ ഒരു പരിമിതിയുമില്ല. പരിമിതികളുള്ളത് ഇപ്പോള്‍ അവരെ എതിരിടുന്നവര്‍ക്ക് മാത്രമാണല്ലോ. അതാണ് അവരുടെ ധൈര്യവും.

---- facebook comment plugin here -----

Latest