Connect with us

Business

ഫ്യൂചര്‍ റീടെയ്ല്‍ സ്റ്റോറുകളുടെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ്

ആമസോണും ഫ്യൂചര്‍ റീടെയ്‌ലും തമ്മിലുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ നീക്കം.

Published

|

Last Updated

മുംബൈ| ഫ്യൂചര്‍ റീടെയ്ല്‍ സ്റ്റോറുകളുടെ നിയന്ത്രണം റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ആമസോണും ഫ്യൂചര്‍ റീടെയ്‌ലും തമ്മിലുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഈ നീക്കം. ബിഗ് ബസാര്‍ സ്റ്റോറുകളില്‍ ഫ്യൂചര്‍ റീടെയ്ല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നുതുടങ്ങിയെന്നാണ് പുതിയ വിവരം. അതേസമയം, തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിലയന്‍സ് ഉറപ്പുനല്‍കി.

ഫ്യൂചര്‍ റീടെയ്ല്‍ ജീവനക്കാരെ റിലയന്‍സ് ഇന്റസ്ട്രീസ് തങ്ങളുടെ പേറോളിലേക്ക് മാറ്റുകയാണ്. ആമസോണ്‍ ഈ കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും ഫ്യൂചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു ആമസോണ്‍. എന്നാല്‍ മുകേഷ് അംബാനിയുടെ നീക്കം ലോകത്തിലെ ഇ-കൊമേഴ്സ് ഭീമന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

24713 കോടി രൂപയുടേതാണ് ഫ്യൂചര്‍-റിലയന്‍സ് ഇടപാട്. 2021 മെയ് മാസത്തിനകം ഇടപാട് പൂര്‍ത്തിയാക്കാനായിരുന്നു ഇരു കമ്പനികളും തീരുമാനിച്ചിരുന്നത്. ആമസോണ്‍ പരാതിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇത് വൈകി. 2022 മാര്‍ച്ച് 31 ന് മുന്‍പ് കമ്പനിയെ ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഫ്യൂചര്‍ റീടെയ്ലിന്റെ ചില സ്റ്റോറുകളുടെ ലീസ് എഗ്രിമെന്റ് റിലയന്‍സിന് കൈമാറിയിരുന്നു. ഇപ്പോള്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രയാസത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താനായിരുന്നു ഇത്. ചില മെട്രോ സിറ്റികളിലെയും ടയര്‍ 2 നഗരങ്ങളിലെയും ഫ്യൂചര്‍ ഗ്രൂപ് റീടെയ്ല്‍, ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകള്‍ എന്നിവയാണ് റിലയന്‍സിന് കൈമാറിയത്. 2021 മാര്‍ച്ച് മാസത്തിലായിരുന്നു ഇത്.

നേരത്തെ ഫ്യൂചര്‍ റീടെയ്‌ലില്‍ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ചൂണ്ടിക്കാട്ടി, കിഷോര്‍ ബിയാനി കമ്പനിയെ ഏറ്റെടുക്കാനുള്ള റിലയന്‍സ് നീക്കത്തിന് തടയിടുകയാണ് ആമസോണ്‍ ചെയ്തത്. റീടെയ്ല്‍ ബിസിനസ് രംഗത്ത് റിലയന്‍സ് ചുവടുറപ്പിച്ചാല്‍ ഇന്ത്യയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് അത് ഭീഷണിയാകുമെന്ന് കണ്ടാണ് ആമസോണ്‍ നിയമപോരാട്ടത്തിന് ഇറങ്ങിയത്. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ റീടെയ്ല്‍ രംഗത്ത് ഫ്യൂചര്‍ ഗ്രൂപ്പിനുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ബിസിനസ് വളര്‍ത്താന്‍ ആമസോണിനും താത്പര്യമുണ്ടായിരുന്നു.

എന്നാല്‍ ആമസോണിനെ അറിയിക്കാതെ കിഷോര്‍ ബിയാനിയും സംഘവും മുകേഷ് അംബാനിക്ക് കമ്പനി വില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇ-കൊമേഴ്സ് ഭീമന് തിരിച്ചടി നേരിട്ടു. ഇതോടെയാണ് നേരത്തെ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ നിബന്ധന ലംഘിച്ചെന്ന് ആരോപിച്ച് ആമസോണ്‍, കിഷോര്‍ ബിയാനിക്കും ഫ്യൂചര്‍ റീടെയ്‌ലിനുമെതിരെ നിയമപോരാട്ടത്തിന് പോയത്.

 

Latest