Connect with us

Kerala

പോസ്റ്റര്‍ വിവാദം; പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസെന്ന് മന്ത്രി വീണാ ജോര്‍ജ്

'വ്യാജമായി വാര്‍ത്ത സൃഷ്ടിച്ച് തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം.'

Published

|

Last Updated

മാനന്തവാടി | പത്തനംതിട്ടയിലെ പോസ്റ്റര്‍ വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരോപണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാജമായി വാര്‍ത്ത സൃഷ്ടിച്ച് തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു.

മാനന്തവാടിയില്‍ വയനാട് മെഡിക്കല്‍ കോളജിന്റെ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിന്റെയും കാത്ത് ലാബിന്റെയും ഉദ്ഘാടനത്തിനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പോസ്റ്ററൊട്ടിച്ചുവെന്ന വാര്‍ത്ത പുലര്‍ച്ചെ ഏഷ്യാനെറ്റ് ന്യൂസില്‍ മാത്രമാണ് വന്നത്. താന്‍ അന്വേഷിച്ചപ്പോള്‍ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അതിന്റെ വീഡിയോ വന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ പത്തനംതിട്ട റിപ്പോര്‍ട്ടറില്‍ നിന്നാണ്.

രാത്രിയില്‍ രണ്ടു മൂന്നു സ്ഥലങ്ങളിലായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ചേര്‍ന്ന് ഉണ്ടാക്കിയ വ്യാജ വാര്‍ത്തയാണിതെന്നും 2016ല്‍ തിരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും മന്ത്രി ആരോപിച്ചു. തികച്ചും അപലപനീയമായ സംഭവമാണിത്. ഇതുസംബന്ധിച്ച് അന്വേഷണത്തിന് തയ്യാറാകുമോയെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കണമെന്നും മന്ത്രി ചോദിച്ചു.

‘സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്ന പോസ്റ്ററാണ് പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നില്‍ പതിച്ചത്. ‘ഓര്‍ത്തഡോക്‌സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

Latest