Connect with us

editorial

കേരളീയരെ വിഷം തീറ്റിക്കരുത്

വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെങ്കിലും ഇക്കാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കനത്ത പരാജയമാണ്.

Published

|

Last Updated

കേരളം ഓണത്തിരക്കിലേക്ക് കടന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേക്ക് വന്‍തോതില്‍ പച്ചക്കറി എത്തിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സാധാരണ ദിനങ്ങളില്‍ 300 മുതല്‍ 400 വരെ ലോഡ് പച്ചക്കറി എത്തുന്നുണ്ട് കേരളത്തില്‍. ഓണക്കാലത്ത് ഇത് ഇരട്ടിയിലേറെയായി ഉയരും. ഈ വേളയില്‍ 700 മുതല്‍ 1,000 വരെ ലോഡുകള്‍ അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്നാണ് കണക്ക്.

അതേസമയം, ഒട്ടും സുരക്ഷിതമല്ല വിപണികളിലെത്തിക്കൊണ്ടിരിക്കുന്ന ഈ പച്ചക്കറികളില്‍ ഗണ്യഭാഗവുമെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴില്‍ നടന്ന പരിശോധനാ ഫലം വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് പച്ചക്കറി- പഴം സാമ്പിളുകളില്‍ നടത്തിയ പരിശോധനകളില്‍ അനുവദനീയമായ അളവിലും വളരെ കൂടുതലാണ് കീടനാശിനി അവശിഷ്ടത്തിന്റെ അളവ്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ എത്തുന്ന തമിഴ്‌നാട്ടിലെ സാമ്പിളുകളില്‍ വന്‍തോതിലാണ് വിഷാംശത്തിന്റെ അളവ്. കഴിഞ്ഞ വര്‍ഷം ഓണത്തിനു മുന്നോടിയായി സംസ്ഥാന കൃഷിവകുപ്പ് നടത്തിയ പരിശോധനകളിലും പഴം- പച്ചക്കറികളില്‍ കൂടിയ തോതിലുള്ള മാരക വിഷാംശങ്ങള്‍ കണ്ടെത്തിയിരുന്നു.

ഉത്സവ സീസണുകളില്‍ കേരളത്തിനാവശ്യമായ പച്ചക്കറികളുടെ 70-80 ശതമാനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഉത്സവ വേളകളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ പെട്ടെന്ന് വിളവെടുപ്പ് നടത്താനും കാഴ്ചയില്‍ മികവ് തോന്നിപ്പിക്കാനും കര്‍ഷകര്‍ മാരകമായ ഓര്‍ഗാനോഫോസ്‌ഫേറ്റുകളും മറ്റ് രാസകീടനാശിനികളും ഉപയോഗിക്കുന്നു. ഓണച്ചന്തകളുടെ തിരക്കുപിടിച്ച അന്തരീക്ഷത്തില്‍ ഇതൊന്നും കൃത്യമായി പരിശോധിക്കാതെയാണ് മലയാളികളുടെ അടുക്കളയില്‍ എത്തുന്നത്. ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, നാഡീവ്യൂഹ തകരാറുകള്‍, കുട്ടികളില്‍ വളര്‍ച്ചാ വൈകല്യങ്ങള്‍ തുടങ്ങി മാരക രോഗങ്ങളാണ് അനന്തരഫലം. മൃഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കീടനാശിനികളുടെ പ്രയോഗം ആന്തരികാവയവങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കാഴ്ചയില്‍ മൂത്ത് പാകമായതും പഴുത്തതുമെന്ന് തോന്നിപ്പിക്കുന്ന പല പഴങ്ങളും പച്ചക്കറികളും കൃത്രിമമായി പഴുപ്പിക്കുന്നതോ പാകമാക്കുന്നതോ ആണ്. ഉത്സവ സീസണെത്തുമ്പോള്‍ പഴങ്ങള്‍ സ്വാഭാവികമായി പഴുക്കുന്നതു വരെ കാത്തുനില്‍ക്കാന്‍ കര്‍ഷകന് ക്ഷമയുണ്ടാകില്ല. പാകമാകുന്നതിനു മുമ്പേ പറിച്ചെടുത്ത് രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി പഴുപ്പിച്ചാണ് അവര്‍ പഴങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. എഥിലിന്‍, കാത്സ്യം കാര്‍ബൈഡ് തുടങ്ങിയ മാരക രാസവസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതീവഗുരുതര രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരം രാസവസ്തുക്കള്‍. കൃത്രിമമായി പഴുപ്പിച്ച പഴങ്ങള്‍ക്ക് തൊലിപ്പുറത്ത് മഞ്ഞനിറം കാണുമെങ്കിലും സ്വാഭാവിക മണമോ മധുരമോ രുചിയോ ഉണ്ടാകില്ല.

വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെങ്കിലും ഇക്കാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കനത്ത പരാജയമാണ്. വാളയാര്‍, തിരുവനന്തപുരം, അമരവിള, മീനാക്ഷിപുരം, മഞ്ചേശ്വരം, കുമളി, മുത്തങ്ങ തുടങ്ങിയ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ മതിയായ പരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പുള്ള പച്ചക്കറികളും പഴങ്ങളും മാത്രം കടത്തിവിടാനുള്ള സംവിധാനമാണ് ഇതിനു പരിഹാരം. വിഷാംശം കണ്ടെത്തിയ പച്ചക്കറികള്‍ നശിപ്പിക്കുകയും വേണം. പച്ചക്കറി ലോറികള്‍ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ സാമ്പിളുകള്‍ എടുത്ത് റാപിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിച്ച് മിനുട്ടുകള്‍ക്കകം ഫലം കണ്ടെത്താനാകും. ഈ സംവിധാനം പക്ഷേ നമ്മുടെ ചെക്ക്‌പോസ്റ്റുകളില്‍ ഇല്ല. ഈ പരിശോധനയോടൊപ്പം സംസ്ഥാനത്തെ ഹോള്‍സെയില്‍ വിപണിയിലും റീട്ടെയില്‍ കടകളിലും തുടര്‍ പരിശോധന ആവശ്യമാണ്.

ഭക്ഷ്യസുരക്ഷ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ മാത്രം വിഷയമല്ല. പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്ന ഇതര സംസ്ഥാനങ്ങള്‍ക്കു കൂടി ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളുമായി കേരളം ചര്‍ച്ച നടത്തി കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളും പഴങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്. മൂന്ന് സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധനാ സമിതി രൂപവത്കരിച്ചാല്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും ഡാറ്റാ കൈമാറ്റവും ഏകോപിപ്പിക്കാനുമാകും.

അയല്‍ സംസ്ഥാനങ്ങളിലെ വിഷപ്പച്ചക്കറികളില്‍ നിന്ന് മലയാളി സമൂഹത്തെ രക്ഷിക്കാന്‍ സംസ്ഥാന കാര്‍ഷിക വകുപ്പ് നടപ്പാക്കിയതാണ് ജൈവ പച്ചക്കറി പദ്ധതി. അതിന്റെ പ്രവര്‍ത്തനം പക്ഷേ ഭാഗികമായേ മുന്നേറുന്നുള്ളൂ. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് ആവശ്യമായതിന്റെ 20-30 ശതമാനം മാത്രമാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്. കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും റസിഡന്റ് അസ്സോസിയേഷനുകളും ഒത്തുചേര്‍ന്നാല്‍ ഈ പദ്ധതി വിപുലമാക്കാനും കൂടുതലായി ഉത്പാദിപ്പിക്കാനും സാധിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ ഈ മൂന്ന് വിഭാഗത്തെയും ഒന്നിച്ചിരുത്തി “പച്ചക്കറി ടാസ്‌ക് ഫോഴ്‌സ്’ രൂപവത്കരിക്കുകയാണ് ഇതിന് ആദ്യമായി വേണ്ടത്. കൃഷി ഓഫീസര്‍മാര്‍ ഇവര്‍ക്ക് ജൈവ കീടനാശിനി പ്രയോഗം, രോഗനിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കണം. പദ്ധതി നടപ്പാക്കാനായാല്‍ അയല്‍ സംസ്ഥാന പച്ചക്കറി ഉത്പന്നങ്ങളോടുള്ള കേരളത്തിന്റെ ആശ്രിതത്വം 50 ശതമാനമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

Content Highlights:
Kerala faces a huge influx of vegetables from neighboring states for Onam, but reports reveal high levels of toxic pesticide residues. Artificial ripening using harmful chemicals like calcium carbide poses severe health risks to consumers. Experts urge strict border checkpost testing and promotion of local organic farming.

Latest