Connect with us

Ongoing News

തീവ്ര പരിശീലനത്തിലാണ് നീരജ്; ഡയമണ്ട് ലീഗില്‍ മികച്ച ദൂരം കുറിക്കാന്‍

ആസന്നമായ ദോഹ ഡയമണ്ട് ലീഗിലും കിടയറ്റ പ്രകടനമാണ് നീരജ് ലക്ഷ്യമിടുന്നത്. മെയ് അഞ്ചിന് ഖത്വര്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് ഇത്തവണത്തെ ഡയമണ്ട് ലീഗ് നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | മികച്ച പ്രകടനത്തോടെ പുതിയ സീസണ് തുടക്കമിടാനൊരുങ്ങി ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവും ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്ര. ആസന്നമായ ദോഹ ഡയമണ്ട് ലീഗിലും കിടയറ്റ പ്രകടനമാണ് നീരജ് ലക്ഷ്യമിടുന്നത്. മെയ് അഞ്ചിന് ഖത്വര്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് ഇത്തവണത്തെ ഡയമണ്ട് ലീഗ് നടക്കുന്നത്. ജാവലിനിലെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് ജാകുബ് വാദ്‌ലെഷ് എന്നിവരാണ് ഡയമണ്ട് ലീഗില്‍ നീരജിന്റെ പ്രധാന എതിരാളികള്‍.

ഡയമണ്ട് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി കഴിഞ്ഞ വര്‍ഷം നീരജ് സ്വന്തമാക്കിയിരുന്നു.

പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ദോഹ മീറ്റും തുടര്‍ന്ന് ബെര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസും നീരജിന് നഷ്ടമായിരുന്നു. ദോഹയില്‍ ഗംഭീര സീസണ്‍ ലഭിച്ച ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ചരിത്രത്തിലെ തന്നെ അഞ്ചാമത്തെ ഏറ്റവും കൂടിയ ദൂരം കണ്ടെത്തിയിരുന്നു. 93.07 മീറ്റര്‍ ദൂരമാണ് ആന്‍ഡേഴ്‌സണ്‍ കണ്ടെത്തിയത്.

സ്‌റ്റോക്‌ഹോം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയ 89.94 മീറ്ററാണ് നീരജിന്റെ ഏറ്റവും മികച്ച പ്രകടനം. ഇത് ദേശീയ റെക്കോര്‍ഡുമാണ്. ആന്‍ഡേഴ്‌സണുമായി നടക്കാനിരിക്കുന്നത് കടുത്ത മത്സരമാണ് എന്നതാണ് ഇതിന്റെ ചുരുക്കം.

ഗ്ലോറിയ സ്‌പോര്‍ട്‌സ് അറീനയില്‍ 61 ദിവസത്തെ പരിശീലനത്തിനു ശേഷമാണ് നീരജ് ഡയമണ്ട് ലീഗിനായി പോകാനൊരുങ്ങുന്നത്. കോച്ച് ക്ലോസ് ബര്‍ട്ടോണിയസിനും ഫിസിയോ തെറാപ്പിസ്റ്റിനുമൊപ്പമാണ് 25കാരനായ നീരജ് പരിശീലനം നടത്തിവരുന്നത്. ടാര്‍ഗറ്റ് ഒളിംപിക്‌സ് പോഡിയം സ്‌കീമാണ് (ടി ഒ പി എസ്) പരിശീലനത്തിന്റെ ചെലവ് വഹിക്കുന്നത്.

14 അത്‌ലറ്റിക് മീറ്റുകളാണ് 2023ലെ ഡയമണ്ട് ലീഗില്‍ അരങ്ങേറാനിരിക്കുന്നത്. സെപ്തംബര്‍ 16, 17 തീയതികളില്‍ യുജീനിലാണ് ഫൈനല്‍.

Latest