Connect with us

Kerala

സൗഹൃദം വേണം; ഇതര സമുദായങ്ങളുടെ സംസ്‌കാരങ്ങള്‍ പകര്‍ത്തേണ്ടതില്ല: കാന്തപുരം

സമസ്തയുടെ നൂറാം വാര്‍ഷികം ഇ കെ വിഭാഗം ആഘോഷിക്കുന്നതിനെക്കുറിച്ച് വാദ പ്രതിവാദത്തിനില്ലെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് | ആഘോഷങ്ങളില്‍ സൗഹൃദം പങ്കിടലും സംസ്‌കാരം പകര്‍ത്തിയെടുക്കലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഇതര സമുദായങ്ങള്‍ തമ്മില്‍ സൗഹൃദം വേണമെന്നതില്‍ സംശയമില്ല. അതിന് മറ്റ് സമുദായങ്ങളുടെ സംസ്‌കാരങ്ങള്‍ ഇങ്ങോട്ട് പകര്‍ത്തേണ്ട ആവശ്യമില്ല. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി അടക്കമുള്ള വലിയ നേതാക്കള്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇവരെല്ലാം ഇതര മതസ്ഥരുമായി വളരെ സൗഹൃദത്തില്‍ ജീവിച്ച് നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ കാന്തപുരം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

രാമക്ഷേത്ര ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോണ്‍ഗ്രസാണെന്നും കാന്തപുരം പറഞ്ഞു. അവരില്‍ തന്നെ മറുപടി പറയാന്‍ പ്രാപ്തരായ നേതാക്കളുണ്ട്.
പ്രധാനമന്ത്രി ക്രിസ്ത്യന്‍ സഭയെ വിളിച്ച് പരിപാടി നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം സമസ്തയുടെ നൂറാം വാര്‍ഷികയുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ നൂറാം വാര്‍ഷികം ഇ കെ വിഭാഗം ആഘോഷിക്കുന്നതിനെക്കുറിച്ച് വാദ പ്രതിവാദത്തിനില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഞാൻ അമ്പത് വര്‍ഷത്തോളമായി സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. 1974 മുതല്‍ മുശാവറ അംഗമായും പിന്നീട് ജോ.സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ സ്വാഗതഭാഷണവും നടത്തിയിട്ടുണ്ട്. ആ പ്രവര്‍ത്തനം തുടരുക മാത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ആര്‍ക്കാണ് 100-ാം വാര്‍ഷികം ആഘോഷിക്കാനുള്ള അവകാശമെന്നും മറ്റും ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. സുന്നി ഐക്യത്തിന് വാര്‍ഷികാഘോഷ പരിപാടികള്‍ ഒരിക്കലും തടസ്സമല്ല. ഞങ്ങള്‍ എപ്പോഴും അതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

‘തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകളിൽ വഞ്ചിതരാവരുത്’

അന്യമതസ്ഥരുടെ ആഘോഷ പരിപാടികളിൽ മുസ്‌ലിംകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മറുപടി പറഞ്ഞതിലെ വാചകങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിന് പകരം തെറ്റിധാരണയുണ്ടാക്കുംവിധം ചില മീഡിയകളിൽ വരുന്ന റിപ്പോർട്ടുകളിൽ വഞ്ചിതരാകരുതെന്ന് സമസ്ത ഓഫീസ് അറിയിച്ചു.

സംസ്കാരം സ്വീകരിക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതും വ്യത്യസ്‌തമാണ്. മുസ്‌ലിംകൾ അവരുടെ സംസ്‌കാരം പിന്തുടരുകയും മറ്റു മത സംസ്‌കാരങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോട് കൂടി പഴയകാലത്ത് നടന്നുവന്നത് പോലെയുള്ള സൗഹൃദ പരിപാടികളിൽ പങ്കെടുക്കുകയുമാവാം എന്നതാണ് സമസ്തയുടെ നിലപാടെന്നും സമസ്ത ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Latest