From the print
യുദ്ധത്തിൽ തകർന്ന് സംസ്ഥാനത്തെ കയറ്റുമതി
കോഴിക്കോട്, കൊച്ചി കാർഗോയിൽ 9,613 മെട്രിക് ടണ്ണിന്റെ കുറവ്
കോഴിക്കോട് | പശ്ചിമേഷ്യൻ യുദ്ധം സംസ്ഥാനത്തെ കയറ്റുമതി മേഖലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടം. കൊച്ചി എയർപോർട്ടിനെ അപേക്ഷിച്ച് കോഴിക്കോടിനാണ് കനത്ത തിരിച്ചടി. 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കയറ്റുമതിയും ഈ വർഷം ഇതേ കാലയളവിലെ കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം തയ്യാറാക്കിയ റിപോർട്ടിലാണ് തിരിച്ചടിയുടെ കണക്കുകൾ വ്യക്തമാകുന്നത്. കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിൽ നിന്ന് വിദേശ രാഷ്ട്രങ്ങളിലെത്തേണ്ട ശരാശരി 60 കോടി രൂപയുടെ കയറ്റുമതിയാണ് മൂന്ന് മാസത്തിനിടക്ക് നിലച്ചത്. കാർഗോ നിരക്കും വിറ്റുവരവുമടക്കം രാജ്യത്തിന്റെ നഷ്ടം ഇതിന്റെ മൂന്നിരട്ടി വരും.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ മെട്രിക് ടൺ നിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിൽ 2025 മാർച്ചിൽ 3,146 മെട്രിക് ടൺ കയറ്റുമതി നടന്ന സ്ഥാനത്ത് 2026 മാർച്ചിൽ അത് 2,001 ടണ്ണായി ചുരുങ്ങി. ഏപ്രിലിൽ 4,370 ടണ്ണിൽ നിന്ന് 2,992 ടണ്ണായും മേയിൽ 4,563 ടണ്ണിൽ നിന്ന് 3,065 ടണ്ണായും കൊച്ചിയിലെ കയറ്റുമതി കുറഞ്ഞു. അതേസമയം കോഴിക്കോട്ട് ഇതേ കാലയളവിൽ ഉണ്ടായ തകർച്ച അതിലും വലുതാണ്. കോഴിക്കോട് 2025 മാർച്ചിൽ 2,900 മെട്രിക് ടൺ കയറ്റുമതിയുണ്ടായിരുന്നത് 2026 മാർച്ചിൽ 1,353 ടണ്ണായി പകുതിയിലധികമാണ് കുറഞ്ഞത്. ഏപ്രിലിൽ 3,818 ടണ്ണിൽ നിന്ന് 1,690 ടണ്ണായും മേയിൽ 3,384 ടണ്ണിൽ നിന്ന് 1,467 ടണ്ണായും കയറ്റുമതി ഇടിഞ്ഞു.
കൊച്ചി തുറമുഖം വഴിയുള്ള കപ്പൽ കയറ്റുമതിയിലും (ടി ഇ യു നിരക്ക്) വലിയ കുറവുണ്ടായിട്ടുണ്ട്. 2025 മാർച്ചിൽ 13,580 ടി ഇ യു ആയിരുന്നത് 2026 മാർച്ചിൽ 11,238 ആയും ഏപ്രിലിൽ 11,866 ആയിരുന്നത് 8,622 ആയും കുറഞ്ഞതായി റിപോർട്ട് തയ്യാറാക്കിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്ര വിഭാഗം അസ്സി. പ്രൊഫസർ എം എസ് റോണക്, റിസർച്ച് ഫെലോ നന്ദിനി പ്രസാദ് എന്നിവർ വ്യക്തമാക്കി.
പഴം, മത്സ്യ ഇനങ്ങളുടെ കയറ്റുമതിയിലാണ് വമ്പിച്ച തകർച്ചയുണ്ടായിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, പ്ലൈവുഡ്, കയർ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിലും കൂടുതൽ കുറവുണ്ടായിട്ടുണ്ട്.
യുദ്ധകാലത്ത് കാർഗോ നിരക്ക് കുതിച്ചുയർന്നതും കയറ്റുമതിയെ തളർത്തി. യുദ്ധത്തിന് മുമ്പ് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് കിലോഗ്രാമിന് 65-70 രൂപയുണ്ടായിരുന്നത് 210-240 രൂപയായാണ് വർധിച്ചത്.
#KeralaExports #BusinessNews #KochiCargo #KozhikodeAirport #TradeCrisis #MiddleEastWar Impact
Content Highlights: The ongoing Middle East conflict has dealt a severe multi-crore blow to Kerala’s export sector. A report reveals a massive drop of 9,613 metric tons in air cargo from Kochi and Kozhikode airports. Skyrocketing freight rates and reduced shipping schedules have heavily disrupted fruits, vegetables, and seafood shipments.



