Connect with us

Kerala

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്ക്: അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു

Published

|

Last Updated

കൊച്ചി | മീഡിയ വണ്‍ ചാനലിനെ സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം.മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായാണ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവണ്‍ ചാനലിനായി ഹാജരായത്.

കേസില്‍ വാദം പൂര്‍ത്തിയാവും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിക്കുക.

 

Latest