Connect with us

Malabar Movement 1921

മലബാര്‍ സമരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത അധ്യായം

മലബാർ സമരത്തെ 1971ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചു.

Published

|

Last Updated

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന് 75 വയസ്സ് തികഞ്ഞു. രാജ്യം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറ്റൊരു സുപ്രധാന മുഹൂര്‍ത്തത്തിന് നൂറ് വര്‍ഷം തികയുകാണ്. 1921ലെ മലബാര്‍ സമരം. ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച വീറുറ്റ പോരാട്ടം. മലപ്പുറം തിരൂരങ്ങാടി ഹജൂര്‍ കച്ചേരിക്കു സമീപം മുഴങ്ങിയ ആ വെടിയൊച്ചക്ക് 2021 ഓഗസ്റ്റ് 20 നു ഒരു നൂറ്റാണ്ട് തികയുകാണ്.

സ്വാതന്ത്ര്യപോരാട്ടമെന്നും കര്‍ഷക സമരമെന്നും മലബാര്‍ വിപ്ലവമെന്നും പലപേരുകളില്‍ ഈ മുന്നേറ്റം വിളിക്കപ്പെടുന്നു. ഒരു ജനതയെ അടിമയാക്കിയ വെള്ളക്കാരന്റെ ഭരണത്തിനെതിരെ നടന്ന ഉജ്ജ്വലമായ പോരാട്ടമായി 1921 ലെ മുന്നേറ്റത്തെ ചരിത്രം രേഖപ്പെടുത്തുന്നു.

സ്വാതന്ത്ര്യ സമരവുമായി കണ്ണിചേര്‍ന്നു നിന്ന പോരാട്ടമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനവും. മുസ്ലിംകളുടെ ആഗോള ആത്മീയ നേതൃത്വമായി കരുതപ്പെട്ടിരുന്ന തുര്‍ക്കിയിലെ ഖലീഫയെ ബ്രിട്ടിഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കി. ഇതിനെതിരെ ഇന്ത്യയില്‍ ചില മുസ്ലിം നേതാക്കള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു ഗാന്ധിജി ആഹ്വാനം ചെയ്തു. ഇതിനെത്തുടര്‍ന്നാണ് 1920ല്‍ മലബാറില്‍ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തനം സജീവമാക്കുന്നത്.

നാട്ടില്‍ നടമാടിയിരുന്ന കൊടിയ ജന്മിത്ത ചൂഷണത്തിനെതിരെ കുടിയാന്മാര്‍ ആരംഭിച്ച പോരാട്ടവും ഇതോടൊപ്പം ചേര്‍ന്നു. ഖിലാഫത്ത് നേതാക്കളുടെ ആഹ്വാനപ്രകാരം മലബാറിലെ മുസ്ലിംകള്‍ പ്രവര്‍ത്തനത്തില്‍ സജീവമായി. അക്രമരഹിത സമരമാണു ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഏറനാട്, വള്ളുവനാട് താലൂക്കുകളും പൊന്നാനി, കോഴിക്കോട് താലൂക്കുകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ട തെക്കേ മലബാറില്‍ ഖിലാഫത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബ്രിട്ടിഷ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി.

ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കുമെതിരെ പൊലീസ് നടപടി കര്‍ശനമാക്കി. ബ്രിട്ടിഷ് ഭരണത്തിന്റെ തിരൂരങ്ങാടിയിലെ ആസ്ഥാനമായിരുന്നു ഹജൂര്‍ കച്ചേരി. തിരൂരങ്ങാടിയില്‍ പരിശോധന നടത്തിയ പട്ടാളം തമ്പടിച്ചതും ഇവിടെയാണ്. 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍നിന്ന് അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം ഇവിടേക്കെത്തി.

ഇവരെ പട്ടാളം തടയുകയും വെടിവയ്പുണ്ടാവുകയും ചെയ്തു. ഇരുപതോളം പേര്‍ മരിച്ചു. മുസ്ലിംകളെ അഹിംസാസമരത്തിനു പ്രേരിപ്പിക്കാന്‍ മദിരാശിയില്‍നിന്നു കോണ്‍ഗ്രസ് നേതാവ് യാക്കൂബ് ഹസന്‍ കോഴിക്കോട്ടെത്തിയെങ്കിലും മലബാര്‍ കലക്ടര്‍ ഇ.എസ്.തോമസ് പൊതുയോഗം നിരോധിക്കുകയും യാക്കൂബ് ഹസന്‍, കെ. മാധവന്‍ നായര്‍, യു.ഗോപാലമേനോന്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ആറു മാസം തടവിനു ശിക്ഷിക്കുകയും ചെയ്തു.

അതോടെ മലബാറില്‍ ഖിലാഫത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം രൂക്ഷമായി. തിരൂരങ്ങാടിയിലെ ആലി മുസല്യാര്‍, നെല്ലിക്കുത്തിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശ്ശേരി മുഹമ്മദ് മുസല്യാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, തുടങ്ങിയവരായിരുന്നു ഖിലാഫത്ത് നേതാക്കള്‍.

അതിനിടെ, ഓഗസ്റ്റ് ആദ്യവാരം മലപ്പുറം പൂക്കോട്ടൂരില്‍ ഒരു ജന്മിയുടെ പരാതിയില്‍ ഖിലാഫത്ത് നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ സായുധസജ്ജരായ ഖിലാഫത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു തിരിച്ചയച്ചതു സര്‍ക്കാരിനു ക്ഷീണമായി.

1836നു ശേഷം മലബാറില്‍ അന്‍പതിലേറെ കാര്‍ഷിക കലാപങ്ങള്‍ പലപ്പോഴായി നടന്നിരുന്നതിനാല്‍ പുതിയൊരു മാപ്പിളകലാപത്തിന് അരങ്ങൊരുങ്ങുകയാണെന്നു കലക്ടര്‍ ഭയന്നു. തിരൂരങ്ങാടി, പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാപ്പിളമാര്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതായി കേട്ട് ഓഗസ്റ്റ് 20നു തിരൂരങ്ങാടി പള്ളിയില്‍ കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്പട്ടാള സംയുക്ത സംഘം പരിശോധനയ്‌ക്കെത്തി. പട്ടാളം പള്ളി പൊളിച്ചെന്നും ആലി മുസല്യാരെ അറസ്റ്റ് ചെയ്‌തെന്നും കലക്ടറെയും പൊലീസ് മേധാവിയെയും പ്രക്ഷോഭകര്‍ കൊലപ്പെടുത്തിയെന്നും ഇതിനകം കേട്ടുകേള്‍വികള്‍ പ്രചരിച്ചു.
ഖിലാഫത്ത് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലേക്കു സംഘടിച്ചെത്തി. അന്ന് ഉച്ചയ്ക്കും വൈകിട്ടുമായി മൂന്നു തവണയായി നടന്ന ഏറ്റുമുട്ടലുകളില്‍ എഴുപതോളം ഖിലാഫത്ത് പ്രവര്‍ത്തകരും ഏതാനും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

വ്യാപകമായി ഗവ. ഓഫിസുകളും റെയില്‍പാളങ്ങളും പാലങ്ങളും തകര്‍ക്കപ്പെട്ടു. ഹജൂര്‍ കച്ചേരി വളപ്പില്‍ തമ്പടിച്ചിരുന്ന കലക്ടറും സംഘവും പിറ്റേന്നു രാവിലെ തന്നെ കോഴിക്കോട്ടേക്കു മടങ്ങി. അതോടെ, ബ്രിട്ടിഷ് സര്‍ക്കാര്‍ പിന്മാറിയെന്നു വിശ്വസിച്ച് ഏറനാട്ടില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കപ്പെട്ടു. ആലി മുസല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, സീതിക്കോയ തങ്ങള്‍ എന്നിവര്‍ വിവിധ പ്രദേശങ്ങളിലെ അധികാരമേറ്റു. പ്രത്യേക യാത്രാപാസ്സുകളും നികുതിഘടനയുംവരെ നിലവില്‍ വന്നു. ആറു മാസത്തോളം ഈ വ്യവസ്ഥ നിലനിന്നെങ്കിലും മലബാറില്‍ പട്ടാളനിയമം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തിരിച്ചടിച്ചു.

തുടര്‍ന്നു നാലു മാസത്തോളമായി നടന്ന നിരന്തര പോരാട്ടങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. പ്രക്ഷോഭകരും തിരിച്ചടിച്ചു. ഏറ്റുമുട്ടലുകള്‍ തുടരെയുണ്ടായി. പൂക്കോട്ടൂരില്‍ സൈനികവ്യൂഹത്തെ കടന്നാക്രമിച്ച പ്രക്ഷോഭകര്‍ നാല്‍പതോളം പട്ടാളക്കാരെ വധിച്ചു. യുദ്ധത്തില്‍ മുന്നൂറോളം പ്രക്ഷോഭകരും കൊല്ലപ്പെട്ടു. ഗൂര്‍ഖാപട്ടാളം ഗ്രാമങ്ങളിലെ വീടുകള്‍ കയറി അതിക്രമം നടത്തി. നവംബര്‍ പത്തൊന്‍പതിനായിരുന്നു കുപ്രസിദ്ധമായ വാഗണ്‍ ദുരന്തം. അറസ്റ്റിലായ 100 പ്രക്ഷോഭകരെ കുത്തിനിറച്ച് അന്നു തിരൂരില്‍ നിന്നു കര്‍ണാടകയിലെ ബെല്ലാരി ജയിലിലേക്കു പുറപ്പെട്ട ചരക്കുവാഗണ്‍ കോയമ്പത്തൂര്‍ വരെ എത്തിയപ്പോഴേക്കും 56 പേര്‍ ശ്വാസംമുട്ടി മരിച്ചു. പിന്നീട് എട്ടുപേര്‍ കൂടി മരിച്ചു. രക്തസാക്ഷികളില്‍ 61 മുസ്ലിംകളും 3 ഹിന്ദുക്കളുമടങ്ങുന്നു.

പട്ടാളം നടപടികള്‍ കഠിനമാക്കിക്കൊണ്ടിരുന്നു. അതോടെ ചില നേതാക്കള്‍ കീഴടങ്ങി. ആലി മുസല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കമുള്ള നേതാക്കളെ പിടികൂടി വധശിക്ഷയ്ക്കു വിധേയരാക്കി. ഫെബ്രുവരി അവസാനത്തോടെ സംഘര്‍ഷം അവസാനിച്ചു. അതിലുള്‍പ്പെട്ടവരുടെ വീടുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. അന്‍പതിനായിരത്തോളം പേര്‍ അറസ്റ്റിലാവുകയോ കീഴടങ്ങുകയോ ചെയ്തു.

മലബാർ സമരത്തെ 1971ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചു. ഒരു ലഹളയല്ല ഇവിടെ നടന്നതെന്നും ഒരു ആഭ്യന്തര വിപ്ലവമായിരുന്നുവെന്നും പിന്നീട് ചരിത്രാന്വേഷകര്‍ വിലയിരുത്തി. 1921ലെ മലബാര്‍ കലാപം ജന്മിത്വത്തിനും ബ്രിട്ടിഷ് ഭരണത്തിനുമെതിരായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരമാണെന്നതിന് ഇനിയും കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നാണ് ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് പറയുന്നത്. അവസാനഘട്ടത്തില്‍ മറ്റു ചില ഘടകങ്ങള്‍ അതില്‍ നുഴഞ്ഞുകയറുകയും സമരത്തെ പാളംതെറ്റിക്കുകയും ചെയ്തിട്ടുണ്ടെന്നതു വസ്തുതയാണെങ്കിലും മലബാറിലെ മാപ്പിളമാരുടെ മുന്‍കയ്യില്‍ നടന്ന സമരം എന്ന മൂല്യം അതിനു നഷ്ടപ്പെടുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.