Alappuzha
ആലപ്പുഴ ആറാട്ടുപുഴയിൽ മഅദിൻ അക്കാദമി ഓഫ് ക്യാമ്പസ് ആരംഭിച്ചു
നല്ല മനുഷ്യനെ സൃഷ്ടിക്കണമെങ്കിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം അനിവാര്യം: ഖലീലുൽ ബുഖാരി തങ്ങൾ
മഅദിൻ അക്കാദമിക്ക് കീഴിൽ ആറാട്ടുപുഴയിൽ ആരംഭിച്ച ഓഫ് ക്യാമ്പസ് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
ആറാട്ടുപുഴ | ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം പുതിയ തലമുറക്ക് പകർന്നു നൽകണമെന്നും അതിലൂടെ മാത്രമേ യഥാർത്ഥ മനുഷ്യനെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളുവെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. ആലപ്പുഴ ആറാട്ടുപുഴയിൽ മലപ്പുറം സ്വലാത്ത് നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഅദിൻ അക്കാദമിയുടെ ഓഫ് ക്യാമ്പസ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ പദ്ധതി’ ഏറെ പ്രശംസനീയമാണെന്നും ലഹരിമുക്ത കേരളമെന്ന ലക്ഷ്യം പൂവണിയാൻ മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈക്കോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറാട്ടുപുഴ മുസ് ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ പ്രാർഥന നടത്തി.

എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ കോളേജ് ഓഫ് ഇസ്ലാമിക് ദഅവ , ഫോറിൻ ലാംഗ്വേജ് സെൻ്റർ, വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, നാട്ടു ദറസ് എന്നിവയാണ് പ്രഥമ ഘട്ടത്തിൽ ആരംഭിക്കുന്നത്. പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ഉദ്ഘാടനവും ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിച്ചു.
പരിപാടിയിൽ സമസ്‌ത മലപ്പുറം ജില്ലാ സെക്രട്ടറിയും മഅദിൻ ദഅവാ കോളേജ് പ്രിൻസിപ്പലുമായ പി ഇബ്രാഹീം ബാഖവി, ഹാശിമിയ്യ ജനറൽ സെക്രട്ടറി ബാദുഷ സഖാഫി ആലപ്പുഴ, യൂനുസ് മാസ്റ്റർ, ജനാബ് അബ്‌ദുറഷീദ് , അൽ ഇസ്ലാമിയ്യ അറബിക് കോളേജ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ്, മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ബഷീർ സഅദി സംസാരിച്ചു.

