Kerala
12 കാരിയുടെ കൈപ്പത്തി വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ച പ്രതിക്ക് ജീവപര്യന്തം
വേട്ടേറ്റത് മാതാവിനെ വെട്ടുന്നത് തടയുന്നതിനിടയയില്‍
പത്തനംതിട്ട | 12വയുസുള്ള പെണ്‍കുട്ടിയുടെ കൈപ്പത്തി വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് പറങ്കാം തോട്ടത്തില്‍ അനിയന്‍ കുഞ്ഞെന്ന ഗീവര്‍ഗീസ് തോമസ് (42) നെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പട്ടികജാതിപട്ടികവര്ഗവിഭാഗങ്ങള്ക്കെ തിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരുക്കുകള്‍ ഏല്‍പ്പിച്ചതിന് 5 വര്‍ഷം കഠിന തടവും 50,000 രൂപയും, വീട്ടില്‍ അതിക്രമിച്ചുകടന്നതിനു 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കാനും ഒടുക്കിയില്ലെങ്കില്‍ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാനും വിധിയില്‍ പറയുന്നു.
2016 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന പ്രതിയെപ്പറ്റി കൂടല്‍ പോലീസില്‍ വിളിച്ചറിയിക്കുമെന്ന് പറഞ്ഞ അയല്‍വാസി മേടക്കര വീട്ടില്‍ പ്രിയാദിലീപിനെയാണ് വെട്ടുകത്തിയുമായി ആക്രമിച്ചത്. ഈസമയം വീട്ടില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന 12 കാരിയായ മകള്‍ കൈകള്‍ കൊണ്ട് തടഞ്ഞു. കൈകള്‍ക്ക് വെട്ടേറ്റു. ഇടതുകൈപ്പത്തിക്ക് താഴെ റിസ്റ്റിന്റെ ഭാഗത്ത് പ്രധാന ഞരമ്പ് മുറിഞ്ഞു മാറി. അതിന് താഴെയുള്ള അസ്ഥിക്ക് മുറിവും സംഭവിച്ചു. വലത് കൈവെള്ളഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. കൂടാതെ, പ്രിയയും കുടുംബവും വീട് വിറ്റ് പോകാത്തതിലുള്ള മുന്‍വിരോധവും ആക്രണകാരണമായി.
കൂടല്‍ അഡിഷണല്‍ എസ് ഐ ആയിരുന്ന വി ടി രാജു മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ അടൂര്‍ ഡി വൈ എസ് പി റഫീഖ് ആയിരുന്നു. പ്രോസിക്യൂട്ടര്‍മാരായ അഡ്വ . ടി ഹരികൃഷ്ണന്‍, അഡ്വ ഹരി ശങ്കര്‍ പ്രസാദ് എന്നിവര്‍ കോടതിയില്‍ ഹാജരായായി. എ എസ് ഐ ആന്‍സി കോടതിനടപടികളില്‍ പങ്കാളിയായി.
—







