From the print
ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; മദ്യത്തിന്റെ നികുതി ഇളവിൽ പിന്നോട്ടില്ല
അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നീക്കം
തിരുവനന്തപുരം | വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി സർക്കാർ മുന്നോട്ട്. ഇതു സംബന്ധിച്ച ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ബജറ്റിൽ അവതരിപ്പിക്കുകയും പിന്നീട് വിമർശങ്ങൾക്ക് കാരണമാകുകയും ചെയ്ത നികുതിഘടന ധനബില്ലിലും പിൻവലിച്ചിട്ടില്ല. ജൂലൈ ഒന്നിന് ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. ബില്ല് പാസ്സായാലും വിൽപ്പനക്ക് ഉടൻ അനുമതി നൽകില്ലെന്നാണ് സർക്കാറിന്റെ അവകാശവാദം. വിഷയത്തിൽ യു ഡി എഫിൽ പിന്നീട് ചർച്ചകൾ നടക്കുമെന്നാണ് സൂചന. പാർട്ടി, മുന്നണി യോഗങ്ങളിൽ കൃത്യമായ വിശദീകരണം നൽകി ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ നീക്കം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്‌സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
അതേസമയം, ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് ഉൾപ്പെടെയുള്ള കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമേ പ്രായോഗികതലത്തിൽ ഇതിന് അനുമതി നൽകൂവെന്നാണ് സൂചന. പുറത്തിറങ്ങിയ ധനബില്ലിലെ നിർദേശങ്ങൾ പ്രകാരം കേരള ജനറൽ സെയിൽസ് ടാക്‌സ് ആക്ടിലാണ് ഭേദഗതി വരുത്തിയത്. വീര്യം കുറഞ്ഞ പാനീയങ്ങളിലെ ആൽക്കഹോളിന്റെ അളവ് അനുസരിച്ച് രണ്ട് തട്ടുകളായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 0.5 ശതമാനം മുതൽ പത്ത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് 120 ശതമാനം നികുതിയും പത്ത് ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് 175 ശതമാനം നികുതിയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സ്വന്തം മുന്നണിയിൽ നിന്നും പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്ന് പോലും വി ഡി സതീശന് ഇക്കാര്യത്തിൽ കടുത്ത വിമർശങ്ങളാണ് നേരിടേണ്ടിവന്നത്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും വി എം സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിമർശത്തിൽ ഉറച്ചുനിൽക്കുന്നതിനിടയിലാണ് വി ഡി സതീശന്റെ ഈ നീക്കം.
ബജറ്റ് നിയമസഭ പാസ്സാക്കിയാൽ ബജറ്റിലെ അധിക നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരണമെങ്കിൽ ധനബില്ല് കൂടി പാസ്സാക്കേണ്ടതുണ്ട്. ഇത് പാസ്സാകുമ്പോഴാണ് പുതുക്കിയ നികുതി നടപ്പാക്കാനാകുക. സാധാരണഗതിയിൽ ബജറ്റ് പാസ്സാക്കുമ്പോൾ ധനബില്ല് പാസ്സാക്കുന്നതിനൊപ്പം തന്നെ സബ്ജക്റ്റ് കമ്മിറ്റിയിൽ കൂടി ഇത് പരിഗണിക്കണമെന്നുണ്ട്. പുതുക്കിയ ബജറ്റാണ് ഇത്തവണത്തേത് എന്നതിനാൽ തന്നെ ധനബില്ല് മാത്രമേ പാസ്സാക്കുന്നുള്ളൂ. സബ്ജക്റ്റ് കമ്മിറ്റിക്ക് പോകേണ്ടതില്ലെന്ന ഭേദഗതി കൂടി കഴിഞ്ഞ ദിവസം നിയമസഭ അംഗീകരിച്ച സാഹചര്യത്തിൽ ധനബില്ല് പാസ്സാക്കുമ്പോൾ നികുതി പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കും.
മദ്യത്തിന്റെ നികുതിക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിലും ബില്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വിലയുടെ മൂന്ന് ശതമാനവും 40 ലക്ഷത്തിന് മുകളിലുള്ളവക്ക് 15 ശതമാനവും നികുതി ഈടാക്കും. കൂടാതെ ജി എസ് ടിക്ക് മുമ്പുള്ള കാലഘട്ടത്തിലെ നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി “ചെറുകിട കുടിശ്ശിക ഒഴിവാക്കൽ പദ്ധതി- 2026′, “പ്രളയ സെസ് കുടിശ്ശിക തീർപ്പാക്കൽ പദ്ധതി’ എന്നിവയും ധനബില്ലിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: The Kerala government has published the draft of the Finance Bill retaining the controversial tax concessions for low-alcohol beverages. The bill is scheduled to be introduced in the legislative assembly on July first. Chief Minister V D Satheesan is attempting to pacify opposing leaders within the UDF alliance.







