Connect with us

National

കെജരിവാളിന്റെ ഇ ഡി കസ്റ്റഡി തുടരുന്നു; കവിതക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

ഇഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി |  മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി കെജരിവാളിനെയും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ ബി ആര്‍ എസ് നേതാവ് കെ കവിതക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.

ഇഡി കസ്റ്റഡിയില്‍ വിട്ട റൂസ് അവന്യൂ കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അടിയന്തരമായി പരിഗണിക്കണമെന്ന കെജരിവാളിന്റെ ആവശ്യം അംഗീകരിച്ചില്ല. ഹോളിക്ക് ശേഷം ബുധനാഴ്ച മാത്രമേ ഹൈക്കോടതി ഹരജി പരിഗണിക്കൂ. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്ന പ്രചരണം ശക്തമാക്കാനാണ് നീക്കം.
ഇഡി കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ബിജെപി ആവര്‍ത്തിച്ചു. അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലില്‍ നിന്ന് സര്‍ക്കാരിനെ ചലിപ്പിക്കാനാവില്ലെന്നും ബിജെപി വ്യക്തമാക്കി. എന്നാല്‍ കെജരിവാള്‍ ജയിലില്‍ നിന്ന് തന്നെ ഡല്‍ഹി ഭരിക്കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി

 

Latest