Connect with us

National

ഹരിയാനയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജെജെപി

ജെജെപി ഗവര്‍ണര്‍ക്ക് കത്തു നല്‍കി

Published

|

Last Updated

ചണ്ഡീഗഢ് | മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ നയാബ് സിംഗ്  സൈനി സര്‍ക്കാര്‍  ഉടന്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ജെജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജനനായക് ജനതാപാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ക്ക് കത്തു നല്‍കി.

സഭയില്‍ വിശ്വാസ വോട്ടു തേടാന്‍ മുഖ്യമന്ത്രി നായബ് സിംഗ് സൈനിയോട് ആവശ്യപ്പെടണമെന്നും അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നും ചൗട്ടാല ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഹരിയാനയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് ഗവര്‍ണറെ കാണാന്‍ സമയം തേടിയിട്ടുണ്ട്.ഭരണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും, തുടര്‍ന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ സഖ്യകക്ഷിയായിരുന്നു ജെ ജെ പി. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ബിജെപി-ജെജെപി സഖ്യം തകര്‍ന്നത്. ഇതിനു പിന്നാലെ മനോഹര്‍ലാല്‍ ഖട്ടറിനെ മാറ്റി നായബ് സിങ് സൈനിയെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു.ബിജെപി ഒഴികെ മറ്റേത് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചാലും ജെജെപി പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

കോണ്‍ഗ്രസിനെ പന്തുണക്കുമെന്ന് ജെ ജെ പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുഷ്യന്ത് ചൗട്ടാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി യെ താഴെ ഇറക്കണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കേണ്ട സമയമാണിതെന്നും ചൗട്ടാല പറഞ്ഞു.പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ 88 അംഗങ്ങളുള്ള ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 30, ജെജെപിക്ക് 10 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. ഐഎന്‍എല്‍ഡി, എച്ച്എല്‍പി പാര്‍ട്ടികള്‍ക്ക് ഓരോ അംഗങ്ങളും ആറു സ്വതന്ത്രരുമാണുള്ളത്.

 

Latest