Connect with us

Kerala

ഇന്ധന വില വര്‍ധന; സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് പ്രശ്നമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാന്‍: ബാലഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം | ഇന്ധന വില കേന്ദ്രം ദിനംപ്രതി വര്‍ധിപ്പിക്കുമ്പോഴും സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് പ്രശ്നം എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പല സംസ്ഥാനങ്ങളും നികുതി ഉയര്‍ത്തിയപ്പോള്‍ കേരളം അങ്ങനെ ചെയ്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു ഡി എഫ്, നികുതി കുറച്ചുണ്ടായ നഷ്ടം പിന്നീട് വര്‍ധിപ്പിച്ച് തിരിച്ചുപിടിക്കുകയാണ് ചെയ്തത്. യു ഡി എഫിന്റെ കാലത്ത് 94 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചതെന്നും 13 തവണ നികുതി കൂട്ടിയത് മറക്കരുതെന്നും ബാലഗോപാല്‍ ഓര്‍മിപ്പിച്ചു. ഇടത് മുന്നണിയുടെ കാലത്ത് 15 ശതമാനം മാത്രമാണ് നികുതി. എല്‍ ഡി എഫ് സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന് മാത്രമല്ല, മറിച്ച് മുമ്പത്തെക്കാള്‍ കുറയ്ക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.

കൊവിഡ് കാലത്ത് യു പി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചപ്പോഴൊന്നും കേരളം വര്‍ധിപ്പിച്ചില്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ നികുതി കൂടുതലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാള്‍ വളരെ കൂടുതലാണ് പെട്രോള്‍ വില. പെട്രോളിന് 251 ശതമാനവും ഡീസലിന് 14 മടങ്ങുമാണ് ബി ജെ പി നികുതി വര്‍ധിപ്പിച്ചത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി അറിയിച്ചു.