Connect with us

bank fraud

കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലും തട്ടിപ്പ്; ഒമ്പതു ലക്ഷം രൂപ അടയ്ക്കാന്‍ അംഗനവാടി ടീച്ചര്‍ക്കു നോട്ടീസ്

സെക്രട്ടറിയായിരുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വി ആര്‍ സജിത് നാട്ടില്‍ നിന്ന് മുങ്ങി

Published

|

Last Updated

തൃശ്ശൂര്‍ | കോണ്‍ഗ്രസ് ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘത്തില്‍ തട്ടിപ്പു നടന്നതായി ആരോപണം. ഭരണസമിതി സെക്രട്ടറിയായിരുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വി ആര്‍ സജിത് നാട്ടില്‍ നിന്ന് മുങ്ങിയെന്നും പരാതി ഉയര്‍ന്നു.

സംഘത്തില്‍ നിന്ന് വായ്പ എടുക്കാത്ത അംഗന്‍വാടി അധ്യാപികയായ പ്രമീള സുകുമാരന് ഒന്‍പതു ലക്ഷം രൂപ വായ്പാ കുടിശികയുണ്ടെന്നു നോട്ടീസ് കിട്ടിയതോടെയാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അംഗന്‍വാടിക്ക് ഭൂമി വാങ്ങാന്‍ വായ്പയെടുക്കാനായി വേതന രേഖ പ്രമീള ബാങ്കില്‍ നല്‍കിയിരുന്നു. വായ്പ കിട്ടില്ലെന്ന് സജിത് അറിയിച്ചെങ്കിലും രേഖ തിരിച്ചുകൊടുത്തില്ല. ഈ രേഖ ഉപയോഗിച്ച് വലിയ തുക സഹകരണ സംഘത്തില്‍ നിന്ന് സജിത് വായ്പയെടുത്തു തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.

ബാങ്കില്‍ ഈട് വച്ച 73 ഗ്രാം പണയ സ്വര്‍ണം മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലേക്ക് സജിത് മാറ്റിവച്ചതായും കണ്ടെത്തി. സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ പരാതി പ്രകാരം സജിത്തിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. മുങ്ങിയ സജിതിനെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തട്ടിപ്പ് അറിഞ്ഞ ഉടനെ തന്നെ സജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തട്ടിപ്പിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രമീള അറിയിച്ചു.

Latest