Ongoing News
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘമെത്തി; സ്വീകരിച്ച് ഐ സി എഫ് - ആര്‍ എസ് സി വളണ്ടിയര്‍ കോര്‍
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട 289 തീര്‍ഥാടകരാണ് മദീനയിലെത്തിയത്.

ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ ഹാജിമാരെ സ്വീകരിക്കുന്നു.
മദീന | ഹജ്ജ് തീര്‍ഥാടനത്തിനായി മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ ഊഷ്മളമായി സ്വീകരിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട 289 തീര്‍ഥാടകരാണ് മദീനയിലെത്തിയത്. സഊദി മന്ത്രിതല സംഘവും ഇന്ത്യന്‍ ഹജ്ജ് മിഷനും ഔദ്യോഗികമായി തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. ഇന്ന് മൂന്ന് വിമാനത്തിലായി 1,020 ഹാജിമാര്‍ മദീനയില്‍ എത്തും.
മധുരം വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയുമാണ് വളണ്ടിയര്‍ സംഘം ഹാജിമാരെ സ്വീകരിച്ചത്. ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ച് തുടങ്ങിയ ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനം അവസാന ഹാജിയും പുണ്യഭൂമികളില്‍ നിന്നും പോവുന്നത് വരെ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
മക്ക, മദീന പുണ്യഭൂമികളിലും ജിദ്ദ വിമാനത്താവളത്തിലും ഹാജിമാരെ സ്വീകരിക്കാനും സഹായങ്ങള്‍ ചെയ്യാനും ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേന്ദ്രീകൃത സ്വഭാവത്തില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്ക്, മെഡിക്കല്‍ വിങ്, വീല്‍ ചെയര്‍ സര്‍വീസുകള്‍, കര്‍മപരമായ സംശയങ്ങള്‍ തീര്‍ക്കാനുള്ള ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സംവിധാനങ്ങള്‍, ലബ്ബൈക്ക് ഹജ്ജ് നാവിഗേറ്റര്‍, വളണ്ടിയര്‍മാരുമായി ഹാജിമാരുടെ ബന്ധുക്കള്‍ക്ക് സംവദിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങി വിപുലമായ സേവന സൗകര്യങ്ങളാണ് ഐ സി എഫ് – ആര്‍ എസ് സി സഊദി നാഷനല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുള്ളത്.