Connect with us

Editorial

കള്ളക്കേസ്, റെയ്ഡ്: ‘നാടകം’ തുടരുന്നു

രാഷ്ട്രീയ പ്രതിയോഗികളെ മോശക്കാരായി കാണിക്കാനും തിരഞ്ഞെടുപ്പ് ആയുധമായും റെയ്ഡ് നാടകങ്ങള്‍ അരങ്ങേറുന്നു രാജ്യത്ത് നിരന്തരം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ പഞ്ചാബില്‍ വ്യാപക റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Published

|

Last Updated

ഒരു രാഷ്ട്രീയ ആയുധമാണ് ഭരണ കക്ഷികള്‍ക്ക് അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള റെയ്ഡുകള്‍. രാഷ്ട്രീയ പ്രതിയോഗികളെ മോശക്കാരായി കാണിക്കാനും തിരഞ്ഞെടുപ്പ് ആയുധമായും റെയ്ഡ് നാടകങ്ങള്‍ അരങ്ങേറുന്നു രാജ്യത്ത് നിരന്തരം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ പഞ്ചാബില്‍ വ്യാപക റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ അനന്തരവന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയുടെ മൊഹാലിയിലെ വസതിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പത്തിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു കഴിഞ്ഞ ദിവസം. കള്ളപ്പണം വെളുപ്പിക്കല്‍, മണല്‍ മാഫിയ ബന്ധം എന്നീ അന്വേഷണങ്ങളുടെ ഭാഗമായാണ് റെയ്ഡെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. അനധികൃത മണല്‍ ഖനനം അടുത്ത മാസം 20ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ് പഞ്ചാബില്‍. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കളെ തേജോവധം ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ പ്രതികരണം.

പശ്ചിമ ബംഗാളിലും നടന്നിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ റെയ്ഡും അന്വേഷണവുമെല്ലാം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി, ഭാര്യ രുജിറ നരുല, അഭിഷേക് ബാനര്‍ജിയുടെ സുഹൃത്തും തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായിരുന്ന വിനയ് മിശ്ര തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു അന്ന് സി ബി ഐ റെയ്ഡ്. കല്‍ക്കരി കള്ളക്കടത്താണ് അഭിഷേകിനും ഭാര്യക്കുമെതിരെ ചുമത്തപ്പെട്ട കുറ്റം. ബംഗാള്‍ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലിക്കടത്ത് നടത്തിയ കേസിലാണ് വിനയ് മിശ്രയുടെ രണ്ട് ഓഫീസുകളില്‍ സി ബി ഐ റെയ്ഡ് നടത്തിയത്. ഇക്കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നേ കേരളത്തിലേക്ക് കേന്ദ്ര ഏജന്‍സികളുടെ ഒഴുക്കായിരുന്നു. നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്തു കേസ് ഉപയോഗപ്പെടുത്തിയായിരുന്നു ഇത്.

രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത നേരത്തേയുള്ളതാണെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത് വന്‍തോതില്‍ കൂടിയതായി കണക്കുകള്‍ നിരത്തി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു അടുത്തിടെ. യു പി എയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ 85 കേസുകളാണ് പ്രതിപക്ഷത്തിനും രാഷ്ട്രീയ വിമര്‍ശകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. വര്‍ഷത്തില്‍ 17 കേസ് എന്ന നിലയില്‍. ബി ജെ പി അധികാരത്തിലെത്തിയതോടെ വര്‍ഷത്തില്‍ 75 കേസുകള്‍ എന്ന നിലയിലേക്ക് ഇത് ഉയര്‍ന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 570 കേസുകളാണ് സി ബി ഐ, ഇ ഡി, ആദായ നികുതി വകുപ്പ്, ഡല്‍ഹിയിലെയും കശ്മീരിലെയും പോലീസ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചുമത്തിയത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, വിമര്‍ശകര്‍, സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം ദേശീയ ഏജന്‍സികളുടെ വേട്ടക്കിരയായി.

രാഷ്ട്രീയ പ്രതിയോഗികളായ 257 നേതാക്കള്‍ക്കെതിരെയും ഇവരുമായി ബന്ധമുള്ള 140 പേര്‍ക്കെതിരെയുമാണ് ദേശീയ ഏജന്‍സികള്‍ കേസെടുത്തത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയാണ് കൂടുതല്‍ കേസുകള്‍. രാഹുല്‍ഗാന്ധി, പി ചിദംബരം, കര്‍ണാടക കോണ്‍ഗ്രസ്സ് നേതാവ് ശിവകുമാര്‍ തുടങ്ങി 75 പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ 36ഉം എ എ പി നേതാക്കള്‍ക്കെതിരെ 18ഉം കേസുകള്‍ ചുമത്തി. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ, ബി ജെ പി സര്‍ക്കാറുകളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും നിരവധി കേസുകളുണ്ട്. 121 ബി ജെ പി വിമര്‍ശകരാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുള്ളത്. തപ്‌സി പന്നു, അനുരാഗ് കശ്യപ് തുടങ്ങി സിനിമാ രംഗത്തുള്ളവര്‍ മുതല്‍ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവസ വരെ ഇതിലുള്‍പ്പെടും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കും അമിത് ഷാക്കും ശുദ്ധിപത്രം നല്‍കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതാണ് അശോക് ലവസ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയാകാന്‍ കാരണം. യു പിയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് വിശദമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഭാരത് സമാചാര്‍ ഉള്‍പ്പെടെ ബി ജെ പി സര്‍ക്കാറുകളുടെ വിമര്‍ശകരായ 29 മാധ്യമ സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളുടെ റെയ്ഡിനു വിധേയമായി.

സാമ്പത്തിക ക്രമക്കേടുകളും മറ്റു കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടാല്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഇടപെടേണ്ടതാവശ്യമാണ്. അതുപക്ഷേ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം. പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ഉടനെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ദേശീയ ഏജന്‍സികള്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണം ഉയരുമ്പോള്‍ ഉറക്കം നടിക്കരുത്. ഇന്നിപ്പോള്‍ സംഭവിക്കുന്നത് അതാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാനും വോട്ട് വിലക്കു വാങ്ങാനും കേന്ദ്ര ഭരണപാര്‍ട്ടി പണമൊഴുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ കാഴ്ചക്കാരാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ്, ബി ജെ പിയിലേക്ക് കൂറുമാറിയാല്‍ അദ്ദേഹത്തിനെതിരായ കേസ് അതോടെ അവസാനിക്കുന്നു. ബി ജെ പിയിലായാല്‍ തനിക്ക് ഒരു അന്വേഷണത്തെയും ഭയക്കേണ്ടതില്ലെന്ന് ഒരു ബി ജെ പി നേതാവ് പരസ്യമായി തന്നെ പ്രസ്താവിക്കുകയുണ്ടായി. സുപ്രീം കോടതി പലവതണ കേന്ദ്രത്തെ വിമര്‍ശിച്ചതാണ് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ. അത് കേള്‍ക്കാത്ത ഭാവത്തില്‍ പിന്നെയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ജനാധിപത്യത്തെ നോക്കുകുത്തിയാക്കി രാഷ്ട്രീയ വിരോധികളെ കള്ളക്കേസില്‍ കുടുക്കുന്ന പ്രവണതയും റെയ്ഡ് നാടകവും.