Connect with us

fact check

FACT CHECK: രാജസ്ഥാനില്‍ പൂജാരിയെ മുസ്ലിംകള്‍ ആക്രമിച്ചുവോ? വീഡിയോയുടെ സത്യമറിയാം

പ്രതികളായ അനില്‍ ചൗഹാനും മുകേഷ് ചൗഹാനും അഭിഭാഷകനുമായി ദീര്‍ഘകാലമായി തര്‍ക്കത്തിലായിരുന്നു.

Published

|

Last Updated

ട്ടാപ്പകല്‍ ജനക്കൂട്ട മധ്യത്തില്‍ ആയുധമുപയോഗിച്ച് ഒരാളെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനില്‍ ഹിന്ദു പൂജാരിയെ മുസ്ലിംകള്‍ ആക്രമിക്കുന്നു എന്ന തരത്തിലും ഇത് പ്രചരിപ്പിക്കുന്നു. ഇതിന്റെ വസ്തുതയറിയാം:

പ്രചാരണം : ഹിന്ദുക്കള്‍ക്കുള്ള രാജസ്ഥാന്‍ സര്‍ക്കാറിന്റെ സമ്മാനമാണിത്. മുസ്ലിം മതമൗലികവാദികള്‍ മഹാദേവ് ക്ഷേത്രം ആക്രമിക്കുന്നു. മതഭ്രാന്തന്മാര്‍ ക്ഷേത്ര പൂജാരിമാരെയും അവരുടെ കുടുംബങ്ങളെയും ആക്രമിക്കുന്നു. പൂജാരിയും കുടുംബവും മഹാശിവരാത്രിക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. രാജസ്ഥാനിലെ ഡുഡുവിലെ സേലേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലാണ് സംഭവം (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം).

 

വസ്തുത : രാജസ്ഥാനിലെ ജോധ്പൂരില്‍ ജുഗ്രാജ് ചൗഹാന്‍ എന്ന അഭിഭാഷകനെ രണ്ട് പേര്‍ ആക്രമിച്ചുകൊല്ലുന്ന വീഡിയോയാണ് വര്‍ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നത്. ഈ കേസിലെ പ്രതികളെല്ലാം ജുഗ്രാജിന്റെ സമുദായത്തില്‍ പെട്ടവരാണ്. ഫെബ്രുവരി 18നാണ് ഈ സംഭവമുണ്ടായതെന്നും ഹിന്ദി പത്രമായ ദൈനിക് ഭാസകറിൻ്റെ ഫെബ്രുവരി 19ലെ റിപ്പോർട്ടിലുണ്ട്. രണ്ട് പേര്‍ കത്തികൊണ്ട് ആക്രമിക്കുകയും അഭിഭാഷകന്റെ തലയില്‍ കല്ല് കൊണ്ട് ഇടിക്കുകയുമായിരുന്നു. ജോധ്പൂരിലെ ഭദ്വാസിയ പ്രദേശത്താണ് അഭിഭാഷകന്‍ താമസിക്കുന്നത്. പ്രതികളായ അനില്‍ ചൗഹാനും മുകേഷ് ചൗഹാനും അഭിഭാഷകനുമായി ദീര്‍ഘകാലമായി തര്‍ക്കത്തിലായിരുന്നു. ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

ഈ വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത ഒരു ഉപയോക്താവിന്റെ അക്കൗണ്ടില്‍ ജോധ്പൂര്‍ ഈസ്റ്റ് ഡി സി പി റിപ്ലൈ ചെയ്തിട്ടുണ്ട്. മാതാ കാ താന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ സംഭവം നടന്നതെന്നും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും ഡി സി പിയുടെ റിപ്ലൈയില്‍ പറയുന്നു. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപതാകത്തിന് കാരണമെന്നും റിപ്ലൈയിലുണ്ട്. പ്രതികള്‍ അഭിഭാഷകന്റെ അകന്ന കുടുംബവുമാണ്.

അഭിഭാഷകന്റെ കൊലപാതകത്തെ തുടര്‍ന്ന് ജോധ്പൂര്‍ നഗരത്തില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു. അഭിഭാഷകരെ സംരക്ഷിക്കുന്ന നിയമം വേണമെന്നും ജുഗ്രാജ് ചൗഹാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അഭിഭാഷകര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചുരുക്കത്തില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചാത്തലം മാറ്റി പ്രചരിപ്പിക്കുകയാണ് വീഡിയോയെന്ന് മനസ്സിലാക്കാം.